ബിപി, പ്രമേഹം, കാൻസർ കണ്ടെത്താൻ സൗജന്യ പരിശോധന; കേന്ദ്രപദ്ധതിക്ക് തുടക്കം

ന്യൂഡൽഹി ∙ ജീവിതശൈലീ രോഗങ്ങളായ ഉയർന്ന രക്തസമ്മർദം, പ്രമേഹം, കാൻസർ തുടങ്ങിയവ കണ്ടെത്താൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം രാജ്യവ്യാപക പരിശോധന ആരംഭിച്ചു. 30 വയസ്സിനു മുകളിലുമുള്ള എല്ലാ പൗരൻമാരെയും പരിശോധിച്ച് ആരോഗ്യ വിവരങ്ങൾ ശേഖരിക്കുകയാണ് ലക്ഷ്യം.നാഷനൽ പ്രോഗ്രാം ഫോർ പ്രിവൻഷൻ ആൻഡ് കൺട്രോൾ ഓഫ് നോൺ കമ്മ്യൂണിക്കബിൾ ഡിസീസ് (എൻപി–എൻസിഡി) പദ്ധതിയുടെ ഭാഗമാണ് പരിശോധന. ഇന്നലെ മുതൽ ആരംഭിച്ച സൗജന്യ പരിശോധന മാർച്ച് 31 വരെ നീളും.എല്ലാ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും രക്തസമ്മർദം, പ്രമേഹം, ഓറൽ– സ്തന– സെർവിക്കൽ കാൻസറുകൾ എന്നിവ കണ്ടെത്താനുള്ള പ്രത്യേക സ്ക്രീനിങ് ഡ്രൈവ് നടത്തും. സംസ്ഥാനത്ത് ആശ വർക്കർമാർ വീടുവീടാന്തരം എത്തിയാവും പരിശോധിക്കുക. കൂടാതെ ആരോഗ്യ കേന്ദ്രങ്ങളിൽ നേരിട്ടെത്തിയും പരിശോധനയിൽ പങ്കെടുക്കാം. പരിശോധനയ്ക്കാവശ്യമായ ബിപി മോണിറ്ററുകളും ഗ്ലൂക്കോ മീറ്ററും മറ്റ് മെഡിക്കൽ ഉപകരണങ്ങളും അതതു സംസ്ഥാന സർക്കാരുകളാണ് സജ്ജീകരിക്കുന്നത്.വിവരങ്ങൾ തത്സമയം എൻപി–എൻസിഡി പോർട്ടലിൽ അപ്‍ലോഡ് ചെയ്യും. പൊതുജനങ്ങൾക്ക് സ്വന്തം വിവരങ്ങൾ പോർട്ടലിലൂടെ പരിശോധിക്കാനും സൗകര്യമുണ്ടാകും.
Source link