KERALAM

കോഴിക്കോട് അദ്ധ്യാപികയുടെ ആത്മഹത്യ; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു, റിപ്പോർട്ട് തേടി

കോഴിക്കോട്: കട്ടിപ്പാറയിൽ അദ്ധ്യാപിക ആത്മഹത്യ ചെയ്‌ത സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. സംഭവത്തിൽ പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്‌ടർ രണ്ടാഴ്‌ചയ്‌ക്കകം റിപ്പോർട്ട് നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് ഉത്തരവിടുകയായിരുന്നു. അടുത്ത മാസം 26ന് കോഴിക്കോട് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കാനാണ് തീരുമാനം.

കോഴിക്കോട് കട്ടിപ്പാറ സ്വദേശിയായ അദ്ധ്യാപിക അലീന ബെന്നിയാണ് മരിച്ചത്. വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. കോടഞ്ചേരി സെൻറ് ജോസഫ് എൽ പി സ്കൂളിലെ അദ്ധ്യാപികയാണ്. ആറ് വർഷമായി ശമ്പളം ലഭിക്കാത്തതിലുള്ള മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് അലീനയുടെ കുടുംബം ആരോപിച്ചു.

കോർപ്പറേറ്റ് മാനേജ്‌മെന്റിന് കീഴിലാണ് അലീന ജോലി ചെയ്തിരുന്നത്. കട്ടിപ്പാറയിലെ സ്‌കൂളിൽ അഞ്ച് വർഷം ജോലി ചെയ്ത അലീന കഴിഞ്ഞ ഒരു വർഷമായി കോടഞ്ചേരിയിലാണ് ജോലി ചെയ്യുന്നത്. അലീനയ്ക്ക് ജോലി സ്ഥിരപ്പെടുകയോ ശമ്പളം ലഭിക്കുകയോ ചെയ്തിരുന്നില്ല. കുറച്ചുനാളായി ഇതിന്റെ മനോവിഷമത്തിലായിരുന്നു അലീനയെന്ന് പിതാവ് ബെന്നി പറഞ്ഞു.

ദീർഘകാല അവധിയിലായിരുന്ന അദ്ധ്യാപിക ജോലിയിൽ നിന്നും രാജിവച്ചുണ്ടായ ഒഴിവിൽ അലീന ബെന്നിയ്ക്ക് 2021 മുതൽ സ്ഥിരനിയമനം ലഭിച്ചുവെങ്കിലും ഭിന്നശേഷി സംവരണം അടക്കം ചൂണ്ടിക്കാട്ടി വിദ്യാഭ്യാസ വകുപ്പ് അധികൃതർ നിയമനം അംഗീകരിക്കാൻ തയ്യാറായില്ല. അദ്ധ്യാപികയും പിതാവും ആവശ്യപ്പെട്ടതനുസരിച്ച് കോടഞ്ചേരി എൽപി സ്കൂളിൽ ഉണ്ടായ റഗുലർ തസ്തികയിലേക്ക് മാറ്റി നിയമനം നൽകുകയാണ് ഉണ്ടായതെന്നും കാത്തലിക് ടീച്ചേഴ്സ് മലബാർ മേഖല കമ്മിറ്റി പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു. അലീന ബെന്നിയ്ക്ക് നൽകിയത് സ്ഥിര നിയമനമാണെന്നും ഇതിനായി സംഭാവന സ്വീകരിച്ചില്ലെന്നും സ്കൂൾ മാനേജ്മെന്റ് അറിയിച്ചു.


Source link

Related Articles

Back to top button