KERALAM

ജ്യേഷ്ഠന്റെ മരണവാർത്ത അറിയിക്കാൻ തെരയുന്നതിനിടെ അനുജൻ ബസ് സ്റ്റാന്റിൽ മരിച്ച നിലയിൽ

ആലപ്പുഴ: ജ്യേഷ്ഠന്റെ മരണവിവരം അറിയിക്കാൻ തെരയുന്നതിനിടെ അനുജനെ മരിച്ച നിലയിൽ കണ്ടെത്തി. എരുമേലി നെടുങ്കാവയൽ ചാത്തനാംകുഴി സ്വദേശി സി ആർ മധു (51) അനുജൻ സി ആർ സന്തോഷ് (45) എന്നിവരാണ് മരിച്ചത്. ഇരുവരുടെയും സംസ്‌കാരം ഒരുമിച്ച് പിന്നീട് നടത്തും.

മധു ആന്ധ്രയിൽ ശനിയാഴ്‌ചയാണ് മരിച്ചത്. അനുജനെ മരണവാർത്ത അറിയിക്കാൻ നേരിട്ട് ബന്ധപ്പെടാൻ സാധിക്കാതെ വന്നതോടെ ബന്ധുക്കൾ സമൂഹമാദ്ധ്യമങ്ങളുടെ സഹായം തേടി. സന്തോഷിന്റെ ചിത്രവും ഫോൺ നമ്പറും പോസ്റ്റ് ചെയ്ത് അന്വേഷണം ആരംഭിച്ചു. ഇതിനിടെ ഇന്നലെ രാവിലെ കായംകുളത്ത് ബസ് സ്റ്റാന്റിലെ കടയ്ക്ക് മുന്നിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇയാൾക്ക് സന്തോഷുമായി സാമ്യമുണ്ടെന്ന് കണ്ടതോടെ കായംകുളം പൊലീസ് ബന്ധുക്കളെ വിവരമറിയിച്ചു. പിന്നാലെ മരിച്ചത് സന്തോഷ് തന്നെയാണെന്ന് ബന്ധുക്കൾ സ്ഥിരീകരിക്കുകയായിരുന്നു.

ആന്ധ്രയിൽ അദ്ധ്യാപകനായിരുന്ന മധു അസുഖബാധിതനായാണ് മരിച്ചത്. പെയിന്റിംഗ് തൊഴിലാളിയായിരുന്ന സന്തോഷ് ചങ്ങനാശേരിയിലെ ജോലിയുമായി ബന്ധപ്പെട്ട് ആഴ്‌ചകൾക്ക് മുൻപാണ് വീട്ടിൽ നിന്ന് പോയത്. സന്തോഷിന്റെ മരണകാരണം വ്യക്തമല്ല. മധുവിന്റെ ഭാര്യ: മണി. മകൻ: ആകാശ് (വിദ്യാർത്ഥി). സന്തോഷിന്റെ ഭാര്യ: ബീന. മക്കൾ: ആദർശ്, അദ്രി (ഇരുവരും വിദ്യാർത്ഥികൾ).


Source link

Related Articles

Back to top button