KERALAM

35 കോടിയുടെ ബാദ്ധ്യത; പിഎ‌സ്‌സിയിലെ ശമ്പള വർദ്ധനവിന് മുൻകാല പ്രാബല്യമില്ല, പുതിയ തീരുമാനം

തിരുവനന്തപുരം: കേരള പബ്ലിക്ക് സർവീസ് കമ്മിഷൻ ചെയർമാൻ, അംഗങ്ങൾ എന്നിവർക്ക് മുൻകാല പ്രാബല്യത്തോടെ ശമ്പളം വർദ്ധിപ്പിക്കാനുള്ള തീരുമാനത്തിൽ മാറ്റം വരുത്തി. 2016 മുതൽ മുൻകാല പ്രാബല്യത്തോടെ ശമ്പളം വർദ്ധിപ്പിക്കുകയാണെങ്കിൽ സർക്കാരിന് വലിയ സാമ്പത്തിക ബാദ്ധ്യതയുണ്ടാകുമെന്ന വിലയിരുത്തലിനെ തുടർന്നാണ് നടപടി.

2016 മുതൽ മുൻകാല പ്രാബല്യത്തോടെ ശമ്പളം നൽകിയാൽ 35 കോടി രൂപയുടെ ബാദ്ധ്യത സർക്കാരിനുണ്ടാകും. ഇതോടെയാണ് വർദ്ധനവ് 2025 ജനുവരി മുതലാക്കി പുനക്രമീകരിക്കാൻ തീരുമാനമായത്. രാഷ്ട്രീയ നിയമനം നേടിയ പിഎസ്‌സി ചെയർമാനും 21 അംഗങ്ങൾക്കും ഒന്നര ലക്ഷത്തോളം രൂപയുടെ ശമ്പള വർദ്ധനവാണ് സർക്കാർ നടപ്പാക്കിയത്. ശമ്പളവും ആനുകൂല്യങ്ങളും പരിഷ്‌കരിക്കാൻ മന്ത്രിസഭായോഗമാണ് തീരുമാനിച്ചത്.

ചെയർമാന് ജില്ലാ ജഡ്ജിമാരുടെ സൂപ്പർടൈം സ്‌കെയിലിലെ പരമാവധി തുകയ്ക്കു തുല്യം ലഭിക്കും. അംഗങ്ങൾക്ക് ജില്ലാ ജഡ്ജിമാരുടെ സെലക്ഷൻ ഗ്രേഡ് സ്‌കെയിലിലെ പരമാവധി തുകയ്ക്കു തുല്യവും. സർക്കാരിന് നാലര കോടിയിലേറെ രൂപയുടെ അധികബാദ്ധ്യതയുണ്ടാകും. നിലവിൽ 2. 24 ലക്ഷമാണ് ചെയർമാന്റെ ശമ്പളം. ഇത് 3.81 ലക്ഷമാവും. അംഗങ്ങളുടേത് 2.19 ലക്ഷത്തിൽ നിന്ന് 3.73 ലക്ഷവുമാകും. 35000 രൂപ വീട്ടുവാടക. വാഹനബത്ത 10000 രൂപ. മുൻ ചെയർമാന് നിലവിലെ പെൻഷനായ 1.25ലക്ഷം ഇരട്ടിച്ച് 2.5 ലക്ഷമാകും. അംഗങ്ങളുടെ 1.20 ലക്ഷം പെൻഷൻ 2.25 ലക്ഷമാകും.

മറ്റ് സംസ്ഥാനങ്ങളിലെ സേവനവേതന വ്യവസ്ഥ പരിഗണിച്ചെന്നാണ് ന്യായം പറയുന്നത്. പക്ഷേ, കേരളത്തിൽ മാത്രമേ പിഎസ്‌സിക്ക് ഇത്രയും അംഗങ്ങളുള്ളൂ. തമിഴ്നാട്ടിൽ 14, കർണാടകത്തിൽ 13, യു.പിയിൽ 6 അംഗങ്ങൾ മാത്രം. വർദ്ധനയ്ക്ക് 2016 മുതൽ മുൻകാലപ്രാബല്യം ആവശ്യപ്പെട്ടിരുന്നു. അനുവദിച്ചാൽ ചെയർമാന് 1.75 കോടിയും അംഗങ്ങൾക്ക് 1.59കോടി വീതവും ലഭിക്കും. ഇതിന് മാത്രം 35.18 കോടി വേണ്ടിവരും. സിപിഎം, സിപിഐ, കേരള കോൺഗ്രസ് (എം), എൻസിപി പ്രതിനിധികളാണ് പിഎസ്‌സി മെമ്പർമാർ.


Source link

Related Articles

Back to top button