INDIALATEST NEWS

ഉരുൾപൊട്ടൽ ദുരന്തം: പുനരധിവാസത്തിനു വായ്പയായി പണമനുവദിച്ച നടപടി നീതികേടെന്ന് പ്രിയങ്ക ഗാന്ധി


കൽപറ്റ∙ ചൂരൽമല ദുരന്തത്തിന് ആറു മാസത്തിനു ശേഷം പുനരധിവാസത്തിനു വായ്പയായി പണമനുവദിച്ച നടപടി നീതികേടും മനുഷ്യത്വരഹിതവുമെന്നു പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ പ്രിയങ്ക ഗാന്ധി എംപി കുറ്റപ്പെടുത്തി. നിലവിൽ പ്രഖ്യാപിച്ചിരിക്കുന്ന വായ്പ ദുരിതാശ്വാസമായി മാറ്റണമെന്നും സമയപരിധി നീട്ടണമെന്നും കത്തിൽ ആവശ്യപ്പെട്ടു. 298 പേർ മരിക്കുകയും എല്ലാ അടിസ്ഥാന സൗകര്യങ്ങളും തകരുകയും ചെയ്ത ദുരന്തഭൂമിയിൽ പ്രധാനമന്ത്രിയുടെ സന്ദർശനം വലിയ പ്രതീക്ഷയോടെയാണു കണ്ടത്. ഈ ദുരന്തത്തെ അതിജീവിക്കാൻ അസാമാന്യ ധൈര്യം വയനാട്ടിലെ ജനങ്ങൾ പ്രകടിപ്പിക്കുന്നുണ്ടെങ്കിലും കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ധനസഹായമില്ലാതെ കഴിയില്ല.പുനരധിവാസം വേദനിപ്പിക്കുന്ന നിലയിലുള്ള മന്ദഗതിയിലാണു നീങ്ങുന്നത്. കേരളത്തിൽനിന്നുള്ള എംപിമാരുടെ നിരന്തര സമ്മർദത്തിന്റെ ഫലമായിട്ടാണ് അതിതീവ്ര ദുരന്തം എന്ന ഗണത്തിൽ ചൂരൽമല ഉരുൾപൊട്ടൽ പെടുത്തിയത്. പക്ഷേ, പരിമിതമായ സഹായം കടുത്ത മാനദണ്ഡങ്ങളോടെ പ്രഖ്യാപിച്ചത് നിരാശയുണ്ടാക്കുന്നു. ഈ ദുർവിധിയിൽ വയനാട്ടിലെ ജനങ്ങൾ കൂടുതൽ സഹായം അർഹിക്കുന്നുണ്ടെന്നും അതിനെ സഹാനുഭൂതിയോടെ കാണണമെന്നും പ്രിയങ്ക പറഞ്ഞു.കൃഷി, വ്യാപാരം, ടൂറിസം പ്രവർത്തനങ്ങളുമായി ഉപജീവനം നടത്തിയിരുന്നവരും ജീപ്പ്, ഓട്ടോറിക്ഷ ഡ്രൈവർമാരും ചെറുകിട വ്യാപാരികളും ഹോം സ്റ്റേ നടത്തിയവരുമെല്ലാം വരുമാനം നഷ്ടപ്പെട്ട അവസ്ഥയിലാണ്. രണ്ടറ്റം മുട്ടിക്കാൻ കഴിയാതെ വലയുകയാണു ദുരന്തബാധിതർ എന്നും കത്തിൽ ചൂണ്ടിക്കാണിക്കുന്നു.


Source link

Related Articles

Back to top button