പിതാവിനെ തലയ്ക്കടിച്ച് കൊന്ന പ്രതിയെ കോടതി വെറുതേവിട്ടു; സര്‍ക്കാരിന് മുന്നില്‍ ആവശ്യവുമായി വനിതാ ഡോക്ടര്‍

തിരുവനന്തപുരം: സ്വന്തം അച്ഛനെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയെ വെറുതെ വിട്ടതിനെതിരെ സാക്ഷിയായ ഡോക്ടര്‍. സംസ്ഥാന സര്‍ക്കാര്‍ ഈ വിധിക്കെതിരെ അപ്പീല്‍ പോകണമെന്നാണ് ഡോക്ടര്‍ ആവശ്യപ്പെടുന്നത്. പാറശ്ശാല ഗവണ്മെന്റ് താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെ മെഡിക്കല്‍ ഓഫീസറായിരുന്ന ഡോ.ലീന വിശ്വനാണ് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിനെ സമീപിച്ചത്. വനിതാ ഡോക്ടര്‍ നല്‍കിയ കത്ത് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ജില്ലാ പൊലീസ് മേധാവിയ്ക്ക് കൈമാറി.

2016 ഡിസംബര്‍ 10-ന് രാത്രിയാണ് കേസിന് ആസ്പദമായ സംഭവം. തിരുവനന്തപുരം കാരോട് ഊരമ്പു കുഴിഞ്ഞാന്‍വിളയില്‍ താഴവിള വീട്ടിലെ തങ്കപ്പനെ മകന്‍ കമ്പി കൊണ്ട് തലയ്ക്ക് അടിച്ചതില്‍ ഗുരുതര പരുക്ക് പറ്റിയാണ് മരണപ്പെട്ടത്. എന്നാല്‍ മതിയായ ചികിത്സ ആശുപത്രിയില്‍ നിന്നും ലഭിക്കാത്തതു കൊണ്ടാണ് മരണം സംഭവിച്ചതെന്ന നിഗമനത്തോടെയാണ് കോടതി പ്രതിയെ വെറുതെ വിട്ടതെന്ന് ചൂണ്ടിക്കാണിച്ചാണ് വനിത ഡോക്ടര്‍ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നത്.

തലക്ക് അടിയേറ്റ തങ്കപ്പനെ പാറശ്ശാല താലൂക്ക് ആശുപത്രിയില്‍ അത്യാഹിത വിഭാഗം ഡോക്ടര്‍ക്ക് മുന്നില്‍ രാത്രി ഒരു മണിയോടെയാണ് ചികിത്സക്കായി എത്തിച്ചത്. പിന്നാലെ തലയിലെ മുറിവ് തുന്നി കെട്ടി പ്രാഥമിക ചികിത്സ നല്‍കുന്നതിനിടയില്‍ ഇയാള്‍ ശര്‍ദ്ദിക്കുകയും അബോധാവസ്ഥയിലാവുകയും ചെയ്തു. ഉടന്‍ ഒ.പി. ടിക്കറ്റിലൂടെ മെഡിക്കല്‍ കോളേജിലേയ്ക്ക് രോഗിയെ റഫര്‍ ചെയുകയും ചെയ്തു.

എന്നാല്‍ പാറശ്ശാല താലൂക്ക് ആശുപത്രിയില്‍ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് അയച്ച രോഗിയെ കൂടെയുണ്ടായിരുന്നവര്‍ തിരികെ വീട്ടിലേയ്ക്ക് കൊണ്ട് പോകുകയും രോഗി സ്വന്തം വീട്ടില്‍ ഉച്ചയോടെ മരണപ്പെടുകയുമായിരുന്നു. ഇതിനിടെ മകന്‍ തലയ്ക്ക് അടിച്ചതിനാല്‍ മുറിവ് പറ്റിയതായിട്ടുള്ള തങ്കപ്പന്‍ നല്‍കിയ മൊഴിയും ഡോക്ടര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. തലക്കേറ്റ പരിക്കാണ് മരണ കാരണമായി പൊഴിയൂര്‍ പൊലീസ് എടുത്ത കേസിലെ അന്വേഷണ റിപ്പോര്‍ട്ടിലും വ്യക്തമാക്കുന്നത്.എന്നാല്‍ മതിയായ ചികിത്സ ആശുപത്രിയില്‍ ലഭിക്കാത്തതു കൊണ്ടാണ് മരണം സംഭവിച്ചതെന്ന നിഗമനത്തോടെയാണ് കോടതി പ്രതിയെ വെറുതെ വിട്ടത്.


Source link
Exit mobile version