KERALAM

‘മരണം ഉറപ്പിക്കാൻ വീണ്ടും ഷോക്കടിപ്പിച്ചു, ദിനേശന്റെ സംസ്കാര ചടങ്ങിനെത്തി’; കിരണിന് ക്രിമിനൽ ബുദ്ധിയെന്ന് പൊലീസ്

ആലപ്പുഴ: പുന്നപ്ര വാടയ്ക്കലിലെ ദിനേശന്റെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സംഭവത്തിൽ അറസ്റ്റിലായ കിരണിന്റേത് ക്രിമിനൽ ബുദ്ധിയാണെന്നും ഇലക്ട്രിക് ജോലിയൊക്കെ നന്നായി അറിയുന്നയാളാണെന്നും അയൽവാസികൾ പറയുന്നു. കിരണിന്റെ അമ്മയുടെ സുഹൃത്താണ് ദിനേശൻ. കഴിഞ്ഞ ദിവസം രാത്രി ദിനേശൻ വീട്ടിലേക്ക് വന്നപ്പോഴാണ് കിരൺ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയത്.

വീട്ടിലെ ഇലക്ട്രിക് വയർ ഉപയോഗിച്ചായിരുന്നു ഷോക്കടിപ്പിച്ചത്. മുറ്റത്തേക്ക് എടുത്തിട്ട മൃതദേഹത്തിൽ മറ്റൊരു ഇലക്ട്രിക് കമ്പികൊണ്ടുകൂടി ഷോക്കടിപ്പിച്ചുവെന്ന് പൊലീസ് പറയുന്നു. പൊലീസ് പ്രതിയുമായി തെളിവെടുപ്പ് നടത്തി. ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം പാടത്ത് ഉപേക്ഷിക്കുകയായിരുന്നു. ദിനേശനെ കൊലപ്പെടുത്തിയ വിവരം കിരണിന്റെ പിതാവ് അറിഞ്ഞിട്ടും മൂടിവച്ചെന്നും പൊലീസ് പറയുന്നു. ഇന്നലെയാണ് ദിനേശനെ പാടത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്.

മദ്യപിച്ച് കിടക്കുകയാണെന്ന് കരുതി ആരും ശ്രദ്ധിച്ചിരുന്നില്ല. ഉച്ചയ്ക്ക് ശേഷവും സ്ഥലത്ത് നിന്ന് എഴുന്നേൽക്കാതായതോടെയാണ് നാട്ടുകാർ വാർഡ് മെമ്പറെ വിവരം അറിയിച്ചത്. തുടർന്ന് പരിശോധിച്ചപ്പോഴാണ് മരിച്ച് കിടക്കുന്നതാണെന്ന് മനസിലായത്. മുറിവേറ്റ പാടുകൾ കണ്ടതോടെ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി പരിശോധിച്ചശേഷം കൊലപാതകമാണെന്ന് വ്യക്തമാക്കി. പിന്നാലെ കിരണിനെ കസ്റ്റഡിയിലെടുത്തു. അമ്മയുമായി ദിനേശന് ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് കിരൺ കൊല നടത്തിയതെന്നാണ് പൊലീസ് പറയുന്നത്.

അതേസമയം, അച്ഛന്റെ മരണാനന്തര ചടങ്ങിന് കിരണും അവന്റെ അമ്മയും അച്ഛനും വന്നിരുന്നുവെന്നും എല്ലാകാര്യത്തിനും കൂടെയുണ്ടായിരുന്നുവെന്നും അപ്പോഴൊന്നും സംശയം തോന്നിയില്ലെന്നും ദിനേശന്റെ മകൾ പറഞ്ഞു.


Source link

Related Articles

Back to top button