KERALAM

2047ൽ കേരളം 88 ലക്ഷം കോടിയിലേക്ക് വളരും

കൊച്ചി: തന്ത്രപരമായ നിക്ഷേപങ്ങൾ, സുസ്ഥിരവികസനം, മികച്ച വ്യാവസായിക ആവാസവ്യവസ്ഥ എന്നിവയിലൂടെ 2047ൽ കേരളം 88 ലക്ഷം കോടി രൂപയുടെ (ഒരു ട്രില്യൺ ഡോളർ) സാമ്പത്തികവളർച്ച കൈവരിക്കുമെന്ന് വിദഗ്ദ്ധർ. ഇൻവെസ്റ്റ് കേരള ഉച്ചകോടിയിൽ ‘കേരളം ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയിലേക്ക് ” എന്ന പാനൽ ചർച്ചയിലാണ് അഭിപ്രായമുയർന്നത്.

1950 മുതൽ 1970 വരെ ഭൂപരിഷ്‌കരണം സാമ്പത്തിക വിതരണക്രമം സൃഷ്ടിച്ചെന്ന് മുഖ്യപ്രഭാഷണം നടത്തിയ കെ.എസ്‌.ഐ.ഡി.സി ചെയർമാൻ സി. ബാലഗോപാൽ പറഞ്ഞു. 1980-90ൽ തൊഴിൽശക്തിയും ഉയർന്ന മാനവവികസന സൂചികയും നേടി. 1990-2000ൽ ഐ.ടി പാർക്കുകളുടെയും സ്റ്റാർട്ടപ്പ് മിഷന്റെയും തുടക്കത്തോടെ ആധുനിക സമ്പദ്‌വ്യവസ്ഥയ്ക്ക് അടിത്തറയായി. 2000ത്തിന് ശേഷം ടൂറിസത്തിലും സുസ്ഥിരവികസനത്തിലും ഗണ്യമായ വളർച്ച കൈവരിച്ചു.

കഴിഞ്ഞ 20 വർഷത്തിനിടെ ഇന്ത്യ 0.72 ട്രില്യൺ ഡോളറിൽ നിന്ന് 3.86 ട്രില്യൺ ഡോളറായി വളർന്നതായി ഐ.ബി.എസ് സ്ഥാപകനും എക്‌സിക്യുട്ടീവ് ചെയർമാനുമായ വി.കെ. മാത്യൂസ് പറഞ്ഞു. ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയിൽ കേരളം വളരേണ്ടതുണ്ട്. സർക്കാർ സ്ഥാപനങ്ങൾ,​ സുസ്ഥിരവികസന സംരംഭങ്ങൾ എന്നിവയിൽ കൂടുതൽ ഏകോപനം ആവശ്യമാണെന്ന് ഒ.ഇ.എൻ ഇന്ത്യ ലിമിറ്റഡ് എം.ഡി പമേല അന്ന മാത്യു പറഞ്ഞു.

ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് എം.ഡി അദീബ് അഹമ്മദ്, ഗ്രൂപ്പ് മീരാൻ ചെയർമാൻ നവാസ് മീരാൻ, ഇൻവെസ്റ്റ് ഇന്ത്യ സീനിയർ വൈസ് പ്രസിഡന്റും ചീഫ് സ്ട്രാറ്റജി ഓഫീസറുമായ സിദ്ധാർത്ഥ് നാരായണൻ, ഇക്കണോമിക് ടൈംസ് എക്‌സിക്യുട്ടീവ് ഡയറക്ടർ ശ്രുതിജിത്ത് കെ.കെ എന്നിവരും സംസാരിച്ചു.


Source link

Related Articles

Back to top button