‘പരിധി വിട്ട് ടിക്കറ്റ് വിറ്റതെന്തിന്?’: ന്യൂഡൽഹി ദുരന്തത്തിൽ റെയിൽവേയ്‌ക്കെതിരെ ഹൈക്കോടതി

ന്യൂഡൽഹി ∙ ന്യൂഡൽഹി റെയിൽവേ സ്‌റ്റേഷനിൽ തിക്കിലും തിരക്കിലുംപെട്ട് 18 പേർ മരിച്ച സംഭവത്തിൽ ഗുരുതര അനാസ്ഥയെ ഡൽഹി ഹൈക്കോടതി വിമർശിച്ചു. ഓരോ കോച്ചിലും ഉൾകൊള്ളാവുന്ന പരമാവധി യാത്രക്കാരുടെ കാര്യത്തിൽ കണക്കില്ലേയെന്നും കൂടുതൽ ടിക്കറ്റുകൾ നൽകിയത് എന്തിനാണെന്നും കോടതി ചോദിച്ചു. ചീഫ് ജസ്റ്റിസ് ഡി.കെ.ഉപാധ്യായയും ജസ്റ്റിസ് തുഷാർ റാവു ഗെഡേലയും അടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണു വിമർശനം.റെയിൽവേ സ്റ്റേഷനിലെ തിക്കും തിരക്കും ഒഴിവാക്കണമെന്നും സുരക്ഷാ നടപടികൾ സ്വീകരിക്കണമെന്നുമുള്ള പൊതുതാൽപര്യ ഹർജി പരിഗണിച്ച ഹൈക്കോടതി കേന്ദ്ര സർക്കാരിന്റെയും റെയിൽവേയുടെയും റെയിൽ ബോർഡിന്റെയും വിശദീകരണം തേടി. മാർച്ച് 26ന് കേസ് വീണ്ടും പരിഗണിക്കും.അപകടമുണ്ടായ ശനിയാഴ്ച 12, 13, 14, 15 പ്ലാറ്റ്‌ഫോമുകൾക്ക് ഉൾകൊള്ളാവുന്നതിൽ കൂടുതൽ ആളുകൾ തിങ്ങി നിറഞ്ഞിട്ടും ഓരോ മണിക്കൂറിലും ആയിരകണക്കിന് ജനറൽ ടിക്കറ്റുകൾ റെയിൽവേ വിറ്റിരുന്നു. വൈകിട്ട് ആറിനും എട്ടിനുമിടയ്‌ക്ക് ശരാശരി 6000 ടിക്കറ്റുകൾ വിൽക്കുന്നിടത്ത് 9600 ൽ അധികം ടിക്കറ്റുകൾ വിറ്റഴിച്ചെന്നും ഹർജിയിൽ പറയുന്നു. തിരക്കുള്ള സമയം കോച്ചുകൾ വർധിപ്പിക്കാനുള്ള നടപടി റെയിൽവേക്ക് സ്വീകരിക്കാമെന്നു കോടതി പറഞ്ഞു.
Source link