INDIALATEST NEWS

ആഡംബരജീവിതം, അംഗരക്ഷകർ; ബാബയുടെ ക്രിമിനൽ സാമ്രാജ്യം ഏറ്റെടുത്ത ‘ലേഡി ഡോൺ’: ഒടുവിൽ പൊലീസ് വലയിൽ!


ന്യൂഡൽഹി∙ വർഷങ്ങളായി പൊലീസിനെ വലച്ചുകൊണ്ടിരുന്ന ഡൽഹി ‘ലേഡി ഡോൺ’ ഒടുവിൽ പിടിയിൽ. കുപ്രസിദ്ധ ഗുണ്ടാനേതാവ് ഹാഷിം ബാബയുടെ ഭാര്യയായ സോയ ഖാനെയാണ് (33) ലഹരിമരുന്ന് കൈവശംവച്ച കേസിൽ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്.  രാജ്യാന്തര വിപണിയിൽ ഒരു കോടിയിലേറെ രൂപ വിലമതിക്കുന്ന ഹെറോയിൻ ഇവരുടെ പക്കൽനിന്ന് പിടിച്ചെടുത്തു. ഏറെ വർഷങ്ങളായി ഇവരെ പിടികൂടാൻ നിയമസംവിധാനങ്ങൾ കിണഞ്ഞു പരിശ്രമിച്ചിരുന്നെങ്കിലും സാധിച്ചിരുന്നില്ല. കൊലപാതകം മുതൽ ആയുധക്കടത്തു വരെയുള്ള ഒട്ടേറെ കേസുകള്‍ പേരിലുള്ള ഹാഷിം ബാബ നിലവിൽ ജയിലിലാണ്. ഇതിനുശേഷം ഹാഷിം ബാബയുടെ ക്രിമിനൽ സാമ്രാജ്യം സോയയുടെ നിയന്ത്രണത്തിലാണ്. എന്നാൽ നിയമവിരുദ്ധ പ്രവർത്തനങ്ങളുമായി നേരിട്ട് ബന്ധപ്പെടാതിരിക്കാൻ ഇവർ ശ്രദ്ധിക്കുന്നുമുണ്ടായിരുന്നു. ഇതോടെയാണ് പൊലീസിന് ഇവരെ ഇതുവരെ അറസ്റ്റ് ചെയ്യാൻ കഴിയാതിരുന്നത്. ലഹരിക്കടത്ത്, പിടിച്ചുപറി തുടങ്ങിയ കേസുകളിൽ സോയ ഖാന് ആഴത്തിൽ ബന്ധമുണ്ടെന്ന് ഡൽഹി പൊലീസ് സ്പെഷൽ സെൽ ഉദ്യോഗസ്ഥർ പറയുന്നു. മറ്റ് ഗുണ്ടാനേതാക്കളിൽനിന്ന് വ്യത്യസ്തമായി ഉന്നതരുടെ പാർട്ടികളിൽ പങ്കെടുക്കുകയും ആഡംബര വസ്ത്രങ്ങളും വാഹനങ്ങളും ഉപയോഗിച്ച് മറ്റൊരു പ്രതിച്ഛായ സോയ സൃഷ്ടിച്ചെടുത്തിരുന്നു. ആയുധധാരികളായ അംഗരക്ഷകർക്കൊപ്പമായിരുന്നു യാത്ര. ഇടയ്ക്കിടെ തിഹാർ ജയിലിലെത്തി ഇവർ ഭർത്താവിനെ സന്ദർശിക്കുകയും ചെയ്തിരുന്നു. ക്രിമിനൽ സംഘത്തിന്റെ സാമ്പത്തിക കാര്യങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് കോഡ് ഭാഷയിലൂടെയാണ് ഇവർ ആശയവിനിമയം നടത്തിയിരുന്നതെന്നും പൊലീസ് പറയുന്നു.ഇന്റലിജൻസ് വിവരത്തെത്തുടർന്ന് വടക്കുകിഴക്കൻ ഡൽഹിയിൽ നിന്നാണ് ഇവരെ ലഹരിമരുന്നുമായി പിടികൂടിയത്. ഉത്തർപ്രദേശിലെ മുസാഫർനഗറിൽനിന്ന് വിതരണത്തിനായി എത്തിച്ചതാണ് ഹെറോയിൻ. ഹാഷിം ബാബയുടെ മൂന്നാം ഭാര്യയാണ് സോയ. നേരത്തെ മറ്റൊരു വിവാഹം കഴിച്ച ഇവർ അയൽവാസിയായിരുന്ന ഹാഷിം ബാബയുമായി പ്രണയത്തിലാകുകയും പിന്നീട് വിവാഹമോചനം നേടി 2017ൽ ബാബയെ വിവാഹം കഴിക്കുകയും ചെയ്തു. ക്രിമിനൽ പശ്ചാത്തലമുള്ള കുടുംബത്തിൽനിന്നാണ് സോയയുടെയും വരവ്. ലൈംഗികവൃത്തിക്കായി മനുഷ്യക്കടത്ത് നടത്തിയ കേസിൽ 2024ൽ സോയയുടെ മാതാവ് ജയിലിലായിരുന്നു. ലഹരിക്കടത്ത് സംഘങ്ങളുമായി ബന്ധപ്പെട്ട കേസുകൾ പിതാവിന്റെ പേരിലുമുണ്ട്.


Source link

Related Articles

Back to top button