KERALAM

കടം വീട്ടാൻ തട്ടിക്കൊണ്ടുപോകൽ നാടകവുമായി വിദ്യാർത്ഥിയും സുഹൃത്തുക്കളും; സ്വന്തം വീട്ടിൽ വിളിച്ച് ആവശ്യപ്പെട്ടത് അഞ്ച് ലക്ഷം രൂപ

കോഴിക്കോട്: കടം വീട്ടാൻ തട്ടിക്കൊണ്ടുപോകൽ നാടകവുമായി വിദ്യാർത്ഥി. കോഴിക്കോട് മെഡിക്കൽ കോളേജ് സ്‌റ്റേഷൻ പരിധിയിൽ വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. പത്താം ക്ലാസുകാരനാണ് തട്ടിക്കൊണ്ടുപോകൽ നാടകത്തിലൂടെ വീട്ടുകാരിൽ നിന്ന് പണം വാങ്ങിക്കാൻ ലക്ഷ്യമിട്ടത്.

സ്‌കൂൾ വിട്ട് ഏറെ നേരം കഴിഞ്ഞിട്ടും വിദ്യാർത്ഥി വീട്ടിലെത്തിയില്ല. തുടർന്ന് ഭയന്നുപോയ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് വീട്ടിലെത്തുകയും ചെയ്തു. ഈ സമയം കുട്ടിയുടെ മാതാപിതാക്കളുടെ ഫോണിലേക്ക് ഒരു കോൾ വന്നു. ‘നിങ്ങളുടെ മകൻ ഞങ്ങളുടെ കസ്റ്റഡിയിലാണ്. വിട്ടുകിട്ടണമെങ്കിൽ അഞ്ച് ലക്ഷം രൂപ നൽകണം’- എന്നായിരുന്നു വിളിച്ചവർ പറഞ്ഞത്.

തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇതൊരു നാടകമായിരുന്നെന്ന് മനസിലായത്. വിദ്യാർത്ഥി സഹപാഠികളിൽ നിന്ന് ബൈക്ക് കടം വാങ്ങിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് സുഹൃത്തുക്കൾക്ക് ഒരു ലക്ഷം രൂപ നൽകാനുണ്ട്. ഈ കുട്ടികൾ തന്നെയാണ് തട്ടിക്കൊണ്ടുപോകൽ നാടകത്തിലൂടെ പണം കിട്ടുമെന്ന് പറഞ്ഞത്.

വിദ്യാർത്ഥിയുടെ സുഹൃത്തുക്കൾ തന്നെയാണ് വീട്ടുകാരെ വിളിച്ച് പണം ആവശ്യപ്പെട്ടത്. ഇവരെ പൊലീസ് പിടികൂടി. തുടർന്ന് രക്ഷിതാക്കൾക്കൊപ്പം വിട്ടു. തന്റെ കൈയിൽ പണമില്ലാത്തതിനാൽ താൻ തന്നെയാണ് നാടകം കളിച്ചതെന്ന് വിദ്യാർത്ഥി സമ്മതിച്ചിട്ടുണ്ട്. ഇവർക്ക് കൗൺസലിംഗ് നൽകുമെന്ന് അധികൃതർ അറിയിച്ചു. കബളിപ്പിക്കാൻ ശ്രമിച്ചതിന് വിദ്യാർത്ഥിയുടെ വീട്ടുകാർ പരാതിയൊന്നും നൽകിയിട്ടില്ല.


Source link

Related Articles

Back to top button