ഗവർണർമാർ യജമാനന്മാർക്കായി രാഷ്ട്രീയം കളിക്കുന്നു: മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഗവർണർമാർ തങ്ങളുടെ രാഷ്ട്രീയ യജമാനന്മാർക്കു വേണ്ടി രാഷ്ട്രീയം കളിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗവർണർമാരുടെ ജനാധിപത്യവിരുദ്ധ നിലപാടുകൾക്കെതിരേ നിരവധി സംസ്ഥാനങ്ങൾക്ക് കോടതിയെ സമീപിക്കേണ്ട സ്ഥിതിയുണ്ടായി. ചാൻസലർ പദവിയുപയോഗിച്ച് സർവകലാശാലകളിൽ ഗവർണർമാർ രാഷ്ട്രീയ ഇടപെടലുകൾ നടത്തുന്നതായും യു.ജി.സി കരടുനയത്തെക്കുറിച്ച് നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ സംഘടിപ്പിച്ച കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു.
വി.സി നിയമനത്തിന് സെർച്ച് കമ്മിറ്റിയുണ്ടാക്കാനുള്ള ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ അധികാരം ചാൻസലർക്ക് നൽകുകയാണ് യു.ജി.സി. തങ്ങളെ നിയമിച്ചവർക്ക് താത്പര്യമുള്ളവരെയാവും ഗവർണർമാർ വി.സിയായി നിയമിക്കുക. ഗവർണറുടെ ചാൻസലർ പദവിയൊഴിവാക്കാനടക്കം പാസാക്കിയ ബില്ലുകൾ മനപൂർവം വൈകിപ്പിച്ച് തീരുമാനമെടുത്തില്ല. സർവകലാശാലകളിൽ ഗവർണറുടെ രാഷ്ട്രീയ ഇടപെടലുകളെ ശക്തിപ്പെടുത്തുന്നതാണ് യുജിസി കരടുനയം. നിയമനിർമ്മാണം നടത്താനുള്ള സംസ്ഥാനങ്ങളുടെ അധികാരത്തെയടക്കം ഇല്ലാതാക്കുന്നതാണിത്.
വൈസ് ചാൻസലർമാരുടെ നിയമനത്തിൽ സംസ്ഥാന സർക്കാരുകളുടെ പങ്കിനെപൂർണമായും അവഗണിക്കുന്ന സമീപനമാണ് കരടിലുള്ളത്. വ്യവസായ മേഖലയിൽനിന്നോ, പൊതുഭരണത്തിൽനിന്നോ അടക്കം വൈസ് ചാൻസലർമാരെ നിയമിക്കാമെന്ന നിർദേശം അക്കാഡമിക് നിലവാരമില്ലാതാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
യുജിസി കരട് ഭേദഗതിക്കെതിരേ നിയമപരമായും ഭരണഘടനാപരമായും നീങ്ങണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ പറഞ്ഞു. മന്ത്രി ഡോ. ആർ ബിന്ദു ആമുഖ പ്രഭാഷണം നടത്തി. തെലങ്കാന ഉപമുഖ്യമന്ത്രി ഭട്ടി വിക്രമാർക്ക മല്ലു, കർണാടക ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. എം.സി സുധാകർ, തമിഴ്നാട് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ഗോപി ചെഴിയാൻ എന്നിവർ വിശിഷ്ടാതിഥികളായി.
Source link