KERALAM

കേരള യൂണിവേഴ്സിറ്റിയിൽ `വിഴിഞ്ഞം’ കോഴ്സുകൾ,​ പ്ളസ് ടു  കഴിഞ്ഞവർക്ക് ചേരാം,​ വരുന്ന മാസങ്ങളിൽ തുടങ്ങും

എം.എച്ച്. വിഷ്‌ണു | Thursday 20 February, 2025 | 4:32 AM

തിരുവനന്തപുരം:വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട ആയിരക്കണക്കിന് തൊഴിലവസരങ്ങൾ മുന്നിൽ കണ്ട് കേരള യൂണിവേഴ്സിറ്റി കോഴ്സുകൾ ആരംഭിക്കുന്നു. തൊഴിലും അതിനാവശ്യമായ വൈദഗ്ദ്ധ്യവും സംബന്ധിച്ച് വിഴിഞ്ഞം തുറമുഖ കമ്പനിയായ വിസിലിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് സിലബസ് തയ്യാറാക്കും. ഡിപ്ലോമ, പി.ജി ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്സുകൾ വരുന്ന മാസങ്ങളിൽത്തന്നെ തുടങ്ങും.

കാര്യവട്ടത്തെ യൂണിവേഴ്സിറ്റി എൻജിനിയറിംഗ് കോളേജിൽ ആയിരിക്കും സാങ്കേതിക ഡിപ്ളോമ കോഴ്സുകൾ . തുറമുഖ വിദഗ്ദ്ധരെ `പ്രൊഫസർ ഓഫ് പ്രാക്ടീസ്’ പദവിയിൽ അദ്ധ്യാപകരാക്കും. വിദ്യാർത്ഥികൾക്ക് തുറമുഖത്ത് ഇന്റേൺഷിപ്പും നൽകുമെന്ന് വൈസ്ചാൻസലർ ഡോ.മോഹനൻ കുന്നുമ്മേൽ ‘കേരളകൗമുദി’യോട് പറഞ്ഞു. പ്ളസ് ടു കഴിഞ്ഞവർക്ക് വിവിധ കോഴ്സുകളിൽ ചേരാം. മിതമായ ഫീസായിരിക്കും.

പരമാവധി സർട്ടിഫിക്കറ്റ് കോഴ്സുകൾ തുടങ്ങാനാണ് നിതി ആയോഗിന്റെ നിർദ്ദേശം. ദേശീയറാങ്കിംഗിൽ രാജ്യത്ത് ഒമ്പതാം സ്ഥാനവും സംസ്ഥാന തലത്തിൽ ഒന്നാം റാങ്കുള്ളതിനാൽ കോഴ്സുകൾ യഥേഷ്ടം ആരംഭിക്കാം.

വിഴിഞ്ഞത്ത് 5000 അവസരം; ചുറ്റും പതിനായിരക്കണക്കിന്

#വിഴിഞ്ഞം സമ്പൂർണ തുറമുഖമാകുന്നതോടെ 5000 തൊഴിലവസരങ്ങളുണ്ടാവും. തുറമുഖ അധിഷ്ഠിത വ്യവസായങ്ങളിലും കൊല്ലം വരെയുള്ള വികസന മേഖലകളിലും പതിനായിരക്കണക്കിന് തൊഴിലുണ്ടാവും.വിദേശ തുറമുഖങ്ങളിലെ അവസരംകൂടി കണക്കിലെടുത്താൽ പ്രതിവർഷം ഒരുലക്ഷം ലോജിസ്റ്റിക് വിദഗ്ദ്ധരെ വേണം. ലോജിസ്റ്റിക്സ് ഹബ്ബുകൾ,വെയർഹൗസുകൾ,വ്യവസായ ക്ലസ്റ്ററുകൾ എന്നിവിടങ്ങളിലും അവസരങ്ങൾ

# ലോജിസ്റ്റിക്സ്, പോർട്ട്മാനേജ്മെന്റ്, കാർഗോ ഹാൻഡ്‌ലിംഗ്, ടാക്സ് പ്രാക്ടീസ്, അക്കൗണ്ടിംഗ് മാനേജ്മെന്റ്, ഡാറ്റാ മാനേജ്മെന്റ്, ഓട്ടോമേഷൻ, തുറമുഖസുരക്ഷ, ഇന്റർനാഷണൽട്രേഡ് കോഴ്സുകളാവും ആദ്യം തുടങ്ങുക. ജോലി ഉറപ്പുള്ള പോർട്ട്ആൻഡ് ഷിപ്പിംഗ് ഓപ്പറേഷൻസ്, സെയിൽസ്, മാർക്കറ്റിംഗ്, ഡോക്യുമെന്റേഷൻ, കസ്റ്റമർസർവീസ്, സപ്ലൈചെയിൻ എന്നിവയിലും കോഴ്സുകളുണ്ടാവും.

”തൊഴിൽമേഖലയ്ക്ക് ആവശ്യമായ കോഴ്സുകളാണ് തുടങ്ങുന്നത്. ഭാവിയിലെ ആവശ്യം മുന്നിൽകണ്ട് പരിശീലനം നൽകും.”

-ഡോ.മോഹനൻ കുന്നുമ്മേൽ

വി.സി, കേരള യൂണിവേഴ്സിറ്റി

2028

തുറമുഖത്തിന്റെ രണ്ടും മൂന്നും നാലും ഘട്ടങ്ങൾ പൂർത്തിയാവും


Source link

Related Articles

Back to top button