ഇന്ത്യയ്ക്ക് US തിരഞ്ഞെടുപ്പ് ഫണ്ട് നൽകിയിട്ടില്ലെന്ന് വാഷിങ്ടൺ പോസ്റ്റ്; നുണ പൊളിഞ്ഞെന്ന് കോൺഗ്രസ്

വാഷിങ്ടണ്‍: ഇന്ത്യയിലെ തിരഞ്ഞെടുപ്പിനായി യു.എസ്. ഫണ്ട് നല്‍കിയിരുന്നുവെന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാദം തെറ്റെന്ന് അമേരിക്കയിലെ മുന്‍നിര ദിനപത്രമായ വാഷിങ്ടണ്‍ പോസ്റ്റ്. തിരഞ്ഞെടുപ്പിലെ ജനങ്ങളുടെ പങ്കാളിത്തം വര്‍ധിപ്പിക്കാനായി യു.എസ്.എ.ഐ.ഡിയില്‍ നിന്ന് ഇന്ത്യയ്ക്ക് 2.1 കോടി ഡോളര്‍ (160 കോടി ഇന്ത്യന്‍ രൂപ) നല്‍കിയെന്നാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇലോണ്‍ മസ്‌കിന് കീഴിലുള്ള ‘ഡോജും’ പറഞ്ഞത്. എന്നാല്‍ ഈ ആരോപണം തെറ്റാണെന്ന് കഴിഞ്ഞദിവസം ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. യു.എസ്.എ.ഐ.ഡിയില്‍ നിന്നുള്ള 2.1 കോടി ഡോളര്‍ 2022-ല്‍ അനുവദിച്ചത് ബംഗ്ലാദേശിനാണ് എന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തത്. ഇത് ശരിവെക്കുന്നതാണ് വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ടും. ‘എങ്ങനെയാണ് ഡോജിന്റെ തെറ്റായൊരു അവകാശവാദം ഇന്ത്യയില്‍ രാഷ്ട്രീയക്കൊടുങ്കാറ്റ് ആളിക്കത്തിച്ചത്?’ എന്ന തലക്കെട്ടിലാണ് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.
Source link