KERALAM

മത്സരത്തിനിടെ കൂട്ടിയിടി; ബയൺ മ്യൂണിച്ചിന്റെ മുൻ യുവതാരത്തിന് മസ്‌‌തിഷ്‌ക മരണം, ചൈനയിൽ എത്തിച്ചു

മഡ്രിഡ്: മത്സരത്തിനിടെ സഹതാരവുമായി കൂട്ടിയിടിച്ച ഫുട്‌ബോൾ താരത്തിന് മസ്‌തിഷ്‌ക മരണം സ്ഥിരീകരിച്ച് ഡോക്‌ടർമാർ. ജർമൻ ക്ളബായ ബയൺ മ്യൂണിച്ചിന്റെ യൂത്ത് ക്ളബ് ടീമിനായി കളിച്ചിരുന്ന ഗുവോ ജിയാക്‌സുവാനാണ് മസ്‌തിഷ്‌‌ക മരണം സംഭവിച്ചത്. ചൈനയിൽ നിന്നുള്ള പതിനെട്ടുകാരനായ താരം ടീമിൽ ഡിഫൻഡറായാണ് കളിച്ചിരുന്നത്.

ഫെബ്രുവരി ആറിന് സ്‌‌പെയിനിൽ നടന്ന പരിശീലന മത്സരത്തിനിടെ എതിർ ടീമിലെ കളിക്കാരന്റെ കാൽമുട്ട് മുഖത്തിടിച്ച് ഗുവോ ജിയാക്സുവാന് ഗുരുതര പരിക്കേൽക്കുകയായിരുന്നു. ബീജിംഗ് ഗുവാൻസിന്റെ അണ്ടർ 20 ടീമിലെ അംഗമായ താരം അൽകോബെൻഡാസ് ടീമിനെതിരെ കളിക്കുന്നതിനിടെയായിരുന്നു സംഭവം. ഉടൻ തന്നെ താരത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും കോമയിൽ പ്രവേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മസ്‌തിഷ്‌ക മരണം സംഭവിച്ചതായി ഡോക്‌ടർമാർ അറിയിച്ചത്. ഈ സാഹചര്യത്തിൽ ജീവൻരക്ഷാ ഉപകരണങ്ങൾ നീക്കം ചെയ്യാമെന്ന് ഡോക്‌ടർമാർ നിർദേശിച്ചെങ്കിലും താരത്തിന്റെ പിതാവ് വഴങ്ങിയില്ല. തുടർന്ന് താരത്തെ കഴിഞ്ഞദിവസം ബീജിംഗിൽ എത്തിച്ചു. അതേസമയം, ജിയാക്സുവാനിന്റെ നില കൂടുതൽ വഷളായതായും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.

ചൈനീസ് സൂപ്പർ ലീഗ് ക്ളബായ ബീജിംഗ് ഗുവാൻസിന്റെ അക്കാദമിയിലൂടെ ഉയർന്നുവന്ന ഗുവോ 2023ൽ ബയൺ മ്യൂണിക്കിന്റെ യൂത്ത് ടീമിൽ കളിച്ചിരുന്നു. രണ്ട് വർഷം മുൻപ് ബയൺ മ്യൂണിക് രൂപീകരിച്ച ലോക സ്‌ക്വാഡിൽ അംഗത്വം ലഭിച്ച ഏക ചൈനീസ് താരം കൂടിയാണ് ഗുവോ. ചൈനീസ് അണ്ടർ 17ന്റെ ടീമിലും താരം കളിച്ചിരുന്നു.


Source link

Related Articles

Back to top button