10 ലക്ഷത്തിന് അരലക്ഷം ഷെയർ ട്രേഡിംഗിന്റെ മറവിൽ തട്ടിച്ചത് 150 കോടി

ഇരിങ്ങാലക്കുട : പത്ത് ലക്ഷം നിക്ഷേപത്തിന് അരലക്ഷം. ഷെയർ ട്രേഡിംഗിന്റെ മറവിൽ വൻ തുക വാഗ്ദാനം ചെയ്ത് തട്ടിച്ചത് 150ഓളം കോടി രൂപ. ഇരിങ്ങാലക്കുട കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ബില്യൺ ബീസ് എന്ന സ്ഥാപനമാണ് വൻ തട്ടിപ്പിനുപിന്നിൽ. നൂറിലധികം നിക്ഷേപകരിൽ നിന്ന് സ്വീകരിച്ച കോടികളുമായി ഉടമകൾ മുങ്ങി. പത്ത് ലക്ഷം രൂപ നിക്ഷേപിച്ചാൽ പ്രതിമാസം മുപ്പതിനായിരം മുതൽ അരലക്ഷം രൂപ വരെ ലാഭവിഹിതമാണ് വാഗ്ദാനം. ട്രേഡിംഗിൽ നിക്ഷേപിച്ചാൽ വൻ ലാഭ വിഹിതവും കിട്ടും. ആറ് പേർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സ്ഥാപന ഉടമകളായ നടവരമ്പ് സ്വദേശി ബിബിൻ, ഭാര്യ ജയ്ത, ബിബിന്റെ സഹോദരന്മാരായ സുബിൻ, ലിബിൻ എന്നിവർക്കെതിരെ കേസെടുത്തു. ഇവർ ദുബായിലേക്ക് കടന്നതായാണ് കരുതുന്നത്.
ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. പണം തിരികെ ആവശ്യപ്പെടുന്ന പക്ഷം രണ്ട്, മൂന്ന് ദിവസത്തിനുള്ളിൽ നൽകാമെന്നും ലാഭവിഹിതത്തിന്റെ ഒരു ഭാഗം എല്ലാ മാസവും നൽകാമെന്നുമായിരുന്നു നിക്ഷേപകരുമായി പ്രതികൾ കരാറുണ്ടാക്കിയിരുന്നത്. പ്രതികളുടെ അക്കൗണ്ട് വഴിയാണ് പണം സ്വീകരിച്ചിരുന്നത്. പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. 32 ഓളം പേർ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.
വൻ തുക കൊടുത്ത്
പ്രലോഭനം
ട്രേഡിംഗിലൂടെ ആദ്യകാലങ്ങളിൽ വലിയ തുക ലഭിച്ചു. അത് നിക്ഷേപകർക്ക് നൽകി. ഇതോടെ സ്ഥാപനത്തിൽ വിശ്വാസമർപ്പിച്ച് കൂടുതൽ പേർ പണം നിക്ഷേപിച്ചു. എന്നാൽ പിന്നീട് പലർക്കും പണം തിരികെ ലഭിക്കാതായി. മാസങ്ങൾക്ക് മുൻപേ അത്യാഡംബരമായി നിർമ്മിച്ച ഇരിങ്ങാലക്കുട എ.കെ.പി റോഡിലെ പാം സ്‌ക്വയർ ബിൽഡിംഗിലെ സ്ഥാപനം അടച്ചു. ഇതോടെയാണ് നിക്ഷേപകർ പൊലീസിനെ സമീപിച്ചത്. നിക്ഷേപകരുടെ വാട്‌സ് അപ്പ് കൂട്ടായ്മയ്ക്കും രൂപം നൽകി.
Source link