ആകാശസ്വപ്നം മട്ടുപ്പാവിൽ സഫലം; കുട്ടികർഷകർ വിമാനം കയറും

സിത്താര സിദ്ധകുമാർ | Monday 24 February, 2025 | 1:14 AM
ആലപ്പുഴ: നീലാകാശത്ത് വിമാനങ്ങൾ പറന്നുപോകുന്നത് വീടിന്റെ ടെറസിൽ നിന്ന് കൊതിയോടെ കണ്ടിരുന്ന പതിനൊന്ന് വയസുകാരി ഫരീദക്കും എട്ട് വയസുകാരി ഫാദിയക്കും സ്വപ്ന സാഫല്യം. സ്വപ്നം കണ്ടുനിന്ന അതേ ടെറസിൽ നിന്നുതന്നെ ഇരുവർക്കും ആദ്യ വിമാനയാത്രയ്ക്കുള്ള വഴിയൊരുങ്ങി എന്നതാണ് കൗതുകം. ഇക്കൊല്ലം തന്നെ വിമാനം കയറും.
ആലപ്പുഴ വട്ടയാൽ വാർഡ് പുത്തൻവീട് പുരയിടത്തിൽ ഫരീദ മൻസിലിന്റെ 850 ചതുരശ്രമീറ്റർ ടെറസിൽ ഓർമ്മവച്ച നാൾ മുതൽ അച്ഛൻ ഫിറോസിന്റെ പാത പിന്തുടർന്ന് കൃഷി ചെയ്യുകയാണ് സെന്റ് ജോസഫ്സ് ഗേൾസ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനി ഫരീദയും മൂന്നാം ക്ലാസുകാരി ഫാദിയയും. മട്ടുപ്പാവ് കൃഷിയിൽ നിന്നുള്ള വരുമാനവും കുട്ടികർഷകർക്ക് അംഗീകാരമായി ലഭിച്ച പുരസ്‌കാര തുകയും കൂട്ടിവെച്ചാണ് ഇവർ വിമാനയാത്രയ്ക്ക് തയാറെടുക്കുന്നത്. മാതാവ്: നാസില. സഹോദരൻ: ഫാദിൽ മുഹമ്മദ്.
മുളക് മുതൽ സ്വീറ്റ് കോൺ വരെ
ജൈവകൃഷി പ്രചാരകനും വനമിത്ര പുരസ്‌ക്കാര ജേതാവുമായ ഫിറോസ് അഹമ്മദാണ് മക്കളെ കൃഷിയിലേക്കിറക്കിയത്. വിഷരഹിത പച്ചക്കറി ഉത്പാദനം കുരുന്നിലെ എന്ന മുദ്രാവാക്യവുമായി ‘എന്റെ കുട്ടിത്തോട്ടം എന്റെ അഭിമാനം’ എന്ന പേരിലാണ് ഫരീദയും ഫാദിയയും വീട്ടിലെ ടെറസിൽ കൃഷി ആരംഭിച്ചത്. ജില്ലാ വനിതാ ശിശു വികസന ഓഫീസറും, ജില്ലാ വിമൺ പ്രൊട്ടക്ഷൻ ഓഫീസറും ചേർന്നായിരുന്നു കാബേജ്, കോളിഫ്ലവർ, തക്കാളി, പച്ചമുളക്, വെള്ളരി, കാന്താരി, പട്ടുച്ചീരയടക്കമുള്ള ആദ്യഘട്ട പച്ചക്കറി കൃഷി വിളവെടുത്തത്. ജില്ലാ സീനിയർ സിവിൽ ജഡ്ജ്, കൃഷി ഡെപ്യൂട്ടി ഡയറക്ടർ, ജനപ്രതിനിധികൾ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് കഴിഞ്ഞ ഓണക്കാലം മുന്നിൽ കണ്ട് പച്ചക്കറികൾക്കൊപ്പം ചെണ്ടുമല്ലിയും വാടാമുല്ലയും വിളവെടുത്തത്. സ്വീറ്റ് കോൺ, ഓറഞ്ച്, പൈനാപ്പിൾ, ഡ്രാഗൺ ഫ്രൂട്ട്, കുക്കുമ്പർ, പയർ, പാവൽ, പടവലം, കാന്താരി, പച്ചമുളക്, തക്കാളി, കാബേജ്, വൈലറ്റ് കാബേജ്, കോളിഫ്ലവർ, ഇഞ്ചി, വെണ്ട, വഴുതന, പട്ടു ചീര എന്നിവയടങ്ങുന്ന മൂന്നാം ഘട്ടത്തിന്റെ വിളവെടുപ്പ് ഇപ്പോൾ നടക്കുകയാണ്. അടുക്കളമാലിന്യവും തട്ടുകടകളിൽ നിന്നുള്ള മുട്ടത്തോടുമാണ് പ്രധാന വളം.
പ്രധാന അംഗീകാരങ്ങൾ
#സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ 2024-25ലെ മികച്ച മട്ടുപ്പാവ് കൃഷിക്കുള്ള പുരസ്‌കാരം
#2024ൽ അലപ്പുഴ നഗരസഭയുടെ മികച്ച കുട്ടി കർഷകർക്കുള്ള പ്രഥമ പുരസ്‌ക്കാരം
#ആലപ്പുഴ മഹിളാ സഹകരണ ചാരിറ്റബിൾ സൊസൈറ്റിയുടെ മികച്ച കുട്ടികർഷകർക്കുള്ള പുരസ്‌ക്കാരം
#ജെ.സി.ഐ വേമ്പനാട് ലേക്ക്സിറ്റിയുടെ 2024ലെ എക്‌സലൻസ് അവാർഡ്
#കേരള സബർമതി കലാസാംസ്‌കാരിക വേദിയുടെ പ്രഥമ പ്രതിഭാ പുരസ്‌കാരം
Source link