KERALAM

യു.ജി.സിക്കെതിരെ നിയമ പോരാട്ടത്തിന് നാല് തെക്കൻ സംസ്ഥാനങ്ങൾ

തിരുവനന്തപുരം: തമിഴ്നാട്, കർണാടക, തെലങ്കാന സംസ്ഥാനങ്ങളുമായി ചേർന്ന് യു.ജി.സി കരടുനയത്തിനെതിരേ സുപ്രീംകോടതിയിൽ നിയമപോരാട്ടം നടത്താൻ കേരളം. വൈസ്ചാൻസലർ നിയമനത്തിലടക്കം ഗവർണർക്ക് പരമാധികാരം നൽകുകയും സംസ്ഥാനങ്ങൾക്ക് പങ്കില്ലാതാക്കുകയും ചെയ്യുന്ന കരടുനയം പിൻവലിക്കണം. ഇല്ലെങ്കിൽ സംസ്ഥാനങ്ങൾ ഒരുമിച്ച് നിയമപരമായി നേരിടുമെന്ന് മന്ത്രി ആർ. ബിന്ദു പറഞ്ഞു.

കോൺഗ്രസ് ഭരണത്തിലുള്ള ഹിമാചൽ പ്രദേശ്, ആംആദ്മി ഭരിക്കുന്ന പഞ്ചാബ് സംസ്ഥാനങ്ങളും ഒപ്പം ചേരും. ഈ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ മന്ത്രിമാരും ഉദ്യോഗസ്ഥരും പ്രധാനമന്ത്രിയെയും കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്രപ്രധാനെയും കണ്ട് ആശങ്കയറിയിക്കും. യു.ജി.സിക്കെതിരേ ഇന്നലെ നടത്തിയ സമ്മേളനത്തിൽ സംസ്ഥാന മന്ത്രിമാർ സംയുക്തമായി പാസാക്കിയ പ്രമേയം കേന്ദ്രത്തിനും യു.ജി.സിക്കും അയയ്ക്കും.

തെലങ്കാന ഉപമുഖ്യമന്ത്രി ഭട്ടി വിക്രമാർക്ക മല്ലു, ഉന്നതവിദ്യാഭ്യാസ മന്ത്രിമാരായ ഡോ.എം.സി.സുധാകർ (കർണാടക), ഡോ.ഗോവി ചെഴിയാൻ (തമിഴ്നാട്), മന്ത്രി ‌ഡോ.ആർ.ബിന്ദു എന്നിവർ സംയുക്തമായാണ് ഇക്കാര്യങ്ങൾ പ്രഖ്യാപിച്ചത്. ഉന്നത

വിദ്യാഭ്യാസ ഗുണനിലവാരമുയർത്തുകയാണ് യു.ജി.സിയുടെ ദൗത്യമെന്നും ഭരണത്തിൽ ഇടപെടാനാവില്ലെന്നും മന്ത്രിമാർ പറഞ്ഞു. യു.ജി.സിക്ക് സംസ്ഥാന നിയമത്തെ മറികടക്കാനാവില്ല. ഇല്ലാത്ത അധികാരമാണുപയോഗിക്കുന്നത്. സ്വയംഭരണവും ഫെഡറൽ വ്യവസ്ഥയും ഇല്ലാതാക്കുന്നതാണിത്. അക്കാഡമിക് വിദഗ്ദ്ധരല്ലാത്തവരെ വൈസ്ചാൻസലറാക്കാനുള്ള വ്യവസ്ഥ സ‌ർവകലാശാലകളെ തകർക്കുമെന്നും സംസ്ഥാന സർക്കാരുകളെ വിശ്വാസത്തിലെടുക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി സുപ്രീംകോടതിയെ സമീപിക്കാനാണ് നീക്കം. ഹൈദരാബാദിലും ചെന്നൈയിലും ദേശീയ കൺവെൻഷൻ ഉടൻ ചേരും.

‘സംസ്ഥാനത്തിന്റെ സ്വന്തം യൂണിവേഴ്സിറ്രികളിൽ എല്ലാ നിയന്ത്രണവും കേന്ദ്രത്തിനാവും.

കരടു നയം നിയമപരമായി നിലനിൽക്കില്ല. ‘

-ഡോ.എം.സി.സുധാകർ

കർണാടക മന്ത്രി

‘സംസ്ഥാനങ്ങളെ വിരട്ടി സർവാധികാരം പിടിക്കാനുള്ള ശ്രമമാണ്. വേണമെങ്കിൽ പഠിക്ക്, അല്ലെങ്കിൽ പോവൂ എന്നതാണ് യു.ജി.സി നിലപാട്. ഉന്നത വിദ്യാഭ്യാസത്തെ തകർക്കുന്ന യു.ജി.സി നയത്തിനെതിരേ പോരാടും.’

-ഡോ. ഗോവി ചെഴിയാൻ

തമിഴ്നാട്

‘സംസ്ഥാനങ്ങൾ സ്വന്തം ആവശ്യങ്ങൾക്കനുസരിച്ചാണ് കോഴ്സുകളും കരിക്കുലവും സിലബസും

രൂപപ്പെടുത്തുന്നത്. യു.ജി.സി സംസ്ഥാനങ്ങളെ വിശ്വാസത്തിലെടുക്കണം. ‘

-ഭട്ടിവിക്രമാർക്കമല്ലു

തെലങ്കാന ഉപമുഖ്യമന്ത്രി

”യു.ജി.സിയുടെ കരടുനയം പിൻവലിക്കണം.ഉന്നതവിദ്യാഭ്യാസ മേഖലയിൽ കനത്ത പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നതാണിത്.”

-ഡോ.ആർ.ബിന്ദു

ഉന്നതവിദ്യാഭ്യാസമന്ത്രി


Source link

Related Articles

Back to top button