സമയപരിധി കഴിഞ്ഞു: സിസയ്ക്ക് പെൻഷൻ നൽകാതെ സർക്കാർ

തിരുവനന്തപുരം:സമയ പരിധി കഴിഞ്ഞിട്ടും സാങ്കേതിക സർവകലാശാലാ മുൻ വൈസ്ചാൻസലർ പ്രൊഫ. സിസാതോമസിന് പെൻഷനും ആനുകൂല്യങ്ങളും നൽകാതെ സർക്കാർ. സിസയ്ക്ക് താത്കാലിക പെൻഷനും, പെൻഷൻ ആനുകൂല്യങ്ങളും 25നകം നൽകാനായിരുന്നു സംസ്ഥാന അഡ്‌മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവ്.ട്രൈബ്യൂണൽ മാർച്ച് 10ന് ഹർജി പരിഗണിക്കുമ്പോൾ ഇക്കാര്യം സിസ തോമസ് അറിയിക്കും.
സർക്കാർ സിസയ്ക്ക് അർഹതപ്പെട്ട പെൻഷൻ ആനുകൂല്യങ്ങൾ നൽകുന്നില്ലെന്ന് ‘കേരളകൗമുദി’ റിപ്പോർട്ട് ചെയ്തിരുന്നു. ട്രൈബ്യൂണലിന്റെ ഉത്തരവ് സിസാതോമസ്, ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽസെക്രട്ടറി ഇഷിതാറോയിക്ക് സെക്രട്ടേറിയറ്റിലെത്തി നൽകിയിട്ടും ഫലമുണ്ടായില്ല. 10ന് സർക്കാർ സത്യവാങ്മൂലം നൽകാൻ ട്രൈബ്യൂണൽ നിർദ്ദേശിച്ചിട്ടുണ്ട്. സർക്കാർ എന്തു മറുപടി നൽകുമെന്നാണ് ഇനി അറിയാനുള്ളത്. ഒരു കോടിയിലേറെ രൂപയാണ് സിസയ്ക്ക് കിട്ടാനുള്ളത്. 2023ഹഓഗസ്റ്റിൽ താത്കാലിക പെൻഷൻ പാസാക്കി ഉത്തരവിറക്കിയെങ്കിലും തുക നൽകിയിരുന്നില്ല.
സാങ്കേതിക സർവകലാശാലാ വി.സിയായി സർക്കാർ ശുപാർശ ചെയ്ത ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഇഷിതാ റോയിയെ തള്ളി ഗവർണറായിരുന്ന ആരിഫ് മുഹമ്മദ്ഖാൻ സിസയെ നിയമിച്ചതാണ് ഉടക്കിന് കാരണം. ഗവർണറുടെ ഉത്തരവു പാലിച്ച് സിസ ചുമതലയേറ്റു. ഇത് സർക്കാർ അനുമതിയില്ലാതെയാണെന്ന് ചൂണ്ടിക്കാട്ടി 2023മാർച്ചിൽ വിരമിച്ച ദിവസം കുറ്റാരോപണ മെമ്മോ നൽകി. ഇതിന്റെ തുടർച്ചയായാണ് പെൻഷനും ആനുകൂല്യങ്ങളും തടഞ്ഞത്. ഹൈക്കോടതിയും സുപ്രീംകോടതിയും സിസയ്ക്കെതിരേ നടപടിക്കായുള്ള സർക്കാർ ഹർജി തള്ളിയതാണ്.
Source link