തെലങ്കാനയിൽ നിർമാണത്തിലിരുന്ന തുരങ്കം തകർന്ന് ഏഴ് തൊഴിലാളികൾ കുടുങ്ങി, അകപ്പെട്ടവർക്കായി രക്ഷാപ്രവർത്തനം
ഹൈദരാബാദ്: തെലങ്കാനയിൽ നിർമാണത്തിലിരുന്ന തുരങ്കത്തിന്റെ ഒരു ഭാഗം തകർന്നുവീണ് ഏഴ് തൊഴിലാളികൾ കുടുങ്ങിപ്പോയതായി റിപ്പോർട്ട്. ശ്രീശൈലം അണക്കെട്ടിന് പിന്നിലുളള തുരങ്കത്തിന്റെ ഒരു ഭാഗത്ത് ചോർച്ച ഒഴിവാക്കാനായാണ് തൊഴിലാളികൾ എത്തിയത്. ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു അപകടം. സംഭവസമയത്ത് തുരങ്കത്തിൽ 50 തൊഴിലാളികൾ ഉണ്ടായിരുന്നു. ഇവരിൽ 43 പേരെ സുരക്ഷിതമായി പുറത്തെത്തിച്ചിട്ടുണ്ട്.കൂടുതൽ വിവരങ്ങൾ ശേഖരിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു. ടണലിന്റെ 14 കിലോമീറ്റർ ഉളളിലായാണ് അപകടം സംഭവിച്ചത്.
നാഗർകുർനൂൾ ജില്ലയിൽ അമ്രാബാദിലാണ് തുരങ്കം സ്ഥിതി ചെയ്യുന്നത്. അടഞ്ഞുകിടന്നിരുന്ന തുരങ്കം നാല് ദിവസം മുൻപാണ് തുറന്നത്. കുടുങ്ങിപ്പോയവരെ തിരികെ കൊണ്ടുവരാനുളള രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. സംഭവത്തിൽ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചിട്ടുണ്ട്, തകർച്ചയിൽ നിരവധി പേർക്ക് പരിക്കേറ്റതായി മന്ത്രി അറിയിച്ചെങ്കിലും കൃത്യമായ കണക്കുകൾ പുറത്തുവിട്ടിട്ടില്ല. സംഭവസ്ഥലത്ത് ജില്ലാ കളക്ടർ,അഗ്നിശമന വകുപ്പ്. ജലസേചന വകുപ്പിലെ ഉദ്യോഗസ്ഥർ എത്തിയിട്ടുണ്ട്, ജനസേചന മന്ത്രി എൻ ഉത്തം കുമാർ അപകടസ്ഥലം നിരീക്ഷിക്കുന്നതിനായി ഹെലികോപ്ടറിൽ പുറപ്പെട്ടിട്ടുണ്ട്.
Source link