ബിജെപി ചിന്തിച്ചുറച്ച രേഖ; മറ്റൊരു സംസ്ഥാനത്തിനും അവകാശപ്പെടാനില്ല മുഖ്യമന്ത്രി പദത്തിൽ ഇത്രയും വനിതാ സാന്നിധ്യം

ന്യൂഡൽഹി ∙ സുഷമാ സ്വരാജിൽനിന്ന് ഷീലാ ദീക്ഷിതിലേക്ക്, അതിഷിയിൽനിന്ന് രേഖ ഗുപ്തയിലേക്ക്. മറ്റൊരു സംസ്ഥാനത്തിനും അവകാശപ്പെടാനില്ല മുഖ്യമന്ത്രി പദത്തിൽ ഇത്രയും വനിതാ സാന്നിധ്യം. അതിഷിയെ പ്രതിപക്ഷ നേതാവാക്കാൻ എഎപി തീരുമാനിച്ചാൽ, മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും വനിതയെന്ന പ്രത്യേകതയുമുണ്ടാവും. ഡൽഹിയിൽ ഇത്തവണ ബിജെപി ഭൂരിപക്ഷം നേടിയപ്പോൾ മുഖ്യമന്ത്രിസ്ഥാനത്തേക്ക് പാർട്ടിക്കു പുറത്ത് ആദ്യം കേട്ടത് 2 പേരുകളാണ്: പർവേശ് വർമ, രേഖ ഗുപ്ത. ജാട്ട് വിഭാഗക്കാരനെന്നതിനേക്കാൾ, അരവിന്ദ് കേജ്‌രിവാളിനെ തോൽപിച്ചു എന്നതാണ് പർവേശിന് പരിഗണിക്കപ്പെട്ട യോഗ്യത. സ്ഥാനമൊഴിയുന്നത് വനിതാ മുഖ്യമന്ത്രിയാണെന്നതും എഎപിയുടെ മറ്റു പ്രധാനികൾ തോറ്റതിനാൽ അതിഷി പ്രതിപക്ഷ നേതാവാകാനുള്ള സാധ്യതയും രേഖയുടെ പേരിനൊപ്പം പരിഗണിക്കപ്പെട്ടു.മുൻ മുഖ്യമന്ത്രി സാഹിബ് സിങ് വർമയുടെ മകനായ പർവേശിന് മന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിങ് എന്നിവരുമായുള്ള അടുപ്പം പാർട്ടിക്കാർ എടുത്തുപറഞ്ഞു. മാധ്യമങ്ങൾ പർവേശിന്റെ പേര് ഏതാണ്ട് ഉറപ്പിച്ചപ്പോൾ അത് പർവേശ് തന്നെ സൃഷ്ടിച്ചെടുക്കുന്ന അതിരുവിട്ട കളിയാണെന്ന് വിമർശനമുണ്ടായി. കൂടിക്കാഴ്ചയ്ക്ക് അമിത് ഷാ, പർവേശിനു സമയമനുവദിച്ചില്ലെന്ന വാർത്തയും പിന്നാലെ വന്നു. സംഘ് നിർദേശിച്ച പേര്; ബനിയ, സ്ത്രീവോട്ട് ഘടകം എബിവിപിയിൽ തുടങ്ങുന്ന സജീവ പ്രവർത്തനചരിത്രമുള്ള രേഖയ്ക്ക് ആർഎസ്എസിന്റെ പിന്തുണയുണ്ടെന്നു വ്യക്തമായിരുന്നു. സംഘ് രേഖയുടെ പേരു മാത്രമേ നിർദേശിച്ചുള്ളു എന്നാണ് സൂചന. ഏറെയും വ്യാപാര മേഖലയിലുള്ള ബനിയ വിഭാഗത്തിൽനിന്നാണ് രേഖ. ഡൽഹിയിൽ ഈ വിഭാഗം ഏതാണ്ട് 7% മാത്രമേയുള്ളു എങ്കിലും ബിജെപിയിൽനിന്ന് എഎപിയിലേക്ക് ഈ വിഭാഗം പിന്തുണ മാറ്റിയെന്ന വിലയിരുത്തൽ നേരത്തേയുണ്ടായിരുന്നു.
Source link