KERALAM

‘സമരം ചെയ്യുന്നവരെ ഒഴിവാക്കി പുതിയ ആശാ വർക്കർമാരെ നിയമിക്കാനുള്ള സർക്കാർ നീക്കം ബിജെപി ചെറുക്കും’- വി മുരളീധരൻ

തിരുവനന്തപുരം: ആശാ വർക്കർമാരുടെ സമരത്തെക്കുറിച്ച് സിപിഎം നടത്തുന്ന കള്ള പ്രചാരണം അവസാനിപ്പിക്കണമെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ. ജീവിക്കാനുള്ള അവകാശത്തിനായി പോരാടുന്നവരെ ഉപദ്രവിക്കാനും വിരട്ടാനുമാണ് പിണറായി വിജയനും കൂട്ടരും ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.


സമരം ചെയ്യുന്നവരെ ഒഴിവാക്കി പുതിയ ആളുകളെ ആശാ പ്രവർത്തകരായി നിയമിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ തദ്ദേശസ്ഥാപനങ്ങളില്‍ ബിജെപി അംഗങ്ങള്‍ ചെറുക്കുമെന്ന് മുരളീധരന്‍ ഉറപ്പ് നല്‍കി. സമരം നടത്തുന്നത് ഈര്‍ക്കില്‍ പാര്‍ട്ടിയാണെങ്കില്‍ കരീമിന് എന്തിനാണ് ഇത്ര വേവലാതി എന്ന് വി മുരളീധരൻ ചോദിച്ചു. രാജ്യത്ത് സിപിഎമ്മും ഈര്‍ക്കില്‍ പാര്‍ട്ടിയാണ്. കോടീശ്വരനായ കരീമിന് അര്‍ധപട്ടിണിക്കാരായ മനുഷ്യരോട് പുച്ഛം തോന്നുക സ്വാഭാവികമെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ ആരോഗ്യദൗത്യത്തിന് കീഴിൽ 468 കോടി കേന്ദ്രത്തിൽ നിന്ന് കിട്ടാനുണ്ട് എന്ന് എളമരം കരീം പറയുന്നത് പച്ചക്കള്ളമാണ്. നൂറു കോടിയെന്നാണ് വീണ ജോര്‍ജ് പറയുന്നത്. സംസ്ഥാന സര്‍ക്കാരിന്‍റെ വീഴ്ചക്ക് കേന്ദ്രത്തെ കുറ്റം പറയാന്‍ ഏത് വ്യാജകണക്കും ഉണ്ടാക്കുമെന്നതിന്‍റെ ഉദാഹരണമാണിത്. തൊഴില്‍ നിയമത്തിൽ മാറ്റം വരുത്തി ആശമാരെ തൊഴിലാളി പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരിന് സാധിക്കുമെന്ന് വി. മുരളീധരന്‍ ചൂണ്ടിക്കാട്ടി.

അതേസമയം, ആശാ വർക്കർമാർക്ക് ജനുവരി മാസത്തെ ഓണറേറിയം കുടിശ്ശിക കൂടി അനുവദിച്ചിരിക്കുകയാണ് സർക്കാർ. ഇതോടെ മൂന്ന് മാസത്തെ കുടിശ്ശികയും സംസ്ഥാന സർക്കാർ തീർത്തു. സെക്രട്ടറിയേറ്റ് പടിക്കൽ ആശാ വർക്കർമാരുടെ സമരം തുടങ്ങി 18-ാം ദിവസമാണ് സർക്കാർ നടപടി. ഇൻസെന്റീവിലെ കുടിശ്ശികയും കൊടുത്തുതീർത്തു. എന്നാൽ ഓണറേറിയം വർദ്ധിപ്പിക്കണമെന്ന ആശാ വർക്കർമാരുടെ പ്രധാന ആവശ്യം ഇതുവരെ അംഗീകരിച്ചില്ല. അതിനാൽ സമരം തുടരുമെന്നും സമരക്കാർ പറഞ്ഞു.


Source link

Related Articles

Back to top button