നുണ കേട്ട് ജനം വോട്ട് ചെയ്യില്ലെന്ന് വിജയ്; ബിജെപി വിട്ട നടി രഞ്ജന നാച്ചിയാർ ടിവികെയിൽ

ചെന്നൈ ∙ തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) ഒന്നാം വാർഷിക സമ്മേളനത്തിൽ നിലപാട് വ്യക്തമാക്കി നടൻ വിജയ‌്. ‘‘എന്റെ വരവ് ചിലർക്ക് അസ്വസ്ഥതയുണ്ടാക്കി. നുണകൾ പറയുന്നതു കേട്ടു ജനം ഇനി വോട്ട് ചെയ്യില്ലെന്ന് അവർക്കു മനസ്സിലായി. ബൂത്ത് തലത്തിൽ പാർട്ടിയെ ശക്തിപ്പെടുത്തും. തുടർന്നുള്ള സമ്മേളനത്തിൽ ടിവികെ വലുപ്പം എല്ലാവർക്കും മനസ്സിലാകും’’– രാഷ്ട്രീയ ശത്രുക്കളെ ഉന്നമിട്ട് വിജയ് പറഞ്ഞു.മഹാബലിപുരത്തെ സമ്മേളന വേദിയിൽ വിജയ്ക്കൊപ്പം തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറും പങ്കെടുത്തു. തമിഴ്നാടിന്റെ പ്രതീക്ഷയാണു വിജയ് എന്ന് പ്രശാന്ത് കിഷോർ പറഞ്ഞു. രാഷ്ട്രീയ നേതാവ് എന്നതിനപ്പുറം വിജയ് സുഹൃത്താണ്. ടിവികെ അടുത്ത വർഷം അധികാരത്തിൽ എത്തുമ്പോൾ നന്ദി പറയാൻ താൻ എത്തുമെന്നും പ്രശാന്ത് പറഞ്ഞു. ബിജെപി കലാ സാംസ്കാരിക വിഭാഗം മുൻ സംസ്ഥാന സെക്രട്ടറിയും നടിയുമായ രഞ്ജന നാച്ചിയാർ പാർട്ടിയിൽ ചേർന്നതു ടിവികെയ്ക്കു നേട്ടമായി. ത്രിഭാഷ നയം അടിച്ചേൽപ്പിക്കുന്നതിൽ പ്രതിഷേധിച്ചു ബിജെപി വിട്ടതിനു പിറ്റേന്നാണു രഞ്ജനയുടെ നീക്കം.കേന്ദ്ര സർക്കാർ സംസ്ഥാനത്തെ അവഗണിക്കുകയാണെന്നു പറഞ്ഞ നടി, ഭാഷ നയത്തിലെ ബിജെപി സമീപനത്തിൽ കടുത്ത നിരാശയും പ്രകടിപ്പിച്ചു. ദ്രാവിഡരെ ശത്രുക്കളായി കാണുന്നതു തമിഴ് സ്ത്രീ എന്ന നിലയിൽ അംഗീകരിക്കാനാകില്ലെന്ന് 8 വർഷമായി ബിജെപി അംഗമായിരുന്ന രഞ്ജന പറഞ്ഞു. തിരഞ്ഞെടുക്കപ്പെട്ട 2500 പാർട്ടി പ്രവർത്തകരാണു സമ്മേളനത്തിന് എത്തിയത്. അടുത്ത വർഷത്തെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ സമ്മേളനത്തിൽ ചർച്ച ചെയ്യും.സമ്മേളനം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ ബൗൺസർമാർ കയ്യേറ്റം ചെയ്തതു വിവാദമായി. പ്രാദേശിക ചാനലിലെ 3 പേർക്കാണു പരുക്കേറ്റത്. കേന്ദ്ര –സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സമ്മേളന വേദിയിൽ സ്ഥാപിച്ച ബോർഡുകൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ എഐഎഡിഎംകെയുമായി ടിവികെ സഖ്യത്തിലാകുമെന്നു ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഡിഎംകെയെയും ബിജെപിയെയും രൂക്ഷമായി വിമർശിക്കുന്ന വിജയ് എഐഎഡിഎംകെയോട് മൃദുസമീപനമാണ് സ്വീകരിക്കുന്നത്.
Source link