ഒൻപത് മാസമായി വേതനം ലഭിക്കാതെ ഹയർ സെക്കൻഡറി താത്കാലിക അദ്ധ്യാപകർ

തിരുവനന്തപുരം: അദ്ധ്യയനവർഷം തുടങ്ങി ഒൻപത് മാസമായിട്ടും വേതനം ലഭിക്കാതെ 1500 ഹയർ സെക്കൻഡറി താത്കാലിക അദ്ധ്യാപകർ. അതതു റീജിയണൽ ഓഫീസ് വഴി ലഭിക്കേണ്ട അംഗീകാര ഉത്തരവ് ലഭിക്കാത്തതിനാലാണ് വേതനം മുടങ്ങുന്നത്.
അംഗീകാര ഉത്തരവ് ലഭിക്കുന്ന തീയതി മുതൽ അതത് മാസം ശമ്പളം നൽകണമെന്നാണ് വ്യവസ്ഥ. ഓരോ മാസവും ശമ്പളം പാസാക്കലുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങളിൽ നിന്നൊഴിവാകാനാണ് റീജിയണൽ ഓഫീസുകൾ ഉത്തരവ് വൈകിപ്പിക്കുന്നതെന്ന് അദ്ധ്യാപകർ ആരോപിക്കുന്നു. അദ്ധ്യയന വർഷത്തിന്റെ അവസാനം അംഗീകാരം നൽകിയാൽ ശമ്പളം ഒന്നിച്ച് നൽകിയാൽ മതി.
രണ്ട് ജില്ലയ്ക്ക് ഒരെണ്ണം എന്ന നിലയിൽ ഏഴ് റീജിയണൽ ഓഫീസുകളാണുള്ളത്.
എല്ലാ അദ്ധ്യയനവർഷത്തിന്റെയും ആരംഭത്തിൽ സർക്കാർ ഗൈഡ്ലൈൻ അനുസരിച്ച് എയ്ഡഡ് മാനേജ്മെന്റുകൾ അഭിമുഖം നടത്തും. താത്കാലിക അദ്ധ്യാപകരെ ദിവസവേതന അടിസ്ഥാനത്തിലാണ് നിയമിക്കുന്നത്. പീരിയഡിന്റെ എണ്ണം അനുസരിച്ചാണ് വേതനം. സീനിയർ തസ്തികയ്ക്ക് ഒരാഴ്ചയിൽ 16 – 25 പീരിയഡ് വരെയാണുള്ളത്. ഇവരുടെ ഒരു ദിവസത്തെ വേതനം 1455 രൂപയാണ്. ഒരാഴ്ചയിൽ എട്ട് മുതൽ 15 പീരിയഡ് വരെ ക്ളാസുകളുള്ള ജൂനിയർ അദ്ധ്യാപകർക്ക് 1205 രൂപയാണ് വേതനം. അവധി ദിവസങ്ങൾ ഒഴിവാക്കിയാണ് വേതനം നൽകുന്നത്.
സ്ഥിരം അദ്ധ്യാപകരുടെ യോഗ്യതയുണ്ടായിട്ടും അവർ ചെയ്യുന്ന അതേജോലി ചെയ്തിട്ടും തങ്ങൾക്ക് പ്രതിഫലം ലഭിക്കാത്തത് മനുഷ്യാവകാശ ലംഘനമാണെന്ന് അദ്ധ്യാപകർ പറയുന്നു. അതേസമയം ഗവൺമെന്റ് സ്കൂളുകളിൽ ഇതേ നിബന്ധനപ്രകാരം നിയമനം നേടുന്നവർക്ക് അതത് മാസം വേതനം ലഭിക്കുന്നുമുണ്ട്.
Source link