KERALAM

നാല് സംസ്ഥാനങ്ങളുടെ സംയുക്ത പ്രമേയം: യു.ജി.സി കരടുനയം ജനാധിപത്യ വിരുദ്ധം

തിരുവനന്തപുരം: സർവകലാശാലാ കാര്യങ്ങളിൽ സംസ്ഥാനത്തിന് പങ്കില്ലാതാക്കുന്നതും കേന്ദ്രാധികാരം കൂട്ടുന്നതുമായ യുജിസി കരടു നയം ജനാധിപത്യ വിരുദ്ധവും അതിരു കടന്നതുമാണെന്ന് കർണാടക, തെലങ്കാന, തമിഴ്നാട്, കേരളം സംസ്ഥാനങ്ങൾ സംയുക്തമായി പ്രമേയം പാസാക്കി.

നയം രാജ്യത്തിന്റെ ഫെഡറൽ തത്വങ്ങൾക്കെതിരാണ്. ബിരുദ പരീക്ഷകൾക്കെല്ലാം പ്രവേശനപരീക്ഷ നിർബന്ധമാക്കുന്നത് ഉന്നതവിദ്യാഭ്യാസത്തിന് ചേരുന്നവരുടെ എണ്ണം കൂട്ടാനുള്ള സംസ്ഥാനങ്ങളുടെ ശ്രമങ്ങൾക്ക് കോട്ടം വരുത്തും. സംസ്ഥാനങ്ങളുടെ നിയമ നിർമ്മാണധികാരത്തെ ബഹുമാനിക്കണം.. സംസ്ഥാനങ്ങളുമായും സർവകലാശാലകളുമായും ആലോചിച്ച് പുതിയ നയമുണ്ടാക്കണം. ഭരണഘടനയ്ക്കും ഫെഡറൽ തത്വങ്ങൾക്കും കോട്ടം വരുത്തരുത്.

യു.ജി.സിയുടെ

കടന്നുകയറ്റം വേണ്ട

പഠനത്തിനും തൊഴിലിനുമിടയിലെ വിടവു നികത്താൻ അക്കാഡമിക്- വ്യവസായ പങ്കാളിത്തത്തിനും നൂതന ഗവേഷണത്തിനുമാണ് യുജിസി ഊന്നൽ നൽകേണ്ടത്.

പൊതുസർവകലാശാലകൾക്ക് പണം മുടക്കുന്ന സംസ്ഥാന സർക്കാരുകൾക്ക് സർവകലാശാലാ ഭരണത്തിൽ പ്രാമുഖ്യം വേണം.

വൈസ്ചാൻസലർ നിയമനത്തിൽ സംസ്ഥാനത്തിന് മുഖ്യ പങ്കുണ്ടാവണം. വൈസ്ചാൻസലർ അക്കാഡമിക് വിദഗ്ദ്ധനായിരിക്കണം. അല്ലാത്തവരെ വി.സിയാക്കാനുള്ള ശുപാർശ പിൻവലിക്കണം

വ്യവസായ, വാണിജ്യ മേഖലകളിൽ നിന്നുള്ളവരെ വി.സിയാക്കിയാൽ ഉന്നത വിദ്യാഭ്യാസം വാണിജ്യവത്കരിക്കാനിടയാവും.

നിയമനങ്ങൾക്കും സ്ഥാനക്കയറ്റങ്ങൾക്കും പരിഗണിക്കപ്പെടുന്ന ‘ശ്രദ്ധേയ സംഭാവനകൾക്ക്’ വ്യക്തമായ മാനദണ്ഡമില്ലാത്തത് അഴിമതിക്കും പക്ഷപാതത്തിനും കാരണമാവും.

പി.എസ്.സി വഴിയടക്കമുള്ള നിയമനങ്ങളെ കരടുനയം പരിഗണിക്കുന്നില്ല

കരാർ, ഗസ്റ്റ്, വിസിറ്റിംഗ് അദ്ധ്യാപക നിയമന വ്യവസ്ഥകളിൽ വ്യക്തത വേണം. .സംസ്ഥാനങ്ങൾക്ക് കൂടുതൽ സ്വാതന്ത്ര്യം നൽകണം.

യുജിസി നയങ്ങൾ പാലിച്ചില്ലെങ്കിൽ ശിക്ഷാനടപടികൾക്കുള്ള വ്യവസ്ഥ ജനാധിപത്യ വിരുദ്ധവും അതിരു കടന്നതുമാണ്. .

ദേശീയവിദ്യാഭ്യാസ നയത്തിലെ വ്യവസ്ഥകൾ പാലിക്കുന്നത് നിയമപരമായി നിർബന്ധമാക്കിയത് സ്വേച്ഛാധിപത്യപരമാണ്.

സർവകലാശാലകളുടെ അക്കാഡമിക് സ്വയംഭരണം ഇല്ലാതാക്കാനുള്ള നീക്കങ്ങളിൽ നിന്ന് യുജിസി പിന്തിരിയണം.


Source link

Related Articles

Back to top button