യുഎസ് ധനസഹായം: 7 പദ്ധതികൾക്കായി 825 കോടി; പോളിങ് വർധന ഫണ്ട് ഇല്ല

ന്യൂഡൽഹി ∙ ഇന്ത്യയിലെ തിരഞ്ഞെടുപ്പിൽ യുഎസ് ഇടപെടലുണ്ടായോ എന്ന വിവാദം രൂക്ഷമായിരിക്കെ, 2023–24 സാമ്പത്തിക വർഷം ഇന്ത്യയ്ക്കു ലഭിച്ച യുഎസ് ധനസഹായത്തെക്കുറിച്ചുള്ള റിപ്പോർട്ട് ധനമന്ത്രാലയം പുറത്തുവിട്ടു. പോളിങ് വർധനയ്ക്കുള്ള യുഎസ് ധനസഹായമൊന്നും ഇക്കാലയളവിൽ ലഭിച്ചില്ലെന്നാണ് റിപ്പോർട്ടിൽ പറയു ന്നത്. ഏകദേശം 75 കോടി ഡോളർ വകയിരുത്തിയ 7 പദ്ധതികളാണ് ഇന്ത്യൻ സർക്കാരിന്റെ പങ്കാളിത്തത്തോടെ ‘യുഎസ്എയ്ഡ്’ (യുഎസ് ഏജൻസി ഫോർ ഇന്റർനാഷനൽ ഡവലപ്മെന്റ്) ഇപ്പോൾ നടപ്പിലാക്കി വരുന്നത്. ഇതിൽ 2023–24 സാമ്പത്തിക വർഷം മാത്രം 9.7 കോടി ഡോളറിന്റെ (825 കോടി രൂപ) സഹായമാണ് നൽകിയത്. ധനമന്ത്രാലയത്തിനു കീഴിലുള്ള ഇക്കണോമിക് അഫയേഴ്സ് വകുപ്പും കണക്കുകൾ പങ്കുവച്ചു. വിദേശധനസഹായ ഏകോപനം ഈ വകുപ്പിനു കീഴിലാണ്. ഇന്ത്യയിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള പദ്ധതികളൊന്നും നേരത്തേ സൂചിപ്പിച്ച ഏഴെണ്ണത്തിൽ ഇല്ല. മറിച്ച്, കൃഷിയും അനുബന്ധ ഭക്ഷ്യസുരക്ഷാ പദ്ധതികളും, ശുദ്ധജലം, ശുചിത്വം, പുനരുപയോഗ ഊർജം, ദുരന്തപ്രതികരണം, ആരോഗ്യം തുടങ്ങിയ മേഖലകളിലാണ് സഹായം. ഇന്ത്യയുടെ വികസനത്തിനുള്ള യുഎസ് ധനസഹായം 1951ലാണ് ആരംഭിച്ചത്. ഇതിൽ ഏറിയ പങ്കും യുഎസ്എയ്ഡ് വഴിയാണ്. ഇതുവരെ 555 പദ്ധതികളിലായി 1700 കോടി ഡോളർ സഹായം നൽകിയിട്ടുണ്ട്.ആരോപണം ആവർത്തിച്ച് ട്രംപ്വാഷിങ്ടൻ ∙ ഇന്ത്യയിലെ തിരഞ്ഞെടുപ്പുകളിൽ പോളിങ് വർധിപ്പിക്കാനായി യുഎസിലെ മുൻ ഭരണകൂടം 2.10 കോടി ഡോളറിന്റെ ധനസഹായം നൽകിയെന്ന ആരോപണത്തിലുറച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വെള്ളിയാഴ്ച ഗവർണർമാരുടെ യോഗത്തിലാണു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരെടുത്തു പറഞ്ഞ് വിവാദ യുഎസ് ധനസഹായത്തെക്കുറിച്ചു വിശദീകരിച്ചത്. തുടർച്ചയായ മൂന്നാം ദിവസമാണ് ഇന്ത്യയെ പരാമർശിക്കുന്നത്.
Source link