ആശാവർക്കർമാരുടെ പ്രശ്നങ്ങൾ; ഇടപെട്ട് ദേശീയ മനുഷ്യാവകാശ കമ്മിഷൻ

ന്യൂഡൽഹി : ആശാവർക്കർമാർ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സഹകരിച്ച് പ്രവർത്തിക്കണമെന്ന് നിർദ്ദേശിച്ച് ദേശീയ മനുഷ്യാവകാശ കമ്മിഷൻ. സെക്രട്ടേറിയറ്റിന് മുന്നിൽ ആശ വർക്കർമാരുടെ സമരം തുടരുന്നതിനിടെയാണ് ദേശീയതലത്തിലെ അവരുടെ പ്രശ്നങ്ങളിൽ ഉൾപ്പെടെ കമ്മിഷന്റെ ഇടപെടൽ. ‘ആശാ വർക്കർമാരുടെ ശാക്തീകരണം’ എന്ന വിഷയത്തിൽ കമ്മിഷൻ ഇന്നലെ കോർ ഗ്രൂപ്പ് യോഗം സംഘടിപ്പിച്ചിരുന്നു. ഹൈബ്രിഡ് മോഡിൽ നടന്ന യോഗത്തിൽ വിവിധ പരാതികൾ കമ്മിഷന് മുന്നിലെത്തി.
കമ്മിഷൻ ചെയർപേഴ്സൺ ജസ്റ്റിസ് വി.രാമസുബ്രഹ്മണ്യൻ, അംഗം ജസ്റ്റിസ് ബിദ്യുത് രഞ്ജൻ സാരംഗി, സെക്രട്ടറി ജനറൽ ഭരത് ലാൽ, മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. 20 വർഷത്തിലേറെയായി രാജ്യത്തെ ആരോഗ്യ സംരക്ഷണ മേഖലയിലെ പുരോഗതിക്കായി ആശാ വർക്കർമാർ ശ്രദ്ധേയ സംഭാവനകൾ നൽകിയെന്ന് കമ്മിഷൻ ചെയർപേഴ്സൺ പറഞ്ഞു. രാജ്യത്ത് നവജാതശിശു മരണനിരക്കിൽ ഗണ്യമായ കുറവുണ്ടായതിനു പിന്നിൽ അവരുടെ പ്രവർത്തനമാണ്. ജോലിഭാരം, വിഭവങ്ങളുടെ അഭാവം തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കപ്പെടണം. സമൂഹത്തിന് നൽകുന്ന സംഭാവനകൾക്ക് ആനുപാതികമല്ല പ്രതിഫലം. ഇൻസെന്റീവ് അടിസ്ഥാനമാക്കിയുള്ള വേതന ഘടനയ്ക്ക് പകരം സ്ഥിര ശമ്പളവും, പെർഫോമൻസ് കണക്കാക്കിയുള്ള ആനൂകൂല്യങ്ങളും നൽകേണ്ടതുണ്ട്. ആരോഗ്യ ഇൻഷ്വറൻസ്, പ്രസവാനുകൂല്യങ്ങൾ, അപകട പരിരക്ഷ, പെൻഷൻ, ശമ്പളത്തോടു കൂടിയ അവധി എന്നിവയും ഏർപ്പെടുത്തണം.
ആശ വർക്കർമാരുടെ ജോലി സാഹചര്യങ്ങളും ജീവിത നിലവാരവും മെച്ചപ്പെടുത്തുന്നതിന് വ്യക്തമായ നയവും നടപടികളും കേന്ദ്ര – സംസ്ഥാന സർക്കാരുകൾ സ്വീകരിക്കണമെന്നും കമ്മിഷൻ അഭിപ്രായപ്പെട്ടു.
ആശമാർ സമരം
ചെയ്യേണ്ടത് കേന്ദ്രത്തിന്
എതിരെ: തോമസ് ഐസക്
കണ്ണൂർ: ആശാവർക്കർമാർ സമരം ചെയ്യേണ്ടത് സംസ്ഥാന സർക്കാരിനെതിരെയല്ല കേന്ദ്രത്തിനെതിരെയാണെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഡോ.തോമസ് ഐസക്ക്.
ആശാവർക്കർമാരുടെ വേതനം ആയിരം രൂപയിൽ നിന്ന് ഏഴായിരമാക്കിയത് കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരാണ്. 60 ശതമാനം കേന്ദ്ര വിഹിതവും 40 ശതമാനം സംസ്ഥാന വിഹിതവുമാണ്. കഴിഞ്ഞ കുറെക്കാലമായി കേന്ദ്ര വിഹിതം ലഭിക്കുന്നില്ല. അതുകൊണ്ടാണ് കഴിഞ്ഞ മൂന്നു മാസമായി ഇൻസെന്റീവ് ലഭിക്കാതിരുന്നത്. അതിനാൽ ആശാവർക്കർമാർ സമരം നടത്തേണ്ടത് സെക്രട്ടേറിയറ്റിന് മുമ്പിലല്ല തൊട്ടടുത്ത ഏജീസ് ഓഫീസിന് മുമ്പിലാണ്. കേന്ദ്ര സർക്കാരിനെതിരെ ഇത്തരത്തിലുള്ള സമരം ആശാവർക്കർമാർ മാത്രമല്ല മറ്റു തൊഴിലാളി സംഘടനകളെയും മുൻനിറുത്തി സി.ഐ.ടി.യു നടത്തും.
ആശാ വർക്കർമാരോട്
നിഷേധാത്മക
സമീപനം: വി.മുരളീധരൻ
തൃശൂർ: ആശാ വർക്കർമാരോട് സംസ്ഥാന സർക്കാർ നിഷേധാത്മക സമീപനമാണ് സ്വീകരിക്കുന്നതെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ. തൊഴിലാളി വർഗ പാർട്ടിയെന്ന് വിശേഷിപ്പിക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടി വേതനത്തിനായി സമരം ചെയ്യുന്നവരോട് കാണിക്കുന്നത് അനീതിയാണ്. കൊവിഡ് കാലത്ത് ആശാ വർക്കർമാരുടെ പ്രവർത്തനഫലമാണ് പിണറായിക്ക് ലഭിച്ച രണ്ടാമൂഴം. എൻ.എച്ച്.എം ഫണ്ടിൽ നിന്ന് എന്ത് തുകയാണ് ലഭിക്കാനുള്ളതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര റെയിൽവേ മന്ത്രി പറഞ്ഞത് കേരളത്തിന് വേഗതയുള്ള ട്രെയിനുകൾ വേണമെന്നാണ്. അതിനർത്ഥം സിൽവർ ലൈൻ വേണമെന്നല്ല. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് യോജിച്ച ആളെ കേന്ദ്ര നേതൃത്വം നിശ്ചയിക്കുമെന്നും പറഞ്ഞു.
വ്യാജപ്രചാരണങ്ങളിലൂടെസമരം പൊളിക്കാനാവില്ല
ആർ.സ്മിതാദേവി
തിരുവനന്തപുരം: വ്യാജകഥകൾ പ്രചരിപ്പിച്ച് ആശാവർക്കർമാരുടെ സമരം പൊളിക്കാൻ ശ്രമിക്കുന്നവർ സമരപ്പന്തലിലേക്ക് നേരിട്ടുവരണമെന്ന് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.മിനി.കള്ളക്കഥകൾ മെനഞ്ഞും ഭീഷണിപ്പെടുത്തിയും സമരം അവസാനിപ്പിക്കാനാവില്ല.എസ്. മിനി കേരളകൗമുദിയോട് സംസാരിക്കുന്നു.
സമരത്തിന്റെ മുന്നോട്ടുള്ള ഗതിയെന്തായിരിക്കും?
വിജയിപ്പിക്കാതെ തിരിച്ചുപോകാനാവില്ല. ഏഴായിരംരൂപകൊണ്ട് ഒരു കുടുംബത്തിന് ജീവിക്കാനാവുമോ? രണ്ടുമാസത്തെ ഓണറേറിയം അനുവദിച്ചെന്ന് പറഞ്ഞിട്ട് 6300 രൂപയാണ് കഴിഞ്ഞദിവസം ലഭിച്ചത്.
കേരളത്തിൽ താരതമ്യേന പ്രതിഫലം കൂടുതലാണെന്നും ആശാവർക്കർമാർ മറ്റ് ജോലികൾ ചെയ്യുന്നുണ്ടെന്നുമുള്ള പ്രചാരണത്തിൽ വാസ്തവമുണ്ടോ?
സൈബർ പോരാളികൾ സോഷ്യൽമീഡിയ വഴി പ്രചരിപ്പിക്കുന്ന പച്ചക്കള്ളമാണത്. കർണാടകയിൽ അയ്യായിരം രൂപയുള്ളപ്പോൾ കേരളത്തിൽ 13200 രൂപ ലഭിക്കുന്നു എന്നാണ് പ്രചരിപ്പിക്കുന്നത്.
മൂന്ന് മാസത്തെ ഓണറേറിയം കുടിശികയായിരിക്കുമ്പോഴാണ് ലെപ്രസി അടിയന്തര സർവേയും ശൈലി ആപ്പിന്റെ രണ്ടാംസർവേയുമൊക്കെ നടക്കുന്നത്. ഓരോ വീട്ടിലും അരമണിക്കൂറെങ്കിലും ചെലവഴിച്ചാണ് സർവേകൾ പൂർത്തിയാക്കേണ്ടത്. അപ്പോൾ മറ്റുജോലികൾ ചെയ്യാനാവുമെന്ന് തോന്നുന്നുണ്ടോ. ഒരു വാർഡിന് ഒരു ആശ എന്നാണ് കണക്ക്. ഓരോ വോളന്റിയറും രണ്ടായിരം മൂവായിരം ജനങ്ങളെ സന്ദർശിച്ചാണ് വിവരങ്ങൾ ശേഖരിക്കേണ്ടത്.
സർവേയ്ക്ക് ഉപയോഗിക്കുന്ന ഫോൺപോലും ആശാവർക്കർമാർ സ്വന്തം പണംമുടക്കി വാങ്ങുന്നതാണ്.
ഗവൺമെന്റ് പറയുന്നു കടുത്തവേനലിൽ ഉച്ചയ്ക്ക് 12 മുതൽ മൂന്ന് മണിവരെ ജോലി ചെയ്യരുതെന്ന്. എന്നാൽ ആശാവർക്കർമാരുടെ സർവേജോലികൾ രാവിലെ ഏഴ് മുതൽ രാത്രിവരെ ചെയ്താലും തീരാത്തതാണ്.
സർവേകൾക്ക് യാത്രപ്പടിയുണ്ടോ?
ഒരു രൂപപോലും നൽകില്ല. ഉൾപ്രദേശങ്ങളിലേക്ക് ഓട്ടോയിലും മറ്റും സഞ്ചരിക്കേണ്ടിയും വരും. വീടുകൾ തമ്മിൽ അകലം കൂടുതലുള്ള സ്ഥലങ്ങളിൽ വളരെദൂരം നടക്കേണ്ടിവരും.
ആശാ വർക്കർ മറ്റ് ജോലികൾ ചെയ്യരുതെന്ന് നിബന്ധനയുണ്ടോ?
കേരളത്തിൽ ആശാവർക്കർ മറ്റ് ജോലി ചെയ്യരുതെന്ന് 2018 ൽ ഉത്തരവിറങ്ങിയിട്ടുണ്ട്.
മഹാസംഗമത്തിൽ പങ്കെടുത്തവരുടെ വിവരങ്ങൾ ശേഖരിക്കുന്നതായി അറിയുന്നു, എന്തിനാണിത്?
ആശാവർക്കർമാരുടെ മഹാസംഗമത്തിന്റെ വിജയം ഭരണനേതൃത്വത്തെ വിറളിപിടിപ്പിച്ചു. സി.പി.എം, സി.ഐ.ടി.യു നേതൃത്വത്തിൽ ആശമാർക്കെതിരെ ഭീഷണിയുണ്ട്. സംഗമത്തിൽ പങ്കെടുത്തവരുടെ വിവരങ്ങൾ ശേഖരിക്കുന്നു.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെയും മറ്റുചില ഉദ്യോഗസ്ഥരെയും ഉപയോഗിച്ച് പിരിച്ചുവിടൽ ഭീഷണിവരെ മുഴക്കുന്നു. എന്നാൽ കടുത്ത ജീവിതാനുഭവങ്ങൾകൊണ്ട് കരുത്തരായ ആശാവർക്കർമാരെ ഇത്തരം ഭീഷണികൾകൊണ്ട് തളർത്താനാവില്ല.
Source link