‘സമരതീരുമാനം അംഗീകരിക്കാൻ കഴിയില്ല’; പ്രതിഫലം കുറയ്ക്കണമെന്ന നിർമാതാക്കളുടെ ആവശ്യം തള്ളി അമ്മ

കൊച്ചി: അഭിനേതാക്കൾ പ്രതിഫലം കുറയ്ക്കണമെന്ന നിർമാതാക്കളുടെ സംഘടനയുടെ ആവശ്യം തള്ളി അമ്മ സംഘടന. സമരതീരുമാനം അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാടാണ് അമ്മ സ്വീകരിച്ചത്. ഇതോടൊപ്പം ചലച്ചിത്ര താരങ്ങൾ സിനിമയിൽ അഭിനയിക്കുന്നതും നിർമ്മിക്കുന്നതിലും ഇടപെടുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും സംഘടന വ്യക്തമാക്കുന്നു. അമ്മയുടെ യോഗത്തിൽ പങ്കെടുക്കാൻ ചലച്ചിത്ര താരങ്ങളായ മോഹൻലാൽ, സുരേഷ് ഗോപി, മഞ്ജു പിള്ള, ബേസിൽ ജോസഫ്, അൻസിബ, ടൊവിനോ തോമസ്, സായ്കുമാർ, വിജയരാഘവൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കാൻ കൊച്ചിയിലെ ഓഫീസിൽ എത്തിയിരുന്നു.
പ്രതിഫല വിഷയവുമായി ബന്ധപ്പെട്ട് ചർച്ചകൾ നടക്കുന്ന സാഹചര്യത്തിലാണ് ഇന്ന് യോഗം വിളിച്ചുചേർത്തത്. കൊച്ചിയിലുള്ള താരങ്ങൾ എല്ലാം തന്നെ യോഗത്തിൽ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് യോഗം വിളിച്ചത്. പ്രതിഫലം തവണകളായി നൽകുന്നത് സംബന്ധിച്ച് ചില നിബന്ധനകൾ നിർമ്മാതാക്കളുടെ സംഘടന മുന്നോട്ടുവച്ചിരുന്നു. എന്നാൽ ഈ വിഷയങ്ങൾ അമ്മ സംഘടന ചർച്ചകൾ നടത്തുമോ, നിലപാട് മയപ്പെടുത്തുമോ എന്നുള്ള കാര്യത്തിൽ വ്യക്തത വരുത്തിയിട്ടില്ല.
അതേസമയം, സംസ്ഥാനത്ത് ജൂൺ ഒന്നുമുതലാണ് സംഘടനകൾ സിനിമാ സമരം പ്രഖ്യാപിച്ചത്. ഇന്ന് നടന്ന സിനിമാ സംഘടനകളുടെ സംയുക്ത യോഗത്തിലാണ് തീരുമാനം. ജിഎസ്ടി നികുതിക്കൊപ്പമുള്ള വിനോദ നികുതി സർക്കാർ പിൻവലിക്കണം, താരങ്ങൾ വലിയ പ്രതിഫലം കുറയ്ക്കണം എന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
സിനിമാ നിർമ്മാണം വൻ പ്രതിസന്ധി നേരിടുമ്പോഴും താരങ്ങൾ പ്രതിഫലം കുറയ്ക്കാൻ തയ്യാറാകുന്നില്ല. വിനോദനികുതിയുമായി ബന്ധപ്പെട്ട് നിരവധി തവണ ചർച്ച നടത്താൻ ശ്രമിച്ചിട്ടും സർക്കാർ തയ്യാറായില്ല എന്നും നിർമ്മാതാക്കൾ ചൂണ്ടിക്കാട്ടിയിരുന്നു. ജൂൺ ഒന്നുമുതൽ സിനിമകളുടെ ചിത്രീകരണവും പ്രദർശനവും നിറുത്തിവയ്ക്കുമെന്നാണ് സംഘടനകളുടെ നിലപാട്.
പുതിയ അഭിനേതാക്കൾ പോലും ഉയർന്ന പ്രതിഫലമാണ് ആവശ്യപ്പെടുന്നത്. എന്നും ഇത് താങ്ങാനാകില്ല. പ്രതിഫലത്തിന് പുറമേ അഭിനേതാക്കൾക്ക് ജി.എസ്.ടിയും നൽകേണ്ടി വരുന്നത് ഇരട്ടിഭാരമാണ് ഉണ്ടാക്കുന്നത്. ഇതിന് പുറമേയാണ് സർക്കാർ വിനോദ നികുതിയും പിരിക്കുന്നത്. പ്രതിഫലം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അഭിനേതാക്കളുടെ സംഘടനയായ അമ്മയ്ക്ക് കത്ത് നൽകിയത്. അഭിനേതാക്കൾക്ക് ഡബ്ബിംഗിന് മുൻപ് പ്രതിഫലം നൽകണം എന്ന വ്യവസ്ഥ മാറ്റി റിലീസിന് മുൻപ് മുഴുവൻ പ്രതിഫലവും കൊടുക്കണം എന്നാക്കണം എന്നും ആവശ്യപ്പെട്ടിരുന്നു.
Source link