KERALAM

‘ഉമ്മ  വീട്ടിൽ  നിന്നും  ഇറക്കിവിട്ടു’; പരാതിയുമായി രണ്ടാംക്ലാസുകാരൻ എത്തിയത്   ഫയർഫോഴ്‌സ്  സ്റ്റേഷനിൽ

മലപ്പുറം: അമ്മ വഴക്കുപറഞ്ഞതിന് പിന്നാലെ രണ്ടാം ക്ലാസുകാരൻ പരാതിയുമായി എത്തിയത് ഫയർഫോഴ്‌സ് സ്റ്റേഷനിൽ. കുട്ടി ഒറ്റയ്ക്ക് നാല് കിലോമീറ്ററോളം നടന്നാണ് ഫയർഫോഴ്സ് സ്റ്റേഷനിൽ എത്തിയത്. ഇരുമ്പുഴിയിൽ നിന്ന് മലപ്പുറം ഫയർഫോഴ്സ് സ്റ്റേഷനിലാണ് കുട്ടി നടന്ന് എത്തിയത്. പൊലീസ് സ്റ്റേഷനെന്ന് കരുതിയാണ് കുട്ടി ഫയർ സ്റ്റേഷനിലെത്തിയത്. തുടർന്ന് അഗ്നിശമനസേന ഉദ്യോഗസ്ഥർ കുട്ടിയുടെ പിതാവിനെയും ചെെൽഡ് ലെെനേയും വിവരമറിയിച്ചു. ചെെൽഡ് ലെെൻ പ്രവർത്തകരാണ് കുട്ടിയെ സുരക്ഷിതമായി വീട്ടിലെത്തിച്ചത്.

കഴിഞ്ഞ ദിവസം ഉച്ചസമയത്താണ് കുട്ടി ഫയർഫോഴ്സ് സ്റ്റേഷന് മുന്നിൽ എത്തിയത്. ഇത് ശ്രദ്ധയിൽപെട്ട ഒരു ഉദ്യോഗസ്ഥൻ കുട്ടിയോട് കാര്യം തിരക്കി. ഉമ്മ വീട്ടിൽ നിന്നും ഇറക്കിവിട്ടതാണെന്നാണ് കുട്ടി മറുപടി പറഞ്ഞത്. കാഴ്ചയിൽ വളരെ ക്ഷീണിതനായിരുന്നതിനാൽ കുട്ടിക്ക് വെള്ളവും ഭക്ഷണവും നൽകിയതായി ഉദ്യോഗസ്ഥർ പറയുന്നു. ഭക്ഷണം കഴിച്ചതോടെ കുട്ടി ഉഷാറായെന്നും അവർ കൂട്ടിച്ചേർത്തു. ശേഷം കുട്ടിയോട് കാര്യങ്ങൾ തിരക്കിയാണ് വീട്ടിൽ വിവരം അറിയിച്ചത്. കുട്ടി അടുത്ത ഒരു സ്കൂളിലാണ് പഠിക്കുന്നതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

ആദ്യമായിട്ടാണ് ഇത്തരം ഒരു അനുഭവമെന്നും ഉദ്യോഗസ്ഥർ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. കുട്ടി പറഞ്ഞതനുസരിച്ച് അന്വേഷണം നടത്തിയ ശേഷമാണ് കുട്ടിയെ വീട്ടുകാർക്കൊപ്പം അയച്ചത്. വീട്ടിലെത്തിയ ശേഷമാണ് കുട്ടി പൊലീസ് സ്റ്റേഷനിലേക്കാണ് പോകാൻ ശ്രമിച്ചതെന്ന് ഉമ്മയോട് പറഞ്ഞത്.


Source link

Related Articles

Back to top button