ലഹരി വ്യാപനം തടയുന്നതിൽ കേരളം ഒന്നാമത്: മന്ത്രി രാജേഷ്

തിരുവനന്തപുരം: ലഹരിയുടെ വ്യാപനം തടയുന്നതിൽ കേരളം രാജ്യത്ത് ഒന്നാമതാണെന്നും കേരളം ലഹരിയുടെ കേന്ദ്രമായി മാറിയിട്ടില്ലെന്നും മന്ത്രി എം.ബി.രാജേഷ്. ലഹരിക്കടിമകളായി യുവാക്കളും വിദ്യാർത്ഥികളും സ്വന്തം മാതാപിതാക്കളെവരെ കഴുത്തറുത്ത് കൊല്ലുന്ന ഭീകരസാഹചര്യമാണ് സംസ്ഥാനത്തെന്ന് പ്രതിപക്ഷം. നിയമസഭയിൽ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയ ചർച്ചയിലായിരുന്നു ഇത്. പി.സി.വിഷ്ണുനാഥ് അവതരിപ്പിച്ച അടിയന്തരപ്രമേയത്തിന് സ്പീക്കർ അവതരണാനുമതി നൽകിയതോടെ ഉച്ചയ്ക്ക് 12 മുതൽ രണ്ടുവരെയായിരുന്നു ചർച്ച.
രാജ്യത്ത് 25,000 കോടിയുടെ ലഹരിയാണ് കഴിഞ്ഞവർഷം പിടികൂടിയതെന്നും അതിൽ 60കോടി മാത്രമാണ് കേരളത്തിൽ നിന്നുള്ളതെന്നും മന്ത്രി പറഞ്ഞു. കേരളത്തിൽ 24,517പേരെ ലഹരിക്കേസിൽ അറസ്റ്റുചെയ്തു. ഇത് രാജ്യത്ത് ഏറ്റവും കൂടുതലാണ്. സംസ്ഥാനത്ത് 98.9% ആണ് ലഹരിക്കേസിൽ കൺവിക്ഷൻറേറ്റ്. ദേശീയശരാശരി 78%. തെലങ്കാനയിൽ 25.6%.തമിഴ്നാട്ടിൽ 82.9%.
കേരളത്തിലേക്ക് ലഹരി എത്തുന്നവഴികൾ തടയാൻ എക്‌സൈസ്, പൊലീസ് വിഭാഗങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. ആൻഡമാനിൽ പോയി 100കോടി വിലവരുന്ന രാസലഹരി പിടികൂടിയതും തെലങ്കാനയിൽ സിനിമാനിർമ്മാതാവ് വെങ്കടപതിരാജു നടത്തുന്ന രാസലഹരി നിർമ്മാണ യൂണിറ്റ് റെയ്ഡ് ചെയ്തതും കേരളത്തിന്റെ നേട്ടമാണ്.
ലഹരിക്കെതിരെ വ്യാപകമായ ബോധവത്കരണവും നടപടികളും സംസ്ഥാനത്തുണ്ട്. രണ്ടുഘട്ടങ്ങളിലായി രണ്ടുകോടി ആളുകളാണ് ലഹരി വിരുദ്ധബോധവത്കരണത്തിൽ പങ്കെടുത്തത്. ലഹരി വ്യാപനത്തെക്കുറിച്ചുള്ള പഠനറിപ്പോർട്ട് ഉടൻ പുറത്തിറക്കുമെന്നും പറഞ്ഞു.
ചർച്ചയിൽ എ.പ്രഭാകരൻ,അൻവർസാദത്ത്,പി.ബാലചന്ദ്രൻ,കർക്കോളിമൊയ്തീൻ, സെബാസ്റ്റ്യൻ കുളത്തുങ്കൽ,കാനത്തിൽ ജമീല,കെ.കെ.രമ, കെ.എം.സച്ചിൻദേവ്,അഹമ്മദ് ദേവർകോവിൽ,കെ.വി.സുമേഷ് എന്നിവർ സംസാരിച്ചു. മന്ത്രിയുടെ മറുപടിയെത്തുടർന്ന് പ്രമേയം സഭ തള്ളി.
‘സർക്കാരിന് ധാരണയില്ല’
ലഹരിക്കെതിരെ ഫലപ്രദമായ നടപടിയെടുക്കുന്നതിൽ സർക്കാർ പരാജയമാണെന്ന് പി.സി.വിഷ്ണുനാഥ്. ലഹരിയുടെ അമിത ഉപയോഗം മൂലമുണ്ടാകുന്ന കൊലപാതകങ്ങൾ സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട സംഭവമല്ല. ലഹരി ആക്രമക്കേസുകൾ എത്ര എന്ന് ചോദിച്ചപ്പോൾ, ക്രോഡീകരിച്ചിട്ടില്ല എന്ന മറുപടിയാണ് ടി.സിദ്ദിഖിന് മന്ത്രി നൽകിയത്. സർക്കാരിന് ഇതേക്കുറിച്ച് ധാരണയില്ലാത്തത് ഗൗരവമായി കാണണം.
”കേരളം ലഹരിയുടെ കേന്ദ്രമായി മാറി. അതിനെതിരെ ഉറക്കം നടിച്ചിട്ട് കാര്യമില്ല. ലഹരിക്കെതിരെ സംസ്ഥാനത്ത് ഒരു ഇന്റലിജൻസ് സംവിധാനമുണ്ടോ, തടയാൻ ആവശ്യത്തിന് ജീവനക്കാർ ഉണ്ടോ.
-വി.ഡി.സതീശൻ,
പ്രതിപക്ഷനേതാവ്
ഷട്ടിൽ കളിയല്ല; മന്ത്രി രാജേഷിനെ ശാസിച്ച് സ്പീക്കർ
തിരുവനന്തപുരം: അനുവാദം കൂടാതെ പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് സഭയിൽ ഉത്തരം നൽകിയ മന്ത്രി എം.ബി. രാജേഷിനെ ശാസിച്ച് സ്പീക്കർ എ.എൻ.ഷംസീർ. സംസ്ഥാനത്ത് ലഹരി ഉപയോഗം വർദ്ധിക്കുന്നതു സംബന്ധിച്ചു പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ ചർച്ചയ്ക്കിടെയായിരുന്നു സ്പീക്കറുടെ ഇടപെടൽ. മന്ത്രി സംസാരിക്കുന്നതിനിടെ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ചോദ്യവും മന്ത്രിയുടെ മറുപടിയുമാണ് സ്പീക്കറെ ചൊടിപ്പിച്ചത്. ഷട്ടിൽ കളിയല്ല നിയമസഭയിലെ ചർച്ചയെന്നു സ്പീക്കർ പറഞ്ഞു. ചർച്ചയ്ക്കിടെ സ്പീക്കറുടെ അനുവാദം ഇല്ലാതെ ചോദ്യം ഉന്നയിക്കുകയും മറുപടി പറയുകയും ചെയ്താൽ ഇനി മന്ത്രിക്ക് ഉൾപ്പെടെ മൈക്ക് നൽകില്ലെന്ന മുന്നറിയിപ്പും നൽകി. ഇതോടെ മന്ത്രി രാജേഷ് ക്ഷമ പറഞ്ഞു.
എക്‌സൈസ് കേസെടുക്കുന്നത്
ശരിയായ രീതിയിലോ: യു.പ്രതിഭ
തിരുവനന്തപുരം: എക്സൈസുകാർ കേസെടുക്കുന്നത് ശരിയായ രീതിയിലാണോ എന്ന് നിയമസഭയിൽ യു.പ്രതിഭ ചോദിച്ചു. ലഹരി വ്യാപനം തടയാനുള്ള ഉത്തരവാദിത്വം സമൂഹത്തിനാണെന്നും കുട്ടികൾ ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുമ്പോൾ തന്റെ മകൻ അങ്ങനെ ചെയ്യില്ലെന്നു രക്ഷിതാക്കൾ പറയുന്നതു തെറ്റാണെന്നും മലമ്പുഴയിൽ നിന്നുള്ള ഭരണപക്ഷ എം.എൽ.എ എ.പ്രഭാകരൻ പറഞ്ഞപ്പോഴായിരുന്നു പ്രതിഭയുടെ പ്രതികരണം.
സ്കൂളുകളിൽ ഉൾപ്പെടെ ലഹരിവ്യാപനത്തിന് എതിരായി ഫലപ്രദമായ നടപടികൾ ഉണ്ടാകുന്നുണ്ടോ. ’നേർവഴി’ അടക്കമുള്ള പദ്ധതികൾ സ്കൂളുകളിൽ ആത്മാർത്ഥമായി നടക്കുന്നുണ്ടോ. എക്‌സൈസ് കേസെടുക്കുന്നത് ശരിയായി പരിശോധന നടത്തിയിട്ടാണോ എന്നും പ്രതിഭ ചോദിച്ചു. പകപോക്കൽ എന്ന രീതിയിൽ കേസെടുത്താൽ നടപടി സ്വീകരിക്കാറുണ്ടെന്ന് മന്ത്രി എം.ബി.രാജേഷ് മറുപടി നൽകി.
അതേസമയം, പ്രതിഭയുടെ മകനെ ലഹരികേസിൽ അറസ്റ്റ് ചെയ്ത സംഭവം ഇന്നലെ അടിയന്തരപ്രമേയ ചർച്ചയ്ക്കിടെ പ്രതിപക്ഷത്തുനിന്ന് ആരും പരമാർശിച്ചില്ല.
Source link