പിസി ജോർജിന് ആശ്വാസം; വിദ്വേഷ പരാമർശ കേസിൽ ജാമ്യം അനുവദിച്ച് കോടതി

കോട്ടയം: ചാനൽ ചർച്ചയിലെ വിദ്വേഷ പരാമർശ കേസിൽ മുൻ എംഎൽഎ പിസി ജോർജിന് ജാമ്യം. ഈരാറ്റുപേട്ട മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ജനുവരി അഞ്ചിനാണ് ചാനൽ ചർച്ചയ്ക്കിടെ പിസി ജോർജ് മുസ്ലീം വിരുദ്ധ പരാമർശം നടത്തിയത്. യൂത്ത് ലീഗ് ഈരാറ്റപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കോട്ടയം സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയും പിസി ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു.
അറസ്റ്റിന് പിന്നാലെ റിമാൻഡിലായ പിസി ജോർജിനെ അനാരോഗ്യം കാരണം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. നിലവിൽ കാർഡിയോളജി വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ് പിസി ജോർജ്. ജാമ്യാപേക്ഷ പരിഗണിച്ച ദിവസം പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും ഭാഗത്ത് നിന്ന് ശക്തമായ വാദപ്രതിവാദങ്ങൾ നടന്നിരുന്നു.
തെളിവുശേഖരണം അടക്കം ഒന്നും തന്നെയില്ല. അതുകൊണ്ട് ജാമ്യം അനുവദിക്കണമെന്നാണ് പ്രതിഭാഗം ആവശ്യപ്പെട്ടത്. എന്നാൽ ജാമ്യം നൽകുന്നതിന് പ്രോസിക്യൂഷൻ ശക്തമായി എതിർത്തു. പ്രതിയുടെ ഭാഗത്ത് നിന്ന് ഇത്തരം വിദ്വേഷ പരാമർശങ്ങൾ പലപ്പോഴായി ഉണ്ടായിട്ടുണ്ട്. അന്ന് എടുത്ത കേസുകളിലെ ജാമ്യ വ്യവസ്ഥ ലംഘനമാണ് ഇതെന്ന് പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ ആരോഗ്യ സംബന്ധമായ രേഖകൾ കോടതിയിൽ സമർപ്പിച്ചത് പരിഗണിച്ചാണ് ഇപ്പോൾ ജാമ്യം അനുവദിച്ചിരിക്കുന്നത്.
Source link