KERALAM

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് മൂന്ന് കോളേജ് വിദ്യാർത്ഥികൾ മരിച്ചു

​​​മൂന്നാർ:മാട്ടുപ്പെട്ടി എക്കോ പോയിന്റിന് സമീപം ടൂറിസ്റ്റ് ബസ് മറിഞ്ഞ് തമിഴ്നാട് സ്വദേശികളായ മൂന്ന് കോളേജ് വിദ്യാർത്ഥികൾ മരിച്ചു. 34 പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. തമിഴ്നാട് നാഗർകോവിൽ സ്‌കോട്ട് ക്രിസ്റ്റ്യൻ കോളേജിലെ രണ്ടാം വർഷ ബി.എസ്സി കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥികളും അദ്ധ്യാപകരും സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. നാഗർകോവിൽ കനകപ്പപുരം നോർത്ത് സ്ട്രീറ്റിൽ രമേഷിന്റെ മകൾ വേണിക (19), തിങ്കൾനഗർ മാൻകുഴി റോഡിൽ രാമുവിന്റെ മകൾ ആദിക (19), തിരുവരംഗനേരി ഏർവാടി നോർത്ത് സ്ട്രീറ്റിൽ സെന്തിൽകുമാറിന്റെ മകൻ സുധൻ നിത്യാനന്ദൻ (19) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ കെവിനെ (19) തേനി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദ്യാർത്ഥികളായ ശരണ്യ, പ്രിസില്ല, ബിനൂഷ, നിഷ, ധന്യ, ദിവ്യ, ജെബിൻ, ഗൗതം, രഞ്ജിത് കുമാർ, നരേഷ് ശങ്കർ, ബാഹിലൻ, അലൻ, വിഷാലിൻ, അശ്വിൻ, മോനിഷ്, അബിഷ്, ബെനിയൽ, ജാസ്ഫർ ജോഷ്, സെയ്യദ് ആരിഫ്, ഇസൈ, പ്രദീഷ് കുമാർ, ബാസ്റ്റിൻ, ഷാൻ ജെ. മെർലിൻ, അജിൻ, സുലൈമാൻ, റോബിൻ, വിനു, അഞ്ജിത, ദീപക്, അദ്ധ്യാപികയായ ഷീന, ക്ലീനർ ജെബിൻ കുമാർ എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു അപകടം. മാട്ടുപ്പെട്ടി സന്ദർശനം കഴിഞ്ഞ് കുണ്ടള ഡാം കാണുന്നതിനായി പോകുന്നതിനിടെ എക്കോ പോയിന്റിന് സമീപമുള്ള വളവിൽ നിയന്ത്രണം വിട്ട ബസ് റോഡിലേക്ക് മറിയുകയായിരുന്നു. ഉടൻ പ്രദേശവാസികളും മറ്റ് സഞ്ചാരികളും ചേർന്ന് പരിക്കേറ്റവരെ ട്രിപ്പ് ജീപ്പിലും മറ്റ് വാഹനങ്ങളിലുമായി മൂന്നാർ ടാറ്റാ ജനറൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. വേണിക സംഭവ സ്ഥലത്തും ആദിക ആശുപത്രിയിൽ വച്ചുമാണ് മരിച്ചത്. ഗുരുതര പരിക്കേറ്റ സുധനെ തേനി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടെ സ്ഥിതി മോശമായതിനെ തുടർന്ന് രാജാക്കാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചപ്പോഴാണ് മരിക്കുന്നത്. അമിത വേഗതയാണ് അപകട കാരണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അപകടസ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ട ഡ്രൈവർ പിന്നീട് മൂന്നാർ പൊലീസ് സ്റ്റേഷനിൽ ഹാജരായി. മരിച്ച വേണികയുടെയും ആദികയുടെയും മൃതദേഹം മൂന്നാർ ടാറ്റാ ജനറൽ ആശുപത്രിയിലും സുധന്റെ മൃതദേഹം രാജാക്കാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലും സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് അടിമാലി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.


Source link

Related Articles

Back to top button