ബാലയ്ക്ക് പുതിയ കുരുക്ക്; അമൃത സുരേഷിന്റെ പരാതിയിൽ കേസ്, വിവാഹമോചന കരാറിൽ കൃത്രിമം കാണിച്ചു

കൊച്ചി: മുൻ ഭാര്യ അമൃത സുരേഷിന്റെ പരാതിയിൽ നടൻ ബാലയ്‌ക്കെതിരെ വഞ്ചനാ കുറ്റത്തിന് കേസെടുത്ത് പൊലീസ്. വിവാഹമോചനവുമായി ബന്ധപ്പെട്ട കോടതി രേഖകളിൽ കൃത്രിമം കാണിച്ചെന്ന പരാതിയിലാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ അപകീർത്തിപ്പെടുത്തിയെന്ന അമൃതയുടെ പരാതിയിൽ നേരത്തെ പൊലീസ് ബാലയെ അറസ്റ്റ് ചെയ്തിരുന്നു.
കോടതി രേഖയിൽ കാണിച്ച കൃത്രിമത്തിന്റെ പേരിൽ എറണാകുളം സെൻട്രൽ സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. കോടതിയിൽ സമർപ്പിച്ച വിവാഹ മോചന കരാറിന്റെ അഞ്ചാം പേജിൽ കൃത്രിമം കാണിച്ചെന്നാണ് പരാതിയിൽ പറയുന്നത്. ഈ പേജിൽ കുഞ്ഞുമായി ബന്ധപ്പെട്ട കാര്യങ്ങളാണുള്ളത്. ഇതിൽ അമൃതയുടെ ഒപ്പ് വ്യാജമായി ഇട്ടെന്നും പരാതിയിൽ പറയുന്നു. ബാല മകൾക്കുള്ള ഇൻഷൂറൻസുമായി ബന്ധപ്പെട്ട് തിരിമറി കാണിച്ചെന്നും അമൃത സുരേഷ് പറഞ്ഞു.
‘കഴിഞ്ഞ ഒരു കേസ് റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് അവരുടെ ഭാഗത്ത് നിന്ന് ചില രേഖകൾ ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ നിന്ന് നോട്ടീസ് വന്നിരുന്നു. കോടതിയിൽ സമർപ്പിച്ച രേഖകളിൽ ഞങ്ങളുടെ വിവാഹവുമായി ബന്ധപ്പെട്ട രേഖകളുണ്ടായിരുന്നു. ആ രേഖകൾ പരിശോധിച്ചപ്പോൾ അതിൽ ഒരു പേജിൽ മുഴുവൻ വേറെ കാര്യങ്ങളാണ്. എന്റെ ഒപ്പ് അടക്കം വ്യജമായി ചേർത്തിട്ടുണ്ട്.
മകൾക്ക് കൊടുത്തിരിക്കുന്ന ഒരു ഇൻഷൂറൻസ് പോളിസിയുണ്ട്. മകൾക്ക് പ്രായപൂർത്തിയായതിന് ശേഷം മാത്രം പണം പിൻവലിക്കണമെന്നാണ് കരാർ. ഇൻഷൂറൻസുമായി ബന്ധപ്പെട്ട് ബാങ്കിലേക്ക് വിളിച്ചപ്പോൾ, ആ ഇൻഷൂറൻസ് സറണ്ടർ ചെയ്തിരിക്കുകയാണെന്നും ആ പണം മുഴുവനായി എടുത്തെന്നും മനസിലായി. മകൾക്ക് പ്രായപൂർത്തിയായതിന് ശേഷം കിട്ടുന്ന കുറച്ചു പൈസയായിരുന്നു അത്. അതും എടുത്തെന്ന് പറയുമ്പോൾ വിഷമമുള്ള കാര്യമാണ്’- അമൃത സുരേഷ് പറഞ്ഞു.
Source link