സംസ്ഥാന സർക്കാരിന്റെ 2022ലെ മാദ്ധ്യമ അവാർഡ്: വിഎസ് രാജേഷിനും ടികെ സുജിത്തിനും പുരസ്‌കാരം

തിരുവനന്തപുരം: കേരളകൗമുദി അസോസിയേറ്റ് എഡിറ്റർ വി.എസ്. രാജേഷിനും കാർട്ടൂണിസ്റ്റ് ടി.കെ.സുജിത്തിനും വീണ്ടും സംസ്ഥാന മാദ്ധ്യമ പുരസ്കാരം. 2022ലെ പുരസ്കാരമാണ് ഇന്ന് പ്രഖ്യാപിച്ചത്.
ടെലിവിഷൻ വിഭാഗത്തിൽ മികച്ച അഭിമുഖത്തിനു കൗമുദി ടി.വിയ്ക്കു വേണ്ടി കഥയുടെ കുലപതി ടി.പദ്മനാഭനുമായി നടത്തിയ അഭിമുഖമാണ് വി.എസ്.രാജേഷിനെ അവാർഡ് ജേതാവാക്കിയത്. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികമായിരുന്ന 2022ൽ ഇന്ത്യൻ സമൂഹത്തിൽ സ്വാതന്ത്ര്യസമരപ്രതീകങ്ങൾക്ക് വന്ന മാറ്റങ്ങൾ ചിത്രീകരിച്ച കാർട്ടൂണിലൂടെയാണ് സുജിത്തിന് അവാർഡ് ലഭിച്ചത്.
വി.എസ്. രാജേഷിന് സ്ട്രെയിറ്റ് ലൈൻ അഭിമുഖത്തിനു ലഭിക്കുന്ന നാലാമത്തെ സംസ്ഥാനഅവാർഡാണിത്. പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ ദേശീയ അവാർഡ്, വി.കെ.മാധവൻ കുട്ടി സമഗ്ര സംഭാവന പുരസ്ക്കാരം,കേരള നിയമസഭ അവാർഡ്, ശിവറാം അവാർഡ്,പാമ്പൻ മാധവൻ സ്മാരക അവാർഡ്,കൃഷ്ണസ്വാമി റെഡ്യാർ അവാർഡ്, തുടങ്ങി പ്രമുഖ അവാർഡുകൾ നേടിയിട്ടുണ്ട്. എസ്.എസ്.എൽസി ചോദ്യപേപ്പർ ചോർച്ച പുറത്തുകൊണ്ടു വന്നതിനു രാഷ്ട്രപതിയിൽ നിന്നുൾപ്പെടെ അവാർഡുകൾ കരസ്ഥമാക്കി. ദക്ഷിണാഫ്രിക്കയിൽ ബ്രിക്സ് ഉച്ചകോടി കവർ ചെയ്യാൻ പ്രധാനമന്ത്രിയുടെ മാദ്ധ്യമ സംഘത്തിൽ അംഗമായിരുന്നു. ഇന്ത്യൻ പനോരമ ഫീച്ചർ ഫിലിം ജൂറി അംഗമായിരുന്നു. ‘ശിവനയനം’ എന്ന പുസ്തകത്തിനു അബുദാബി ശക്തി സാഹിത്യ പുരസ്ക്കാരം നേടി. ഇതേ പേരിൽ സന്തോഷ് ശിവൻ സംവിധാനം ചെയ്ത ഡോക്യുമെന്ററിക്കു തിരക്കഥയും സംഭാഷണവും രചിച്ചു. കഴിഞ്ഞ എട്ടുവർഷമായി കൗമുദി ടിവിയിൽ ചെയ്തുവരുന്ന സ്ട്രെയിറ്റ് ലൈൻ അഭിമുഖ പരിപാടി 500 എപ്പിസോഡ്പൂർത്തിയാക്കി. ഇക്കഴിഞ്ഞ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് കേരളകൗമുദിക്കുവേണ്ടി റിപ്പോർട്ട് ചെയ്തു. തിരുവനന്തപുരം അരുവിയോട് സെന്റ് റീത്താസ് സ്കൂൾ അദ്ധ്യാപിക എസ്.എസ്. ദീപയാണ് ഭാര്യ. മാറനല്ലൂർ ക്രൈസ്റ്റ് നഗർ കോളേജിലെ ബി.ബി.എ വിദ്യാർത്ഥി രാജ് ദീപ് ശ്രീധർ മകനാണ്. കൊല്ലം കടപ്പാക്കട കൈരളിയിൽ പരേതരായ വി.കെ.വാസുക്കുട്ടിപ്പണിക്കരുടെയും പി.സതിദേവിയുടെയും മകനാണ്. ഡോ.വി.എസ്.മോഹൻസിംഗ് (മസ്ക്കറ്റ് ), വി.എസ്.ഗീതാറാണി (റിട്ട: വി.എസ്.എസ്. സി ) എന്നിവർ സഹോദരങ്ങളാണ്.
തൃശൂർ തിരുമിറ്റക്കോട് പരേതരായ ടി.ആർ കുമാരന്റേയും പി.ആർ തങ്കമണിയുടേയും മകനായ സുജിത്തിന് പന്ത്രണ്ടാം തവണയാണ് കാർട്ടൂണിനുള്ള സംസ്ഥാന മാദ്ധ്യമ അവാർഡ് ലഭിക്കുന്നത്.ഭരണഘടനാ നിയമത്തിൽ ബിരുദാനന്തരബിരുദം നേടിയിട്ടുള്ള സുജിത്ത് 2001 മുതൽ കേരളകൗമുദിയിൽ കാർട്ടൂണിസ്റ്റാണ്.ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർട്ടൂണിസ്റ്റ്സിന്റെ ദേശീയ കാർട്ടൂൺ പുരസ്‌കാരം,മൂന്നുതവണ കേരള ലളിതകലാ അക്കാഡമി അവാർഡ്,കേരള മീഡിയ അക്കാഡമി ഫെലോഷിപ്പ്,എട്ടുതവണ തിരുവനന്തപുരം പ്രസ് ക്ലബ് അവാർഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഭാര്യ:അഡ്വ.എം നമിത. എം.ജി കോളേജിൽ ബിരുദവിദ്യാർത്ഥി ആയ അമൽ, കോട്ടൺഹിൽ സ്‌കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ ഉമ എന്നിവർ മക്കളാണ്.
Source link