INDIALATEST NEWS

കസ്റ്റംസ് ഉദ്യോഗസ്ഥർ പൊലീസുകാരല്ല: സുപ്രീം കോടതി


ന്യൂഡൽഹി ∙ അറസ്റ്റിൽ ക്രിമിനൽ നടപടിച്ചട്ടം പ്രതികൾക്കു നൽകുന്ന അവകാശങ്ങൾ കസ്റ്റംസ്, ജിഎസ്ടി നിയമങ്ങൾക്കും ബാധകമാകുമെന്നു സുപ്രീം കോടതി വ്യക്തമാക്കി. കസ്റ്റംസ് ഓഫിസർമാരെ പൊലീസുകാരായി പരിഗണിക്കാനാകില്ലെന്നും ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ മൂന്നംഗ ബെഞ്ച് പറഞ്ഞു. ജിഎസ്ടി, കസ്റ്റംസ് നിയമങ്ങളിൽ ഉദ്യോഗസ്ഥർക്കുള്ള അറസ്റ്റ് അധികാരവുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിശോധിച്ചുള്ള വിധിയിലാണു പരാമർശം.ന്യായമായ കാരണങ്ങളുടെ അടിസ്ഥാനത്തിൽ വേണം കള്ളപ്പണം വെളുപ്പിക്കൽ നിയമ (പിഎംഎൽഎ) പ്രകാരം അറസ്റ്റെന്ന് അരവിന്ദ് കേജ്‌രിവാളിന്റെ മദ്യനയക്കേസിൽ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ഇക്കാര്യം ജിഎസ്ടി, കസ്റ്റംസ് നിയമങ്ങളുമായി ബന്ധപ്പെട്ട കേസിലും ബാധകമാകും. പിഎംഎൽഎയിൽ അറസ്റ്റുമായി ബന്ധപ്പെട്ട 19(1) വകുപ്പും കസ്റ്റംസ് നിയമത്തിലെ 104–ാം വകുപ്പും പ്രത്യക്ഷത്തിൽ ഒന്നാണ്. ജിഎസ്ടിയിലും സമാനമായി അറസ്റ്റിനു വ്യവസ്ഥയുണ്ട്.മുൻകാല വിധികളിൽ വ്യക്തമാക്കിയിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ പൊലീസ് ഉദ്യോഗസ്ഥരാണെന്ന വാദം ബെഞ്ച് തള്ളിയത്. അപ്പോഴും അന്വേഷണം, ചോദ്യം ചെയ്യൽ, അറസ്റ്റ്, കണ്ടുകെട്ടൽ തുടങ്ങിയവയുമായി ബന്ധപ്പെട്ട് ഒട്ടേറെ അധികാരം ഉദ്യോഗസ്ഥർക്ക് കസ്റ്റംസ് നിയമപ്രകാരമുണ്ടെന്നും വ്യക്തമാക്കി.മുൻകൂർ ജാമ്യവ്യവസ്ഥ ജിഎസ്ടി, കസ്റ്റംസ് നിയമങ്ങൾക്കു ബാധകമാകും. എഫ്ഐആർ ഇടാതെയുള്ള അറസ്റ്റ് ഉൾപ്പെടെ ആശങ്ക ഉണ്ടായാൽ ബന്ധപ്പെട്ട കക്ഷിക്ക് കോടതിയെ സമീപിക്കാം. അന്വേഷണ ഘട്ടത്തിൽ അഭിഭാഷകന്റെ സഹായം തേടാം എന്നതുൾപ്പെടെ അവകാശങ്ങൾ കസ്റ്റംസ് കേസിൽ അറസ്റ്റിലാകുന്നവർക്കുമുണ്ട്.


Source link

Related Articles

Back to top button