KERALAM

വി.എസ്. രാജേഷിനും ടി.കെ. സുജിത്തിനും സംസ്ഥാന മാദ്ധ്യമ പുരസ്‌കാരം

തിരുവനന്തപുരം: കേരളകൗമുദി അസോസിയേറ്റ് എഡിറ്റർ വി.എസ്. രാജേഷിനും കാർട്ടൂണിസ്റ്റ് ടി.കെ. സുജിത്തിനും വീണ്ടും സംസ്ഥാന മാദ്ധ്യമ പുരസ്കാരം. 2022ലെ പുരസ്‌കാരമാണ് ഇന്നലെ പ്രഖ്യാപിച്ചത്.

ടെലിവിഷൻ വിഭാഗത്തിൽ മികച്ച അഭിമുഖത്തിന് കൗമുദി ടി.വിക്കു വേണ്ടി കഥയുടെ കുലപതി ടി. പദ്മനാഭനുമായി നടത്തിയ അഭിമുഖമാണ് വി.എസ്. രാജേഷിനെ അവാർഡ് ജേതാവാക്കിയത്. സ്ട്രെയിറ്റ് ലൈൻ അഭിമുഖത്തിനു ലഭിക്കുന്ന നാലാമത്തെ സംസ്ഥാന അവാർഡാണിത്. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികമായിരുന്ന 2022ൽ ഇന്ത്യൻ സമൂഹത്തിൽ സ്വാതന്ത്ര്യ സമരപ്രതീകങ്ങൾക്ക് വന്ന മാറ്റം ചിത്രീകരിച്ച കാർട്ടൂണിനാണ് സുജിത്തിന് അവാർഡ് ലഭിച്ചത്.

പ്രസ് കൗൺസിൽ ഒഫ് ഇന്ത്യയുടെ ദേശീയ അവാർ‌ഡടക്കം പ്രമുഖ പുരസ്‌കാരങ്ങൾ വി.എസ്. രാജേഷ് നേടിയിട്ടുണ്ട്. തിരുവനന്തപുരം അരുവിയോട് സെന്റ് റീത്താസ് സ്കൂൾ അദ്ധ്യാപിക എസ്.എസ്. ദീപയാണ് ഭാര്യ. മാറനല്ലൂർ ക്രൈസ്റ്റ് നഗർ കോളേജിലെ ബി.ബി.എ വിദ്യാർത്ഥി രാജ് ദീപ് ശ്രീധർ മകനാണ്.

തൃശൂർ തിരുമിറ്റക്കോട് പരേതരായ ടി.ആർ. കുമാരന്റേയും പി.ആർ. തങ്കമണിയുടേയും മകനായ സുജിത്തിന് പന്ത്രണ്ടാം തവണയാണ് കാർട്ടൂണിനുള്ള സംസ്ഥാന മാദ്ധ്യമ അവാർഡ് ലഭിക്കുന്നത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കാർട്ടൂണിസ്റ്റ്സിന്റെ ദേശീയ കാർട്ടൂൺ പുരസ്‌കാരം, മൂന്നുതവണ കേരള ലളിതകലാ അക്കാഡമി അവാർഡ്, കേരള മീഡിയ അക്കാഡമി ഫെലോഷിപ്പ്, എട്ടുതവണ തിരുവനന്തപുരം പ്രസ് ക്ലബ് അവാർഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഭാര്യ: അഡ്വ. എം. നമിത. എം.ജി കോളേജിലെ ബിരുദവിദ്യാർത്ഥി അമൽ, കോട്ടൺഹിൽ സ്‌കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ഉമ എന്നിവർ മക്കളാണ്.


Source link

Related Articles

Back to top button