സമ്പദ്‌വ്യവസ്ഥ മുന്നേറ്റ പാതയിൽ; ഉടൻ അറിയാം ഇന്ത്യയുടെ ജിഡിപി വളർച്ചാക്കണക്ക്

കൊച്ചി∙ സമ്പദ്‌വ്യവസ്ഥ മുന്നേറ്റത്തിന്റെ പാതയിലേക്കു പ്രവേശിച്ചതായി സാമ്പത്തിക വിദഗ്ധരുടെയും വിവിധ ഏജൻസികളുടെയും അനുമാനം. സാമ്പത്തിക വളർച്ച സംബന്ധിച്ച കണക്ക് നാഷനൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസ് ഇന്നു പുറത്തു വിടാനിരിക്കെ ഇക്കഴിഞ്ഞ ഒക്ടോബർ – ഡിസംബർ കാലയളവിൽ ആഭ്യന്തര മൊത്ത ഉൽപാദനം (ജിഡിപി) 6.3 ശതമാനത്തിലേക്ക് ഉയർന്നിട്ടുണ്ടാകും എന്നാണു പൊതുവായ നിരീക്ഷണം. തൊട്ടു മുൻപത്തെ ത്രൈമാസത്തിൽ 5.4% മാത്രമായിരുന്നു ജിഡിപി വളർച്ച. 21 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കായിരുന്നു ഇത്.ഒക്ടോബർ – ഡിസംബർ കാലയളവിൽ സർക്കാരിന്റെ മൂലധനച്ചെലവ്, കയറ്റുമതി, പ്രധാന ഖാരിഫ് വിളകൾ, ഉത്സവകാല ഡിമാൻഡ്, ജിഎസ്ടി വരുമാനം, പണമിടപാടുകളുടെ അളവ്, പൊതു ഗതാഗതം, ഇന്ധന വിൽപന, വൈദ്യുതി ഉപയോഗം തുടങ്ങിയവയിലെല്ലാം അനുഭവപ്പെട്ട വർധനയാണു കൂടിയ തോതിലുള്ള ജിഡിപി അനുമാനത്തിന് അടിസ്‌ഥാനം. സർക്കാരിന്റെ മൂലധനച്ചെലവ് 2.74ലക്ഷം കോടി രൂപയിലേക്കാണ് ഉയർന്നത്. മുൻകാല ത്രൈമാസ ശരാശരിയെക്കാൾ 30% കൂടുതലാണിത്.
Source link