32 പുതിയ എസി ബസുകൾ വാങ്ങും; ബെംഗളൂരു റൂട്ടിലേക്ക്് കൂടുതൽ സർവിസ് ആരംഭിക്കാൻ കെഎസ്ആർടിസി

ബെംഗളൂരു ∙ പുതിയ 32 എസി ബസുകൾ വാങ്ങാനുള്ള കരാർ ഉറപ്പിച്ചതോടെ ബെംഗളൂരു റൂട്ടിലേക്ക്് കേരള ആർടിസിയുടെ കൂടുതൽ എസി ബസുകളെത്തും. 8 സ്ലീപ്പർ, 14 എസി സീറ്റർ കം സ്ലീപ്പർ, 10 സീറ്റർ ബസുകളാണ് പുതുതായി വാങ്ങുന്നത്. മികച്ച വരുമാനം ലഭിക്കുന്ന ബെംഗളൂരു സെക്ടറിൽ കേരള ആർടിസിയുടെ വോൾവോ, സ്കാനിയ ബസുകൾ പലതും 10 വർഷത്തിലേറെ കാലപ്പഴക്കമുള്ളതാണ്. ഓട്ടത്തിനിടെ ബസുകൾ തകരാറിലാകുന്നതു പതിവായതോടെ വരുമാനനഷ്ടവും നേരിടുന്നുണ്ട്. കർണാടക ആർടിസിയും സ്വകാര്യ ബസുകളും കൂടുതൽ എസി സ്ലീപ്പർ സർവീസുകൾ ആരംഭിച്ചതോടെ പഴഞ്ചൻ ബസുകളുള്ള കേരള ആർടിസിക്ക് ഇവരുമായി മത്സരിക്കാനാകുന്നില്ല. 3 വർഷം മുൻപ് കേരള ആർടിസിയുടെ എസി സ്വിഫ്റ്റ് ബസുകൾ എത്തിയെങ്കിലും ചുരുക്കം റൂട്ടുകളിൽ മാത്രമാണ് ഇവ സർവീസ് നടത്തുന്നത്.സ്വിഫ്റ്റിന്റെ മൾട്ടി ആക്സിൽ എസി സ്ലീപ്പർ ബസായ ഗജരാജയുടെ 4 വീതം സർവീസുകൾ തിരുവനന്തപുരത്തേക്കും എറണാകുളത്തേക്കുമാണ്. ഈ ബസുകൾ തകരാറിലായാൽ പകരം ഓടിക്കാൻ സ്ലീപ്പർ ബസില്ല. കൂടാതെ സ്വിഫ്റ്റിന്റെ തിരുവനന്തപുരം സീറ്റർ കം സ്ലീപ്പർ ബസ് സർവീസ് ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രമാണ്. 2 ബസുകൾ ഉണ്ടെങ്കിൽ പ്രതിദിന സർവീസ് ആരംഭിക്കാം.
Source link