KERALAM

കൗമുദി ടിവി വസ്തുതകൾ തുറന്നു കാട്ടുന്ന ചാനൽ: മന്ത്രി വാസവൻ

തിരുവനന്തപുരം: പാർശ്വവത്കരിക്കപ്പെട്ടവർക്കായി പോരാടുന്ന പത്രമാണ് കേരളകൗമുദിയെന്നും വസ്തുതകൾ ധീരതയോടെ വെളിച്ചത്തുകൊണ്ടുവരുന്ന ചാനലാണ് കൗമുദി ടി.വിയെന്നും മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. കൗമുദി ടി.വി സംപ്രേഷണം ചെയ്യുന്ന ‘അളിയൻസ് ‘ സീരിയൽ 1000 എപ്പിസോഡുകൾ പൂർത്തിയാക്കിയതിന്റെ ആഘോഷപരിപാടികളും കൗമുദി ടി.വിയുടെ 11-ാം വാർഷികവും കവടിയാർ ഉദയ് പാലസ് കൺവെൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

സ്വാതന്ത്ര്യപൂർവ കാലഘട്ടത്തിലെ അവകാശങ്ങൾക്കായുള്ള സമരമുഖങ്ങളിൽ കേരളകൗമുദി തൂലിക പടവാളാക്കി. സ്വാതന്ത്ര്യമെന്റെ ജന്മാവകാശമാണെന്ന് ഉറക്കെപ്പറഞ്ഞു. കൈയാമമെങ്കിൽ കൈയാമം, കൽതുറങ്കെങ്കിൽ കൽതുറങ്കെന്ന ധീരത കാട്ടി.

പത്രാധിപർ എന്നു കേട്ടാൽ അക്ഷരപ്രേമികളുടെ മനസിൽ അന്നും ഇന്നും ഓടിയെത്തുന്നത് കെ.സുകുമാരൻ എന്ന പേരാണ്. പത്രത്തിന്റെ അതേ പാരമ്പര്യമാണ് കൗമുദി ടി.വിയും പിന്തുടരുന്നത്. തെറ്റായ ബ്രേക്കിംഗ് ന്യൂസുകൾ നൽകി വാർത്തകൾ തിരുത്തേണ്ട ഗതികേട് കൗമുദി ടി.വിക്ക് ഉണ്ടായിട്ടില്ല. അളിയൻസ് വർത്തമാനകാലഘട്ടത്തിൽ വിനോദത്തിലൂടെ വിജ്ഞാനം പകരുന്നു. ലോകത്ത് ഏറ്രവുമധികം ആരാധകരുള്ള കലാകാരനാണ് സ്നേക്ക് മാസ്റ്റർ ഷോയുടെ അവതാരകൻ വാവ സുരേഷെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അളിയൻസ് ഡയറക്ടർ രാജേഷ് തലച്ചിറയെയും സ്‌നേക്ക് മാസ്റ്റർ അവതാരകൻ വാവ സുരേഷിനെയും ഡയറക്ടർ കിഷോർ കരമനയെയും മന്ത്രി ആദരിച്ചു. സ്‌നേക്ക്മാസ്റ്റർ യൂട്യൂബ് ഇംഗ്ലീഷ് പതിപ്പ് മന്ത്രി ലോഞ്ച് ചെയ്തു. ഇതിനുപിന്നിൽ പ്രവർത്തിച്ച കൗമുദി ടി.വി ഡിജിറ്റൽ ചീഫ് മാനേജർ വിഷ്ണുരാധാകൃഷ്ണൻ, ഡെപ്യൂട്ടി മാനേജർ ബാലു,സീനിയർ സോഷ്യൽ മീ‌ഡിയ അസോസിയേറ്റ് സിദ്ദാർത്ഥ് ജഗദീഷ്, ന്യൂസ് എഡിറ്റർ കെ.സി.അശോക് എന്നിവരും പങ്കെടുത്തു. മിൽമ ചെയർമാൻ കെ.എസ്.മണിയെ മന്ത്രി പൊന്നാടയണിയിച്ചു.

വ്യത്യസ്തമേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വനിതകളെ ഉൾപ്പെടുത്തി കേരളകൗമുദി തയ്യാറാക്കിയ ഐക്കോണിക്ക് വിമൻ എന്ന പുസ്തകത്തിന്റെ പ്രകാശനം സരസ്വതി എന്റർപ്രൈസസ് മാനേജിംഗ് പാർട്ണർ ഐശ്വര്യ എസ്. ദാസ്, യു.കെ ഏജൻസീസ് മാനേജിംഗ് ഡയറക്ടർ ശില്പ എന്നിവർക്ക് നൽകി കേരളകൗമുദി മാനേജിംഗ് ഡയറക്ടർ അഞ്ചു ശ്രീനിവാസൻ പ്രകാശനം ചെയ്തു. പരിപാടിയുടെ പ്രധാന സ്പോൺസറായ ചുങ്കത്ത് ജുവലറി ജനറൽ മാനേജർ ഷാനവാസ്, സഫയർ എൻട്രൻസ് കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ട് അക്കാഡമിക് കോഓർഡിനേറ്റർ ജി.അജിത്ത്കുമാർ,മരിയാസ് നാച്വറൽസ് എം.ഡി മരിയ സാജൻ,ബ്ളൂമൗണ്ട് സ്‌കൂൾ ചെയർമാൻ അഡ്വ.കെ വിജയൻ,ഫ്‌ളൈ ഓൺ ബാറ്ററീസ് മാനേജിംഗ് ഡയറക്ടർ ശ്രീരാജ് മോഹൻ,മുൻ ബി.എസ്.എഫ് ഡെപ്യൂട്ടി കമാൻഡന്റ് ശ്രീനിവാസൻ നായർ, ബംഗളൂരു കേരള സമാജം പ്രസിഡന്റ് സി.പി.രാധാകൃഷ്ണൻ എന്നിവരെ മന്ത്രി ആദരിച്ചു.

കേരളകൗമുദി യൂണിറ്റ് ചീഫ് എസ്. വിക്രമൻ,കൗമുദി ടിവിയുടെയും ഡിജിറ്റലിന്റേയും വാർത്താവിഭാഗം മേധാവി ലിയോ രാധാകൃഷ്ണൻ,കേരളകൗമുദി മാർക്കറ്റിംഗ് ജനറൽ മാനേജർമാരായ ഷിറാസ് ജലാൽ,അയ്യപ്പദാസ്,സുധീർകുമാർ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് പിന്നണി ഗായിക മൃദുല വാര്യർ നയിച്ച സംഗീതനിശ അരങ്ങേറി.

അളിയൻസ് ജനപ്രിയ സീരിയൽ:

മന്ത്രി ജി.ആർ.അനിൽ

അളിയൻസ് സീരിയലിന്റെ അഭിനേതാക്കളെയും അണിയറപ്രവർത്തകരെയും മന്ത്രി ജി.ആർ. അനിൽ ആദരിച്ചു. മലയാളികളുടെ മനസിൽ ആഴത്തിൽ പതിഞ്ഞതാണ് സാധാരണത്വമുള്ള അളിയൻസിലെ ഓരോ കഥാപാത്രങ്ങളുമെന്ന് മന്ത്രി പറഞ്ഞു.


Source link

Related Articles

Back to top button