പുരപ്പുറ സോളറിനൊപ്പം ബാറ്ററി; പുതിയ ഉപയോക്താക്കൾക്ക് മാത്രമെന്ന് സിഇഎ

പുരപ്പുറ സോളറിനൊപ്പം ബാറ്ററി; പുതിയ ഉപയോക്താക്കൾക്ക് മാത്രമെന്ന് സിഇഎ | മനോരമ ഓൺലൈൻ ന്യൂസ് – Rooftop solar with battery storage is now being suggested by the CEA, applying only to new users. This guideline, though not yet mandated nationwide, aims to improve grid stability and reduce grid overload while offering subsidies to make it affordable | India News, Malayalam News | Manorama Online | Manorama News
പുരപ്പുറ സോളറിനൊപ്പം ബാറ്ററി; പുതിയ ഉപയോക്താക്കൾക്ക് മാത്രമെന്ന് സിഇഎ
ജിക്കു വർഗീസ് ജേക്കബ്
Published: February 24 , 2025 02:58 AM IST
1 minute Read
∙ ‘മാർഗരേഖ മാത്രം, തീരുമാനം വിതരണകമ്പനികളുടേത്’
ന്യൂഡൽഹി∙ പുരപ്പുറ സോളർ പദ്ധതികളിൽനിന്നു വൈദ്യുതി സംഭരിച്ചുവയ്ക്കാനുള്ള ബാറ്ററി സ്റ്റോറേജ് വ്യവസ്ഥ പുതിയ സൗരോർജ ഉപയോക്താക്കൾക്കു മാത്രമേ ബാധകമാകൂ എന്നു കേന്ദ്ര വൈദ്യുതി അതോറിറ്റി (സിഇഎ). വീടുകളിൽ സോളർ പ്ലാന്റുകൾക്കൊപ്പം 2 മണിക്കൂർ ഉപയോഗത്തിനുള്ള ബാറ്ററി സ്റ്റോറേജ് സംവിധാനം നിർബന്ധമാക്കുന്നതു പരിഗണിക്കണമെന്നാണ് സിഇഎ കഴിഞ്ഞ ദിവസം വിതരണകമ്പനികൾക്കു മാർഗരേഖ അയച്ചത്. ഇതു രാജ്യമാകെ നിർബന്ധമാക്കാൻ കേന്ദ്രം ഇപ്പോൾ നിർദേശിച്ചിട്ടില്ല. അതതു സ്ഥലത്തെ വിതരണകമ്പനികൾക്കു തീരുമാനമെടുക്കാം. അതിനാൽ ഇത് ഉത്തരവല്ലെന്നും മാർഗരേഖയാണെന്നും സിഇഎ ചെയർമാൻ ഘനശ്യാം പ്രസാദ് ‘മനോരമ’യോടു പറഞ്ഞു.എന്നാൽ ഭാവിയിൽ ഇതു നിർബന്ധമാക്കേണ്ടി വന്നേക്കാമെന്നും അദ്ദേഹം സൂചന നൽകി.
നിലവിലെ ഉപയോക്താക്കൾക്ക് ആവശ്യമെങ്കിൽ ബാറ്ററി സ്റ്റോറേജ് ഉൾപ്പെടുത്താം. പക്ഷേ, മാർഗരേഖ പുതിയ ഉപയോക്താക്കളെ ഉദ്ദേശിച്ചാണ്. കെഎസ്ഇബി പോലെയുള്ള വിതരണകമ്പനികൾ ഇതു നടപ്പാക്കിയാൽ സോളർ പ്ലാന്റിനുള്ള ചെലവു വർധിക്കുമെന്ന ആശങ്കകൾക്കിടെയാണ് സിഇഎ ചെയർമാന്റെ പ്രതികരണം. ലാഭമെന്ന് സിഇഎ മൂന്നു കിലോവാട്ട് സോളർ പ്ലാന്റുള്ള വ്യക്തിക്ക് 2 മണിക്കൂർ ഉപയോഗത്തിനായി ഏകദേശം 6 kWh ബാറ്ററി സൗകര്യമാണ് വേണ്ടത്. പ്ലാന്റിനുള്ള സർക്കാർ സബ്സിഡി കൂടി കണക്കിലെടുക്കുമ്പോൾ 40,000 രൂപ മാത്രമേ അധികമായി ഇതിനു ചെലവു വരൂ എന്നു ഘനശ്യാം പ്രസാദ് പറഞ്ഞു. വൈദ്യുതിമുടക്കമുണ്ടാകുന്ന സെമി അർബൻ, ഗ്രാമീണ മേഖലകളിൽ ഇത് ഏറെ ഗുണകരമാകും. ഉൽപാദിപ്പിക്കുന്ന വൈദ്യുതി മുഴുവനായി ഗ്രിഡിലേക്കു കൊടുക്കുന്നതിനു പകരം, ആവശ്യകത ഏറിയ സമയത്തെ ഉപയോഗത്തിനായി ഒരു ഭാഗം സംഭരിച്ചുവയ്ക്കാനാണ് ബാറ്ററി സ്റ്റോറേജ് സംവിധാനം. സോളർ ഉള്ള വീടുകളിൽ പോലും പകൽ സമയത്ത് ഉപയോഗം കുറവായിരിക്കും. അതുപോലെ, പല വീടുകളിൽ ഉൽപാദനം നടക്കുന്നതിനാൽ വിതരണകമ്പനിക്കും ഇത്രയേറെ വൈദ്യുതി ഗ്രിഡിൽ ആവശ്യമുണ്ടാകില്ല. പരിധി വിട്ട് ഗ്രിഡിലേക്ക് വൈദ്യുതിയെത്തുന്നത് ഭാവിയിൽ പ്രശ്നമായി മാറാമെന്നും അദ്ദേഹം പറഞ്ഞു. ഇതു മുൻകൂട്ടി കണ്ടാണ് മാർഗരേഖ ഇറക്കിയത്. വൈദ്യുതി ലഭ്യതയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ ഗ്രിഡിന്റെ ആരോഗ്യത്തെ ബാധിക്കാം.
‘സോളർ പ്ലാന്റുകൾ അനാകർഷകമാകുമെന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ല. ബാറ്ററി സ്റ്റോറേജിനുള്ള ചെറിയ മുതൽമുടക്കുവഴി ഗ്രാമീണ, സെമി അർബൻ മേഖലകളിൽ രാത്രിയിലും മറ്റുമുള്ള വൈദ്യുതി മുടക്കത്തെ ഉപയോക്താവിന് പേടിക്കേണ്ട.’– ഘനശ്യാം പ്രസാദ് (ചെയർമാൻ, കേന്ദ്ര വൈദ്യുതി അതോറിറ്റി)
English Summary:
Rooftop solar with battery storage is now being suggested by the CEA, applying only to new users.
മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം 68% കിഴിവിൽ
കൂപ്പൺ കോഡ്:
PREMIUM68
subscribe now
mo-news-kerala-organisations-kseb mo-environment-solar-power-plants jikku-varghese-jacob mo-news-common-malayalamnews 40oksopiu7f7i7uq42v99dodk2-list mo-space-solarsystem mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list 5tgluq3ph555hv430i0s64hrn3
Source link