ആർത്തവമെന്ന് ഡോക്ടർ തെറ്റിദ്ധരിച്ചു; സെർവിക്കൽ കാൻസർ തിരിച്ചറിയാൻ വൈകി, യുവതി ഗുരുതരാവസ്ഥയിൽ

സെർവിക്കൽ കാൻസർ മൂലമുളള അമിതരക്തസ്രാവം ആർത്തവമാണെന്നു പറഞ്ഞ് ഡോക്ടർമാർ തള്ളിക്കളഞ്ഞുവെന്നും അതുകാരണം രോഗത്തിന്റെ ഗുരുതരാവസ്ഥ നേരത്തേ മനസിലാക്കാനോ ചികിൽസ നേടാനോ കഴിഞ്ഞില്ലായെന്നുമുളള തന്റെ അനുഭവം പങ്കുവയ്ക്കുകയാണ് 31കാരിയായ ചാർലി ജെയ്ൻ ലോ എന്ന ലണ്ടൻ സ്വദേശിനി. അമിത രക്തസ്രാവവുമായി ലണ്ടനിലെ ഒരു ആശുപത്രിയിൽ രണ്ട് മാസത്തിലേറെ പല പുരുഷൻമാരായ ഡോക്ടർമാരെയും ചാർലി സന്ദർശിച്ചു. കടുത്ത രക്തസ്രാവം ഉണ്ടാകുമ്പോൾ പുറത്തേക്ക് വരുന്നത് കൈപ്പത്തിയുടെ വലുപ്പംവരെയുളള രക്തകട്ടകൾ ആയിരുന്നു. എന്നാൽ രോഗലക്ഷണങ്ങളെ ആർത്തവമാണെന്നു പറഞ്ഞ് അവർ തളളിക്കളഞ്ഞു. ഒടുവിൽ ലണ്ടനിലെ കിംഗ്സ് കോളജ് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റുകളുടെ അടുത്തേക്ക് റഫർ ചെയ്തു. അവിടുത്തെ ഡോക്ടർമാർ നിരവധി രക്തപരിശോധനകളും രോഗനിർണയങ്ങളും നടത്തി. അങ്ങനെ 2025 ജനുവരി 27ന് സെർവിക്കൽ കാൻസർ നാലാം ഘട്ടമാണെന്ന് കണ്ടെത്തി. ആ വിവരം തന്നെ തളർത്തിയെന്നും ചാർലി പറഞ്ഞു.ഒരു രാത്രി പോലും അമ്മയിൽ നിന്ന് അകന്നു നിൽക്കാത്ത തന്റെ മൂന്ന് കുട്ടികളെ അടിയന്തര ഫോസ്റ്റർ കെയറിൽ ആക്കുക എന്ന കഠിനമായ തീരുമാനം എടുക്കേണ്ടി വന്നു. അമ്മയെന്ന നിലയിൽ അത് ഉണ്ടാക്കിയ കുറ്റബോധം വളരെ വലുതായിരുന്നു, പക്ഷേ ആശുപത്രിയിൽ പോയില്ലായിരുന്നെങ്കിൽ അടുത്ത ദിവസം ജീവനോടെ ഉണ്ടാകുമായിരുന്നില്ലെന്ന് അറിയാമായിരുന്നുവെന്നും ചാർലി പറയുന്നു. ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ചാർലി ഇപ്പോൾ ലണ്ടനിലെ ഗൈസ് കാൻസർ സെന്ററിലാണ്. കാൻസർ ഭേദമാക്കാനാവില്ലെന്ന് ഡോക്ടർമാർ പറഞ്ഞിട്ടുണ്ട്. എന്നിരുന്നാലും ചികിത്സിക്കാവുന്നതാണ്. ശരീരഭാരം കൂടുന്നതനുസരിച്ച് കീമോതെറാപ്പി തുടങ്ങാമെന്ന് ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്. പുരുഷ ഡോക്ടർമാർ തന്റെ രോഗം നിർണ്ണയിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും അടിസ്ഥാന പരിശോധനകൾ പോലും അവർ ഒഴിവാക്കിയതായും ചാർലി പറഞ്ഞു.
Source link