അണുബാധ നിയന്ത്രണവിധേയം,എങ്കിലും ഫ്രാന്‍സിസ് മാര്‍പാപയുടെ ആരോഗ്യനില അപകടാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്

വത്തിക്കാന്‍ സിറ്റി: ന്യുമോണിയ ബാധ ഗുരുതരമായതിനെ തുടർന്ന് റോമിലെ ജെമെല്ലൈ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനില അപകടനിലയില്‍ തുടരുന്നതായി റിപ്പോര്‍ട്ട്. ന്യുമോണിയ നിയന്ത്രണവിധേയമായിട്ടുണ്ടെങ്കിലും അണുബാധ രക്തത്തിലേക്ക് വ്യാപിച്ച് ‘സെപ്‌സിസ്’ എന്ന അവസ്ഥയിലേക്ക് നയിക്കാന്‍ സാധ്യതയുള്ളതിനാല്‍ അദ്ദേഹം ആശുപത്രിയില്‍ നിരീക്ഷണത്തില്‍ തുടരുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഫ്രാന്‍സിസ് മാര്‍പാപ്പയെ ദീര്‍ഘകാലമായി ശ്വാസകോശ സംബന്ധമായ രോഗം അലട്ടുകയാണെന്നും മാര്‍പാപ്പയുടെ രക്തത്തില്‍ പ്ലേറ്റ്‌ലെറ്റിന്റെ അളവ് കുറഞ്ഞതിനാല്‍ വെള്ളിയാഴ്ച അദ്ദേഹത്തിന് രക്തംമാറ്റിവെച്ചിരുന്നുവെന്നും വത്തിക്കാന്‍ അറിയിച്ചു. ഫെബ്രുവരി 14 നാണ് ബ്രോങ്കൈറ്റിസിനെ തുടര്‍ന്ന് മാര്‍പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് ഇരുശ്വാസകോശങ്ങളിലും കടുത്ത അണുബാധ വ്യാപിക്കുകയായിരുന്നു. രക്തത്തില്‍ പ്ലേറ്റ്‌ലെറ്റിന്റെ അളവ് കുറയുന്ന ‘ത്രോംബോസൈറ്റോഫീനിയ’ എന്ന അവസ്ഥയോടൊപ്പം വിളര്‍ച്ചയും ബാധിച്ചതിനാലാണ് ആരോഗ്യനിലയില്‍ പുരോഗതിയുണ്ടാകാത്തതെന്നാണ് റിപ്പോര്‍ട്ട്. ആരോഗ്യനില ഗുരുതരമാണെങ്കിലും അദ്ദേഹം കിടപ്പിലല്ലെന്നും അധികസമയവും ചാരുകസേരയില്‍ വിശ്രമിക്കുകയാണെന്നും അതേ സമയം കൂടുതല്‍ ക്ഷീണിതനായാണ് കാണപ്പെടുന്നതെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഞായറാഴ്ച കുര്‍ബാനയ്ക്ക പങ്കെടുക്കുന്നില്ലെങ്കിലും അദ്ദേഹത്തിന്റെ സന്ദേശം വത്തിക്കാന്‍ പ്രസിദ്ധീകരിച്ചു. ആരോഗ്യനില മോശമാണെങ്കിലും ആശുപത്രി മുറിക്കുള്ളിലിരുന്ന് മാര്‍പാപ്പ തന്റെ ചുമതലകള്‍ പരമാവധി നിറവേറ്റാന്‍ ശ്രമിക്കുന്നുണ്ടെന്നും വത്തിക്കാന്‍ വ്യക്തമാക്കി.
Source link