INDIALATEST NEWS

യുവതിയെ കൊന്ന് സ്യൂട്ട്കേസിലാക്കി ഗംഗയിൽ ഒഴുക്കാൻ ശ്രമം; അമ്മയും മകളും പിടിയിൽ


കൊൽക്കത്ത∙ ഭർതൃപിതാവിന്റെ സഹോദരിയെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട് കേസിലാക്കി ഗംഗാ നദിയിൽ തള്ളാനെത്തിയ യുവതിയും അമ്മയും അറസ്റ്റിൽ. ഫാൽഗുനി ഘോഷ്, അമ്മ ആരതി ഘോഷ് എന്നിവരെയാണ് ചൊവ്വാഴ്ച പൊലീസ് അറസ്റ്റ് ചെയ്തത്. കൊൽക്കത്തയിലെ അഹിരിതോളയിലാണ് സംഭവം. തർക്കത്തെ തുടർന്നാണ് ഫാൽഗുനി ഭർതൃപിതാവിന്റെ സഹോദരിയായ സുമിത ഘോഷിനെ (55) കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. നോർത്ത് പോർട്ട് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത കേസ്, ബരാസത് പൊലീസിന് കൈമാറി. കൊൽക്കത്തയിലെ കുമാർതുലിയിലെ ഗംഗാ ഘാട്ടിൽ നീല ട്രോളി ബാഗുമായി രാവിലെ എട്ടുമണിയോടെ സംശയാസ്പദ സാഹചര്യത്തിൽ ഇവരെ കണ്ട പ്രദേശവാസികൾ ഇരുവരെയും ചോദ്യം ചെയ്തു. ആദ്യമൊന്നും ബാഗ് തുറക്കാൻ അവർ തയാറായില്ല. പിന്നീടു വളർത്തുനായയുടെ മൃതദേഹം ഒഴുക്കാൻ വന്നതാണെന്നായിരുന്നു മറുപടി നൽകിയത്. ഇതിൽ സംശയം തോന്നിയ പ്രദേശവാസികൾ പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി ട്രോളി പരിശോധിച്ചപ്പോഴാണ് രക്തം പുരണ്ട നിലയിൽ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം കൊൽക്കത്ത മെഡിക്കൽ കോളജിലേക്കു മാറ്റി.‘‘അസമിലെ ജോർഹത് സ്വദേശിയായ സുമിത ഘോഷ് ഭർത്താവുമായി വേർപിരിഞ്ഞു താമസിക്കുകയായിരുന്നു. ഫെബ്രുവരി 11 മുതൽ സുമിത ഫാൽഗുനിക്കും അമ്മയ്ക്കുമൊപ്പം കൊൽക്കത്തയിലാണു താമസിച്ചുവന്നിരുന്നത്. ഫാൽഗുനിയും ഭർത്താവും പിരിഞ്ഞാണ് താമസം. തിങ്കളാഴ്ച വൈകുന്നേരം നാലിന് സുമിതയും ഫാൽഗുനിയും തമ്മിൽ തർക്കമുണ്ടാകുകയും സുമിതയെ ഫാൽഗുനി ശക്തമായി തള്ളിയിടുകയും ചെയ്തു. ഭിത്തിയിൽ ചെന്ന് ഇടിച്ചതിനുപിന്നാലെ ഇവർക്ക് ബോധം നഷ്ടപ്പെട്ടു. ബോധം തിരിച്ചുവന്നപ്പോൾ വീണ്ടും ഇരുകൂട്ടരും തമ്മിൽ തർക്കമുണ്ടായി. ഫാൽഗുനി ഇഷ്ടിക കൊണ്ടു സുമിതയുടെ മുഖത്തും കഴുത്തിലും അടിച്ചു. ഇതാണ് മരണത്തിൽ കലാശിച്ചത്’ – പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.


Source link

Related Articles

Back to top button