എസ്.എഫ്.ഐക്കാർ ആരുടെയും ജീവനെടുത്തിട്ടില്ല : മുഖ്യമന്ത്രി

തിരുവനന്തപുരം : പല തരത്തിലുള്ള മർദ്ദനങ്ങൾ ഏറ്റുവാങ്ങി എസ്.എഫ്.ഐക്കാർ രക്തസാക്ഷികളായിട്ടുണ്ടെങ്കിലും ആരുടെയും ജീവനെടുത്തിട്ടില്ലെന്നും, ഇക്കാര്യത്തിൽ ഓരോ എസ്.എഫ്.ഐക്കാരനും അഭിമാനിക്കാമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എസ്.എഫ്.ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായ പൊതുസമ്മേളനം സെൻട്രൽ സ്റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം
. അക്രമം ആർക്കും സാധിക്കും എന്നാൽ ആ വഴിയിലേക്ക് തിരിയാത്തത് അഭിനന്ദനാർഹമാണ്. നല്ല രീതിയിൽ സംയമനത്തോടെ പ്രവർത്തിക്കുന്ന പ്രസ്ഥാനമാണിത്.ഒന്നിന്റെ മുന്നിലും പതറാതെ മുന്നോട്ടു പോയവരാണ് എസ്.എഫ്.ഐക്കാർ . പല കാലഘട്ടങ്ങളിൽ സർക്കാരുകളിൽ നിന്നും വിവിധ പ്രസ്ഥാനങ്ങളിൽ നിന്നും പൊലീസിൽ നിന്നും പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട് ഒരുകാലത്ത് എസ്.എഫ്.ഐയ്ക്ക് ക്യാമ്പസുകളിൽ സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയാത്ത സ്ഥിതിയുണ്ടായിരുന്നു. അന്ന് ക്യാമ്പസുകൾ ഭരിച്ചിരുന്ന വിദ്യാർത്ഥി പ്രസ്ഥാനം എന്ത് ക്രിമിനൽ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയിരുന്നു. അതിൽ നിരവധി എസ്.എഫ്.ഐക്കാർ രക്തസാക്ഷികളായി.
എസ്.എഫ്.ഐക്കാർ ആക്രമിക്കപ്പെട്ടാലോ ,കൊല ചെയ്യപ്പെട്ടാലോ പ്രശ്നമല്ലെന്ന നിലപാടാണ് വലതുപക്ഷ മാദ്ധ്യമങ്ങൾക്ക്. എസ്.എഫ്.ഐക്കെതിരെ എന്തെങ്കിലും പറയാൻ കിട്ടിയാൽ അത് പർവതീകരിച്ച് വാർത്തയാക്കും.എന്തിനെയും വക്രീകരിക്കുന്ന വലതുപക്ഷ മാദ്ധ്യമങ്ങൾ എസ്.എഫ്.ഐയെ എങ്ങനെയൊക്കെ മോശമാക്കി കാണിക്കാമെന്നാണ് ചിന്തിക്കുന്നത്. സർവ്വകലാശാലകളുൾപ്പെടെ കാവിവൽക്കരിക്കാൻ ശ്രമം നടക്കുന്ന ഈ കാലഘട്ടത്തിൽ എസ്.എഫ്.ഐ പോരാട്ടം തുടരണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് കെ.അനുശ്രീ അദ്ധ്യക്ഷത വഹിച്ചു. മന്ത്രി വി.ശിവൻകുട്ടി, സ്വാഗത സംഘം ചെയർമാൻ എം.വിജയകുമാർ, സംഘാടക സമിതി രക്ഷാധികാരി വി.ജോയി എം.എൽ.എ, എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോ, അഖിലേന്ത്യാ ജനറൽ സെക്രട്ടറി മയൂഖ് ബിശ്വാസ്, പ്രസിഡന്റ് വി.പി.സാനു, തമിഴ്നാട് പ്രസിഡന്റ് ഷംസീർ അഹമ്മദ്, സെക്രട്ടറി അരവിന്ദ് സ്വാമി, അഖിലേന്ത്യാ നേതാക്കളായ നിതീഷ നാരായണൻ, ആദർശ് എം.സജി, ദിനിത്ദണ്ഡ, ജില്ലാസെക്രട്ടറി എസ്.കെ.ആദർശ് തുടങ്ങിയവർ സംസാരിച്ചു. പൊതുസമ്മേളനത്തിന് മുന്നോടിയായി നടന്ന വമ്പിച്ച റാലിയിൽ നിരവധി വിദ്യാർത്ഥികൾ അണി നിരന്നു.
Source link