KERALAM

നിക്ഷേപക സംഗമത്തിന് ആവേശത്തുടക്കം

കൊച്ചി: ഇൻവെസ്‌റ്റ് കേരളയിൽ വിദേശ പ്രതിനിധികളുടെയും പ്രവാസി, ആഭ്യന്തര സംരംഭകരുടെയും ഉജ്ജ്വല പങ്കാളിത്തം. രാഷ്ട്രീയം മറന്ന് ഭരണ-പ്രതിപക്ഷം ഒത്തൊരുമിച്ച് കേരളത്തിലെ മാറിയ നിക്ഷേപക, സാമൂഹികാന്തരീക്ഷം ലോകത്തിനു മുന്നിൽ അവതരിപ്പിച്ചു.

യു.എ.ഇ, ബഹ്റൈൻ വ്യവസായ മന്ത്രിമാരും അദാനി ഗ്രൂപ്പും കോൺഫെഡറേഷൻ ഒഫ് ഇന്ത്യൻ ഇൻഡസ്ട്രിയും ലുലു ഗ്രൂപ്പുമെല്ലാം നിക്ഷേപ താത്പര്യം പ്രകടിപ്പിച്ചതോടെ ഉച്ചകോടി ആദ്യദിനംതന്നെ ആവേശം പകർന്നു.

രണ്ട് ദിവസത്തെ സംഗമത്തിൽ 26 രാജ്യങ്ങളിലെ മൂവായിരത്തിലേറെ പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്. ജർമ്മനി, നോർവേ, വിയറ്റ്‌നാം, ഓസ്ട്രലിയ, മലേഷ്യ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിലെ സംരംഭകരും കേരളത്തിലെ നിക്ഷേപക സാഹചര്യങ്ങൾ ഉപയോഗപ്പെടുത്താൻ രംഗത്തുണ്ട്. സമുദ്രാധിഷ്ഠിത വ്യവസായങ്ങൾ, മെഡിടെക്ക്, ഫാർമ, ആരോഗ്യം, ടൂറിസം, എ.ഐ, ലോജിസ്‌റ്റിക്സ്, ബയോടെക്നോളജി, ആയുർവേദം തുടങ്ങി 22 മേഖലകളിലെ വ്യവസായ സാദ്ധ്യതകളാണ് ചർച്ച ചെയ്യുന്നത്.

ദൈവത്തിന്റെ സ്വന്തം നാടെന്ന ടാഗ്‌ലൈനിൽ വിപ്ളവം സൃഷ്‌ടിച്ച കേരള ബ്രാൻഡിനെ ‘നിക്ഷേപകരുടെ സ്വർഗ ഭൂമി”യാക്കി മാറ്റുമെന്ന് മുഖ്യസംഘാടകനും വ്യവസായ മന്ത്രിയുമായ പി. രാജീവ് വ്യക്തമാക്കി. നടപടിക്രമങ്ങളുടെ നൂലാമാല ഒഴിവാക്കി സംരംഭകർക്ക് ലളിതവും സുതാര്യവുമായ നിക്ഷേപക സാഹചര്യമൊരുക്കുന്നതിനാണ് മുൻഗണന.

സർക്കാരിന് പൂർണ പിന്തുണ പ്രഖ്യാപിച്ച് ട്രേഡ് യൂണിയനുകളും പ്രതിപക്ഷവും ഉച്ചകോടിക്ക് ഉൗർജം പകർന്നു. സമരങ്ങളുടെയും ഹർത്താലുകളുടെയും നാടെന്ന ആരോപണത്തിൽ കഴമ്പില്ലെന്ന് വ്യക്തമാക്കിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പ്രഖ്യാപനം നിക്ഷേപകർ കരഘോഷത്താേടെയാണ് സ്വീകരിച്ചത്.

ചുവപ്പുനാടയെ പേടിക്കേണ്ട

ചുവപ്പുനാടകളിൽ കുരുങ്ങി വ്യവസായ പദ്ധതികൾ മുടങ്ങുന്ന സാഹചര്യം ഇനിയുണ്ടാകില്ലെന്ന ഉറപ്പോടെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ നിക്ഷേപകർക്ക് ആത്മവിശ്വാസം പകർന്നത്. തുറമുഖങ്ങളും വിമാനത്താവളങ്ങളും റോഡുകളുമടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിൽ വിപ്ളവകരമായ മാറ്റങ്ങളാണ് സംസ്ഥാനത്തുണ്ടായതെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.

ചേർത്തുപിടിച്ച് കേന്ദ്രം

2047ൽ വികസിത ഇന്ത്യയെന്ന ലക്ഷ്യത്തിലേക്ക് നീങ്ങുന്ന ഇന്ത്യയുടെ വളർച്ചയുടെ ഗുണഫലങ്ങൾ കേരളത്തിനും ലഭ്യമാക്കാൻ കേന്ദ്ര സർക്കാരിന്റെ പൂർണ സഹകരണം ഉച്ചകോടിയിൽ കേന്ദ്ര മന്ത്രിമാരായ നിതിൻ ഗഡ്കരിയും പീയുഷ് ഗോയലും ജയന്ത് ചൗധരിയും വാഗ്ദാനം ചെയ്തു. കേരളത്തിലെ പശ്ചാത്തല വികസനത്തിനായി മൂന്ന് ലക്ഷം കോടി രൂപയുടെ നിക്ഷേപം ഗഡ്കരി പ്രഖ്യാപിച്ചു. ഗ്രീൻഫീൽഡ് ഹൈവേയും റിംഗ് റോഡും പാലക്കാട് വ്യവസായ പാർക്കും ഉൾപ്പെടെ യാഥാർത്ഥ്യമാകുന്നതോടെ കേരളത്തിന് വികസന രംഗത്ത് ഏറെ മുന്നേറാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രതീക്ഷയിൽ കോർപ്പറേറ്റ് ലോകം

കേരളത്തിലെ നിക്ഷേപ സാഹചര്യങ്ങൾ ഉപയോഗപ്പെടുത്താൻ ദേശീയ, വിദേശ കോർപ്പറേറ്റ് ഗ്രൂപ്പുകൾ വിപുലമായ താത്പര്യമാണ് പ്രകടിപ്പിക്കുന്നത്. അദാനി പോർട്സ് മാനേജിംഗ് ഡയറക്‌ടറും സി.ഇ.ഒയുമായ കരൺ അദാനി ആദ്യ ദിനത്തിൽ 30,000 കോടി രൂപയുടെ നിക്ഷേപം വാഗ്ദാനം ചെയ്തു. ലുലു ഗ്രൂപ്പ് മേധാവി എം.എ. യൂസഫലി കൊച്ചി കളമശേരിയിൽ പുതിയ ഭക്ഷ്യ സംസ്കരണ പാർക്കിന് താത്പര്യം പ്രകടിപ്പിച്ചു. ഐ.ടി.സി ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ സഞ്ജീവ് പുരിയും പുതിയ പദ്ധതി കേരളത്തിൽ പ്രഖ്യാപിച്ചു.


Source link

Related Articles

Back to top button