ടണലിലേക്ക് ചെളിയും വെള്ളവും ഒഴുകിയിറങ്ങുന്നു, തൊഴിലാളികൾ കുടുങ്ങിയിട്ട് 72 മണിക്കൂർ; രക്ഷാപ്രവർത്തനം ദുഷ്കരം

ഹൈദരാബാദ് ∙ തെലങ്കാനയിലെ നാഗർകർണുലിൽ ശ്രീശൈലം ഇടതുകര കനാൽ പദ്ധതി (എസ്എൽബിസി) യുടെ തുരങ്കനിർമാണത്തിനിടെ മണ്ണിടിഞ്ഞ് ഉള്ളിൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമം ദുഷ്കരമായി തുടരുന്നു. തൊഴിലാളികൾ മണ്ണിനടിയിൽ കുടുങ്ങിയിട്ട് 72 മണിക്കൂർ പിന്നിട്ടു. തുരങ്കത്തിന്റെ മേൽക്കൂര ഇടിയുമെന്ന് മുന്നറിയിപ്പുണ്ട്. മേൽക്കൂരയുടെ ഭാഗങ്ങളിലൂടെ വെള്ളവും ചെളിയും ഒഴുകിയിറങ്ങുന്നതിനാൽ ടണലിനകത്ത് ജലനിരപ്പ് ഉയരുന്നുണ്ട്. കുടുങ്ങിക്കിടക്കുന്നവരുമായി ആശയവിനിമയം നടത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് നാഗർകർണുൽ ജില്ലാ കലക്ടർ ബി.സന്തോഷ് അറിയിച്ചു. അവസാന 40– 50 മീറ്ററിലേക്ക് പോകാൻ കഴിയുന്നില്ലെന്നും ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെയും മറ്റു ചില ആളുകളുടെയും ഉപദേശങ്ങൾ തേടുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. കുടുങ്ങിക്കിടക്കുന്നവരുടെ അര കിലോമീറ്റർ അടുത്തുവരെ രക്ഷാപ്രവർത്തകർക്ക് എത്താനായെങ്കിലും ചെളിയും വെള്ളവും കെട്ടിക്കിടക്കുന്നതിനാൽ മുന്നോട്ടു നീങ്ങാനാവുന്നില്ല. 2023ൽ ഉത്തരാഖണ്ഡിലെ സിൽക്കാര തുരങ്കത്തിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തിയ റാറ്റ് മൈനേഴ്സ് സംഘത്തെ എത്തിച്ചിട്ടുണ്ട്. പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും ഇവരെ ജീവനോടെ പുറത്തെത്തിക്കാനുള്ള സാധ്യത അതിവിദൂരമാണെന്നു തെലങ്കാന മന്ത്രി ജുപ്പള്ളി കൃഷ്ണ റാവു തുറന്നുപറഞ്ഞു.2 എൻജിനീയർമാർ, 2 മെഷീൻ ഓപ്പറേറ്റർമാർ, 4 തൊഴിലാളികൾ എന്നിവരാണു തുരങ്കമുഖത്തുനിന്ന് ഏകദേശം 14 കിലോമീറ്റർ ഉള്ളിൽ കുടുങ്ങിയത്. ഉത്തർ പ്രദേശ്, ജമ്മു കശ്മീർ, പഞ്ചാബ്, ജാർഖണ്ഡ് സ്വദേശികളാണിവർ. 25 അടി കനത്തിൽ ചെളി നിറഞ്ഞ തുരങ്കത്തിൽ ഇവരുടെ അടുത്തെത്തണമെങ്കിൽ ഇപ്പോഴത്തെ രീതിയിൽ 4 ദിവസമെങ്കിലും വേണം. രണ്ടുദിവസത്തിലേറെയായി കുടുങ്ങിക്കിടക്കുന്നവരുമായി ആശയവിനിമയം നടത്താനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതായും മന്ത്രി വ്യക്തമാക്കി.
Source link