ഇൻവെസ്റ്റ് കേരള ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി — നിക്ഷേപകർക്ക് ഒരു തടസവും ഉണ്ടാകില്ല

കൊച്ചി: കേരളത്തിൽ വ്യവസായ നിക്ഷേപത്തിന് ഭൂമിലഭ്യത ഉൾപ്പെടെ ഒരുതടസവും നേരിടേണ്ടി വരില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഉറപ്പ്. കൂടുതൽ മികച്ച നിക്ഷേപക കേന്ദ്രമായി കേരളത്തെ മാറ്റും. ഇതിന് സമഗ്രവും സുസ്ഥിരവുമായ സമീപനം സ്വീകരിക്കും.
ലുലു ബോൾഗാട്ടി ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ ദ്വിദിന ഇൻവെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
നിക്ഷേപാന്തരീക്ഷം ചരിത്രപരമായ മാറ്റത്തിലെത്തിയ സന്ദർഭമാണിത്. നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ലളിതമാക്കി. വ്യവസായ അന്തരീക്ഷത്തെ മാറ്റിമറിച്ച നിരവധി നിയമനിർമ്മാണങ്ങളും നയങ്ങളും സർക്കാർ നടപ്പാക്കി. മാനവ വികസനത്തിൽ മികച്ച നേട്ടങ്ങൾ കൈവരിച്ച കേരളം നിക്ഷേപക സൗഹൃദ കേന്ദ്രമെന്ന പദവിയിലേക്കും കുതിക്കുകയാണ്. ഏറ്റവും വേഗത്തിൽ സംരംഭം ആരംഭിക്കാനും തുടർ പ്രവർത്തനങ്ങൾക്കും സർക്കാർ പ്രോത്സാഹനം നൽകും.
ഈസ് ഒഫ് ഡൂയിംഗ് ബിസിനസ് സൂചികയിൽ കേരളം ഒന്നാം സ്ഥാനത്താണ്. സംരംഭകവർഷം പദ്ധതി ദേശീയതലത്തിൽ മികച്ച മാതൃകയായി അംഗീകരിക്കപ്പെട്ടു. മികച്ച ഡിജിറ്റൽ കണക്ടിവിറ്റി, ഗതാഗത സൗകര്യങ്ങൾ, തടസമില്ലാത്ത വൈദ്യുതി എന്നിവ കേരളത്തിലുണ്ട്. ഭാവി സാങ്കേതികവിദ്യാ വ്യവസായങ്ങൾക്ക് ഏറ്റവും മികച്ച മാനവവിഭവശേഷി വാഗ്ദാനം ചെയ്യുന്നു. കേരളത്തിന്റെ ആവാസവ്യവസ്ഥയുടെ നേട്ടങ്ങൾ പ്രയോജനപ്പെടുത്തേണ്ടത് നിക്ഷേപകരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വ്യവസായ മന്ത്രി പി. രാജീവ് അദ്ധ്യക്ഷത വഹിച്ചു. മന്ത്രിമാരായ എം.ബി. രാജേഷ്, വി.എൻ. വാസവൻ, സജി ചെറിയാൻ, ജി.ആർ. അനിൽ, നിതി ആയോഗ് മുൻ ചെയർമാൻ അമിതാഭ് കാന്ത്, ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ചെയർമാനും എം.ഡിയും നോർക്ക റൂട്ട്‌സ് വൈസ് ചെയർമാനുമായ എം.എ. യൂസഫലി, സി.ഐ.ഐ പ്രസിഡന്റ് സഞ്ജീവ് പുരി, അദാനി പോർട്‌സ് മാനേജിംഗ് ഡയറക്ടർ കരൺ അദാനി തുടങ്ങിയവർ സംസാരിച്ചു. ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ സ്വാഗതവും വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് നന്ദിയും പറഞ്ഞു.
Source link