ഡൽഹി റെയിൽവേ സ്റ്റേഷനിലെ അപകടം; ദൃശ്യങ്ങൾ എത്രയും വേഗം നീക്കണം, എക്സിന് നോട്ടീസ് അയച്ച് റെയിൽവേ

ന്യൂഡൽഹി: തിക്കിലും തിരക്കിലും അകപ്പെട്ട് ഡൽഹി റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർ മരിക്കാൻ കാരണമായ സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ നിന്ന് നീക്കം ചെയ്യാൻ നോട്ടീസ് അയച്ചതായി റെയിൽവേ മന്ത്രാലയം. എക്സിൽ നിന്ന് അപകടത്തിന്റെ ദൃശ്യങ്ങൾ അടങ്ങുന്ന 285 ലിങ്കുകൾ പിൻവലിക്കാനാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതിന്റെ ധാർമ്മിക പ്രശനങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഈ മാസം 17ന് റെയിൽവേ എക്സിന് നോട്ടീസ് അയച്ചത്. 36 മണിക്കൂറിനുള്ളിൽ നടപടി സ്വീകരിക്കാനാണ് നിർദ്ദേശം. ഇത്തരത്തിലുള്ള ദൃശ്യങ്ങൾ പങ്കുവയ്ക്കുന്നത് ഇന്ത്യൻ റെയിൽവേയുടെ പ്രവർത്തനത്തെ തന്നെ ബാധിക്കുന്നതാണെന്നും എക്സിന്റെ നയങ്ങൾക്ക് എതിരാണെന്നും നോട്ടീസിൽ പറയുന്നുണ്ട്.
പ്രയാഗ് രാജിലേക്കുള്ള രണ്ട് ട്രെയിനുകൾ സ്‌റ്റേഷനിലെത്തിയ സമയത്തുണ്ടായ തിക്കിലും തിരക്കിലും പെട്ട് സ്ത്രീകളും കുട്ടികളുമടക്കം പതിനെട്ട് പേരാണ് മരിച്ചത്. ഇവരുടെ കുടുംബത്തിന് റെയിൽവേ ധനസഹായവും പ്രഖ്യാപിച്ചിരുന്നു. മരിച്ചവരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ വീതവും അപകടത്തിൽ ഗുരുതര പരിക്കേറ്റവർക്ക് രണ്ടര ലക്ഷം രൂപ വീതവും ചെറിയ പരിക്കുളളവർക്ക് ഒരു ലക്ഷം വീതവുമാണ് പ്രഖ്യാപിച്ചത്.
Source link