വെഞ്ഞാറമൂട് കൂട്ടക്കൊല; പ്രതി അഫാന്റെ പിതാവ് കേരളത്തിലെത്തി

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാന്റെ പിതാവ് അബ്ദുൾ റഹീം നാട്ടിലെത്തി. ഏഴ് വർഷത്തിന് ശേഷമാണ് ഇദ്ദേഹം നാട്ടിലേക്ക് വരുന്നത്. സൗദിയിലെ ദമ്മാമിൽ നിന്ന് തിരിച്ച അദ്ദേഹം എയർ ഇന്ത്യ എക്സ്പ്രസിൽ രാവിലെ എട്ട് മണിയോടെയാണ് തിരുവനന്തപുരത്തെത്തിയത്. സാമ്പത്തിക പ്രതിസന്ധിയും താമസ രേഖയില്ലാത്തതും റഹീമിന്റെ യാത്ര പ്രതിസന്ധിയിലാക്കിയിരുന്നു. സാമൂഹ്യ പ്രവർത്തകന്റെ ഇടപെടലിലൂടെയാണ് നാട്ടിലെത്താൻ സാധിച്ചത്.

ഏഴ് വർഷത്തിന് ശേഷം നാട്ടിലേക്കെത്തുമ്പോൾ പ്രിയപ്പെട്ടവരൊന്നും വീട്ടിലില്ല. ഉമ്മയെയും മകനെയും സ്വന്തം സഹോദരനെയും ഭാര്യയെയും മൂത്ത മകൻ കൊല്ലപ്പെടുത്തി. ഭാര്യ മകന്റെ ക്രൂരതക്കിരയായി ആശുപത്രിയിലും. തണലാകേണ്ട മൂത്ത മകൻ കൊലപാതകത്തിന് പൊലീസ് കസ്റ്റഡിയിലാണ്. അടക്കാനാവാത്ത ദുഃഖത്തിലാണ് അബ്ദുൾ റഹീം.

റിയാദിലെ കട നഷ്ടം വന്ന് പൂട്ടേണ്ടിവന്നതോടെ അബ്ദുൾ റഹീമിന് വലിയ സാമ്പത്തിക ബാദ്ധ്യത വന്നിരുന്നു. രണ്ടര വർഷമായി ഇഖാമയും പുതുക്കാൻ കഴിഞ്ഞില്ല. സാമൂഹ്യ പ്രവർത്തകൻ നാസ് വക്കമാണ് ഇപ്പോൾ അബ്ദുൾ റഹീമിന്റെ രക്ഷയ്‌ക്കെത്തിയത്. പൊലീസ് കേസില്ലെന്ന് പാസ്പോർട്ട് വിഭാഗത്തിൽ നിന്നും സ്ഥിരീകരിച്ചതോടെ നാട്ടിലേക്കുള്ള വഴിയൊരുക്കിയതും ഇദ്ദേഹമാണ്.


Source link
Exit mobile version