KERALAM

ശമ്പളം കിട്ടാതെ അദ്ധ്യാപിക ആത്മഹത്യ ചെയ്ത സംഭവം പരിശോധിക്കും:മന്ത്രി

കോഴിക്കോട്: ‘പേടിയാണ് സാറെ, ഒരു നൂറു രൂപയെങ്കിലും അഞ്ചു വർഷത്തിനുള്ളിൽ അവൾക്ക് ശമ്പളമായി കിട്ടിയിരുന്നെങ്കിൽ എന്റെ മോള് പോകില്ലായിരുന്നു. സർക്കാരാണ് ഉത്തരവാദികളെന്ന് അവരിപ്പോൾ പറയുന്നു. എങ്കിൽ സ്‌കൂൾ അധികൃതർക്ക് അതിലൊരു റോളുമില്ലേ. മോള് മരിച്ചിട്ട് വിവരം പറയാൻ ഫോൺവിളിച്ചപ്പോൾ പോലും എടുക്കാത്ത ആളാണ് അവിടുത്തെ കോർപ്പറേറ്റ് മാനേജർ…’ അഞ്ചു വർഷം കുട്ടികൾക്ക് അറിവ് പകർന്നിട്ടും ഒരു രൂപ പോലും ശമ്പളം കിട്ടാതെ മകൾ ആത്മഹത്യ ചെയ്തതിൽ പിതാവിന്റെ സങ്കടം. കോടഞ്ചേരി സെന്റ് ജോസഫ് എൽ.പി സ്‌കൂളിലെ അദ്ധ്യാപിക അലീന ബെന്നി ജീവനൊടുക്കിയ സംഭവത്തിൽ സംസ്‌കാരചടങ്ങുകൾക്ക് ശേഷം കേരളകൗമുദിയോട് സംസാരിക്കുകയായിരുന്നു പിതാവ് ബെന്നി.
‘ അഞ്ച് വർഷമായി ശമ്പളം ലഭിക്കാത്തതിലുള്ള മനോവിഷമമാണ് മകളെ ആത്മഹത്യയിലേക്ക് തള്ളിവിട്ടത്. 13 ലക്ഷം രൂപ നൽകിയാണ് ജോലി തരപ്പെടുത്തിയത്. ഇപ്പോഴവർ പറയുന്നത് പൈസയൊന്നും വാങ്ങിയില്ലെന്നാണ്. കേരളത്തിലെവിടെയെങ്കിലും ഒരു എയ്ഡഡ് സ്‌കൂൾ നിയമത്തിന് പണം വാങ്ങാതിരുന്നിട്ടുണ്ടോ. സഭയുടെ സ്‌കൂളാകയാൽ താരതമ്യേന കുറവായിരുന്നു. കർഷകനായ താൻ ഇത്രയും വലിയ തുക ഉണ്ടാക്കിയത് എങ്ങനെയാണെന്ന് പറയുന്നില്ല. അവളുടെ ഭാവിയായിരുന്നു പ്രധാനം. പക്ഷെ ജോലി ചെയ്യിക്കുക എന്നതിനപ്പുറത്ത് അവർ മകളെക്കുറിച്ച് ആലോചിച്ചതേയില്ല. ഇത്തിരി സഹതാപം കാണിച്ചിരുന്നെങ്കിൽ മകളിപ്പോൾ കൂടെയുണ്ടാകുമായിരുന്നു.’ ബെന്നി പറഞ്ഞു.

അദ്ധ്യാപികയുടെ മരണം വിവാദമായതോടെ പൊതു വിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടതായും അതിനു ശേഷം നടപടി സ്വീകരിക്കുമെന്നും വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി മാദ്ധ്യമങ്ങളോട് പറഞ്ഞു. വിഷയത്തിൽ ഇടപെട്ട മനുഷ്യാവകാശ കമ്മിഷനും പൊതുവിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.കോഴിക്കോട് കട്ടിപ്പാറ സ്വദേശിനിയായ അലീനയെ കഴിഞ്ഞ ദിവസമാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

താമരശ്ശേരി രൂപത കോർപ്പറേറ്റ് മാനേജ്‌മെന്റിന് കീഴിലുള്ള കട്ടിപ്പാറ ഹോളി ഫാമിലി എൽ.പി സ്‌കൂളിൽ അഞ്ചു വർഷം ജോലി ചെയ്ത അലീന കഴിഞ്ഞ ഒരു വർഷമായി കോടഞ്ചേരി സെന്റ് ജോസഫ് എൽ.പി സ്‌കൂളിലാണ് ജോലി ചെയ്തത്. ജോലിക്കായി ആറു വർഷം മുമ്പ് 13 ലക്ഷം രൂപ താമരശ്ശേരി രൂപത കോർപ്പറേറ്റ് മാനേജ്‌മെന്റിന് നൽകിയിരുന്നു. സ്‌കൂൾമാറ്റ സമയത്ത് ശമ്പളം വേണ്ടെന്നും, അതുവരെയുള്ള സർവീസ് ബയോഡാറ്റ രേഖകളിൽ കാണിക്കില്ലെന്നും മാനേജ്‌മെന്റ് എഴുതി വാങ്ങിയിരുന്നെന്നും ബെന്നി ആരോപിച്ചു.

പണം വാങ്ങിയില്ല :

മാനേജ്മെന്റ്

നിയമനത്തിനായി പണം വാങ്ങിയിട്ടില്ലെന്ന് താമരശ്ശേരി അതിരൂപത കോർപ്പറേറ്റ് മാനേജ്‌മെന്റ്. ഭിന്നശേഷി സംവരണത്തിലെ സാങ്കേതിക തടസമാണ് സ്ഥിര നിയമനം ലഭിക്കാൻ തടസമായത്, അദ്ധ്യാപികയ്ക്ക് താത്കാലിക ധനസഹായം നൽകിയിരുന്നതായും കോർപ്പറേറ്റ് മാനേജർ ഫാ.ജോസഫ് വർഗീസ് പറഞ്ഞു.


Source link

Related Articles

Back to top button